ന്യൂദല്‍ഹി: സൈന്യത്തിലേക്കുള്ള നിയമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച് അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം രൂക്ഷമാവുന്നു. കഴിഞ്ഞ രണ്ട് ദിവസമായി വിവിധ സംസ്ഥാനങ്ങളില്‍ തുടരുന്ന പ്രതിഷേധങ്ങള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്.സെക്കന്തരാബാദ് റയില്‍വേ സ്റ്റേഷന്റെ ഒന്ന് മുതല്‍ 10 വരെയുള്ള പ്ലാറ്റ്ഫോം പ്രതിഷേധക്കാര്‍ ആക്രമിച്ചു. ട്രാക്ക് ഉപരോധിച്ച പ്രതിഷേധക്കാര്‍ വന്‍ നാശനഷ്ടമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. സെക്കന്തരാബാദില്‍ ഒരാള്‍ മരിച്ചുവെന്നും 15 പേര്‍ക്ക് പരിക്കേറ്റുവെന്നും ദേശീയ ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ടുചെയ്തു. 350 ലേറെവരുന്ന പ്രതിഷേധക്കാരാണ് വെള്ളിയാഴ്ച രാവിലെ സെക്കന്തരാബാദ് റയില്‍വെ സ്റ്റേഷനിലെത്തിയത്. ഇവരെ നിയന്ത്രിക്കാന്‍ ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ സമയത്ത് സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ല.
റയില്‍വേ സ്റ്റേഷന്റെ പുറത്തേക്കും പ്രതിഷേധം വ്യാപിക്കുന്നുണ്ട്. ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. ഹൈദരാബാദ് നഗരത്തില്‍ വ്യാപക പ്രതിഷേധത്തിന് സാധ്യത കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിച്ചു. ഉത്തര്‍ പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളിലും വിവിധ പ്രദേശങ്ങളില്‍ വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറി. ബിഹാറില്‍ വിദ്യാര്‍ഥി സംഘടനകള്‍ ശനിയാഴ്ച്ച ബന്ദിന് ആഹ്വാനം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ബിഹാറിലെ 11 ജില്ലകളില്‍ ഇന്റര്‍നെറ്റ് സര്‍വിസ് വിഛേദിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ചില സ്ഥലങ്ങളില്‍ ബസുകള്‍ക്കുനേരേയും കല്ലേറുണ്ടായി. നാല് വര്‍ഷത്തിനുപകരം ദീര്‍ഘകാല സര്‍വീസ് ഉറപ്പാക്കുന്ന ആര്‍മി റിക്രൂട്ട്മെന്റ് ആവശ്യപ്പെട്ടാണ് യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുള്ളത്. അതിനിടെ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമാവുന്നതിനിടെ പദ്ധതിപ്രകാരമുള്ള റിക്രൂട്ട് മെന്റിന്റെ പ്രായപരിധി 21ല്‍ നിന്ന് 23 ആയി ഉയര്‍ത്തി. കഴിഞ്ഞ രണ്ട് വര്‍ഷമായി ആര്‍മിയിലേക്ക് റിക്രൂട്ട്മെന്റ് നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഈ മാറ്റം വരുത്തിയത്. അതിനിടെ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിവിധ പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
അതിനിടെ സൈന്യത്തെ കൂടുതല്‍ യുവത്വമാക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ പദ്ധതിയായ അഗ്നിപഥിനെതിരെ കുപ്രചരണം നടത്തി യുവാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് ആരോപിച്ചു ഇന്ത്യന്‍ സൈന്യം യുവത്വവല്‍ക്കരിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. തൊഴിലില്ലായ്മക്കെതിരെ സമരം ചെയ്യുന്ന യുവജസംഘടനകള്‍ കേന്ദ്രസര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അതിനെതിരെ സമരം ചെയ്യുന്നത് വഞ്ചനയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഈ പദ്ധതിയെ ട്രേഡ് യൂണിയന് കണ്ണിലൂടെയാണ് കോണ്‍ഗ്രസും സിപിഎമ്മും കാണുന്നത്. എന്നാല്‍ രാജ്യത്തിനായി സന്നദ്ധ സേവനത്തിനിറങ്ങുന്ന യുവാക്കളെ വാര്‍ത്തെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സൈന്യം എന്നത് സമര്‍പ്പിത മനോഭാവത്തോടെ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നവരാണെന്നും കൂലിതൊഴിലാളികള്‍ അല്ലെന്നും ഇടതുപക്ഷവും കോണ്‍ഗ്രസും മനസിലാക്കണം. ട്രെയിനും ബസും കത്തിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നവര്‍ക്ക് മുമ്പില്‍ മോദി സര്‍ക്കാര്‍ മുട്ടുമടക്കുകയില്ല. രാജ്യസ്നേഹവും മികച്ച ശാരീരികക്ഷമതയുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കാനുള്ള മോദി സര്‍ക്കാരിന്റെ ലക്ഷ്യം തടയാനാണ് രാഷ്ട്രവിരുദ്ധര്‍ ശ്രമിക്കുന്നത്. ഇത് വിലപ്പോവില്ലെന്നും സുരേന്ദ്രന് പറഞ്ഞു