മഹാരാഷ്ട്ര പ്രതിസന്ധി: രാജി പ്രഖ്യാപിച്ച് ഉദ്ദവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ ആഴ്ച്ചകളായി തുടര്‍ന്നുവന്നിരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് സമാപനം കുറിച്ചുകൊണ്ട് ശിവസേന നേതാവ് ഉദ്ദവ് താക്കറെ മുഖ്യമന്ത്രി പദം രാജിവെച്ചു. വ്യാഴാഴ്ച്ച ശിവസേന നേതൃത്വത്തിലുള്ള മുന്നണി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരായി ശിവസേന സുപ്രിംകോടതിയില്‍ നല്കിയ ഹര്‍ജി സുപ്രിംകോടതി തള്ളുകയും വിശ്വാസ വോട്ട് തേടണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഫേസ് ബുക്ക് ലൈവിലുടെ ഉദ്ദവ് താക്കറെ രാജി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പദം രാജിവെക്കുന്നതോടൊപ്പം മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ അംഗ്വത്വവും ഉദ്ദവ് താക്കറെ രാജിവെച്ചു. ബുധനാഴ്ച്ച വൈകിട്ട് അഞ്ചിന് ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി മൂന്നരമണിക്കൂര്‍ നീണ്ട വാദംകേള്‍ക്കലിന് ശേഷമാണ് ഹര്‍ജി തള്ളിയത്. തുടര്‍ന്ന് 9.30നാണ് ഫേസ്ബുക്ക് ലൈവില്‍ എത്തിയ ഉദ്ധവ് രാജിപ്രഖ്യാപിച്ചത്. സ്വന്തം ആളുകള്‍ പിന്നില്‍ നിന്നും കുത്തിയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. വ്യാഴാഴ്ച്ച വിശ്വാസവോട്ടെടുപ്പ് നടത്തിയാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഉദ്ധവ് ഉദ്ധവ് രാജി പ്രഖ്യാപിച്ചത്‌.