തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഈ വര്‍ഷം അവസാനം ആദ്യ കപ്പലടുക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പദ്ധതി പ്രദേശത്തെ 220 കെ.വി. ജി.ഐ.എസ്. ഇലക്ട്രിക് സബ്സ്റ്റേഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാലാവസ്ഥാ മാറ്റവും പാറ ലഭിക്കുന്നതിലെ പ്രയാസവുമുണ്ടാക്കിയ പ്രതിസന്ധികള്‍ തരണം ചെയ്ത് പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നു മന്ത്രി പറഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ട്രാന്‍സ്ഷിപ്മെന്റ് വ്യവസായത്തെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ വിഴിഞ്ഞത്തിനു കഴിയുമെന്നും മന്ത്രി പറഞ്ഞു.
നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ രാജ്യത്ത് തുറമുഖങ്ങളിലൂടെയുള്ള ചരക്കു കൈമാറ്റത്തിന്റെ 80 ശതമാനവും കൈകാര്യം ചെയ്യാന്‍ വിഴിഞ്ഞത്തിനു കഴിയുമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ധാരാളം അനുബന്ധ വ്യവസായങ്ങളും വരും. പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള ഏറ്റവും മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമാണു കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിനുണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ ബൃഹത്തായ പദ്ധതിക്കു രൂപംനല്കണമെന്ന് ചടങ്ങില്‍ പങ്കെടുത്ത ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
വിഴിഞ്ഞം മുക്കോലയിലാണു പുതിയ 220 കെ.വി. ജി.ഐ.എസ്. സബ്സ്റ്റേഷന് ആരംഭിച്ചിരിക്കുന്നത്. സബ്സ്റ്റേഷന് വളപ്പില്‍ നടന്ന ചടങ്ങില്‍ എം.വിന്‍സന്റ് എം.എല്‍.എ, കൗണ്‍സിലര്‍ ഓമന, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ്(വിസില്‍) മാനേജിങ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്, സി.ഇ.ഒ ജയകുമാര്‍, അദാനി വിഴിഞ്ഞം സി.ഇ.ഒ. രാജേഷ് ഝാ തുടങ്ങിയവര്‍ പങ്കെടുത്തു.