ദ്രൗപതി മുര്‍മു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി

ന്യൂദല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഝാര്‍ഖണ്ട് മുന്‍ ഗവര്‍ണറും ഒഡീഷ മുന്‍ മന്ത്രിയുമായിരുന്ന ദ്രൗപതി മുര്‍മു ആണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി.20 പേരുകള്‍ ചര്‍ച്ചയായതില്‍ നിന്നാണ് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മുര്‍മുവിനെ തെരഞ്ഞെടുത്തത്.1958 ജൂണ്‍ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലായിരുന്നു ദ്രൗപതി മുര്‍മുവിന്റെ ജനനം. സന്താള്‍ വശജയാണ് ദ്രൗപദി. ജാര്‍ഖണ്ഡ് ഗവര്‍ണറാവുന്ന ആദ്യവനിതയും ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദ്യത്തെ ഒഡീഷ വനിതയുമാണ് മുര്‍മു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും ഗവര്‍ണര്‍ പദവിയിലേക്ക് എത്തിയ വനിത എന്ന സവിശേഷതയും മുര്‍മുവിനുണ്ട്. ഒഡീഷയില്‍ 2000 മുതല്‍ 2004 വരെയുള്ള കാലയളവില്‍ വാണിജ്യഗതാഗത വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ കൈകാര്യം ചെയ്തു. ഒഡീഷ മുന്‍ മന്ത്രിയാണ് ദ്രൗപതി മുര്‍മു. മികച്ച എം എല്‍ എയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് പരേതനായ ശ്യാം ചരണ്‍ മുര്‍മു.ഒഡീഷയില്‍ പാര്‍ട്ടിക്ക് അടിത്തറയിട്ട പ്രമുഖ നേതാക്കളില്‍ ഒരാള്‍ എന്ന നിലയിലാണ് മുര്‍മുവിനെ ബിജെപി വിശേഷിപ്പിക്കുന്നത്. ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച പേരെടുത്ത ശേഷമാണ് ബിജെപിയിലൂടെ മുര്‍മു വലിയ പദവികളിലേക്ക് വളര്‍ന്നത്. 2000 മുതല്‍ 2004 വരെ ഒഡീഷയിലെ റയ്‌റങ്ക്പൂര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു അവര്‍.
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഒഡീഷ മുന്‍ മന്ത്രിയുമായിരുന്ന ദ്രൗപതി മുര്‍മുവിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി . 20 പേരുകള്‍ ചര്‍ച്ചയായതില്‍ നിന്നാണ് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മുര്‍മുവിനെ തെരഞ്ഞെടുത്തത്. ദ്രൗപതി മുര്‍മു തന്റെ ജീവിതം സമൂഹത്തെ സേവിക്കുന്നതിനും ദരിദ്രരെയും അധഃസ്ഥിതരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനും സമര്‍പ്പിച്ച വ്യക്തിയാണ്. അവര്‍ക്ക് സമ്പന്നമായ ഭരണപരിചയമുണ്ട് കൂടാതെ ഗവര്‍ണര്‍ പദവിയും മികച്ച രീതിയില്‍ കൈകാര്യം ചെയ്തു. അവര്‍ നമ്മുടെ രാഷ്ട്രത്തിന്റെ ഒരു മികച്ച രാഷ്ട്രപതിയാകുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് മോദി പ്രതികരിച്ചു.