മുംബൈ: രാഷ്ട്രിയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ എകനാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ വിമത ശിവസേന എം എല്‍ എ മാര്‍ ഉന്നയിച്ച ആവശ്യത്തെ പരിഗണിക്കാമെന്ന സൂചന നല്കി ശിവസേന. എന്‍സിപി കോണ്‍ഗ്രസ് സംഖ്യം വിടാന്‍ തയ്യാറാണെന്ന് മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്ത് അറിയിച്ചു. മഹാവികാസ് അഘാടിയില്‍ നിന്ന് പുറത്തുപോകുന്നത് പരിഗണിക്കാന്‍ തയ്യാറാണ്. 24 മണിക്കുറിനുള്ളില്‍ വിമതര്‍ മടങ്ങിയെത്തണമെന്നും മുംബൈയില്‍ എത്തി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാവികാസ് അഘാടിയില്‍നിന്ന് പുറത്തുവന്ന് ബി ജെ പിയുമായി സഖ്യമുണ്ടാക്കണമെന്നതാണ് വിമത സേനാ എം എല്‍ എമാരുടെ ആവശ്യം. അതേസമയം സേന നേതാവ് സഞ്ജയ് റാവുത്തിന്റെ ഈ ആവശ്യം വിമത പക്ഷം നിരാകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ തങ്ങള്‍ സേനാ നേതാവ് ഉദ്ദവ് താക്കറെയെ പിന്തുണക്കുന്നതായി കോണ്‍ഗ്രസിന്റെയും എന്‍ സി പിയുടെയും നേതാക്കള്‍ വ്യക്തമാക്കി. അവസാന നിമിഷം വരെ ഉദ്ദവ് താക്കറെയെ പിന്തുണക്കുമെന്നും മഹാവികാസ് അഘാടി സര്‍ക്കാരിനെ നിലനിര്‍ത്തേണ്ടത് മൂന്ന് പാര്‍ട്ടികളുടെയും ഉത്തരവാദിത്വമാണെന്നും എന്‍ സി പി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ പറഞ്ഞു. അതിനിടെ 41 എം എല്‍ എമാര്‍ക്കൊപ്പമുള്ള വിമത നേതാവ് എകനാഥ് ഷിന്ദേയുടെ വിഡിയോ പുറത്തുവന്നു. അതേസമയം വിമത പക്ഷത്തും ഉദ്ദവ് താക്കറെ പക്ഷത്തുമുള്ള എം എല്‍ എമാരുടെ എണ്ണത്തെ കുറിച്ചുള്ള അവ്യക്തത തുടരുകയാണ്.
മഹാരാഷ്ട്ര സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിനുള്ള ബി ജെ പിയുടെ ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ കാര്‍ഗെ പറഞ്ഞു.
അതിനിടെ ശിവസേന എം എപിമാരും വിമത പക്ഷത്തേക്ക് ചേക്കേറിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഒരു ഡസനിലധികം എം പിമാര്‍ വിതപക്ഷത്തേക്ക് ചാഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.