കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പുകളേയും കര്‍ഷകരേയും ബന്ധിപ്പിക്കാന്‍ നബാര്‍ഡ്

തിരുവനന്തപുരം: കാര്‍ഷിക മേഖലയിലെ വെല്ലുവിളികള്‍ക്ക് അത്യാധുനിക സാങ്കേതിക പ്രതിവിധികള്‍ ലഭ്യമാക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ്‌യുഎം) സ്റ്റാര്‍ട്ടപ്പുകളെ, കര്‍ഷകരുമായി ബന്ധിപ്പിക്കുന്നതിന് പിന്തുണയേകാന്‍ നബാര്‍ഡ് (നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ്). കെഎസ്‌യുഎം സംഘടിപ്പിച്ച നൂതന അഗ്രിടെക് ഉല്‍പ്പന്നങ്ങളുടെ വെര്‍ച്വല്‍ പ്രദര്‍ശനമായ ബിഗ് ഡെമോ ഡേയുടെ ഏഴാം പതിപ്പിലാണ് നബാര്‍ഡ് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ച നടന്നത്. നബാര്‍ഡ് ഡിജിഎം ഡോ. കെ സുബ്രമണ്യനും മലബാര്‍ റീജിയണല്‍ മേധാവി മുഹമ്മദ് റിയാസും ഓണ്‍ലൈനായി പങ്കെടുത്തു.കാര്‍ഷികമേഖല നേരിടുന്ന ഭൂരിഭാഗം പ്രശ്‌നങ്ങള്‍ക്കും അത്യാധുനിക സാങ്കേതിക പരിഹാരങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ചും നബാര്‍ഡിലൂടെ ലഭ്യമാക്കാനാകുന്ന വിവിധ പദ്ധതികളെക്കുറിച്ചും ധനസഹായങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഫ്യൂസ്ലേജ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ബഡ്‌മോര്‍ അഗ്രോ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, ടെക്വാര്‍ഡ് ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഓര്‍ഗാആയൂര്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, അല്‍കോഡെക്‌സ് ടെക്‌നോളജീസ്, സെന്റ് ജൂഡ്‌സ് ഹെല്‍ബല്‍ പ്രൈവറ്റ് ലിമിറ്റഡ്, കോര്‍ബല്‍, ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍, കണക്ട് വണ്‍, നവ ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍ എന്നീ അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി. 380 ലധികം പേര്‍ വെര്‍ച്വല്‍ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.
ആശയാവതരണങ്ങള്‍ക്കു പുറമേ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓസ്‌ട്രേലിയയില്‍ അവസരങ്ങളും സാധ്യതകളും തേടി ‘ഓസ്‌ട്രേലിയന്‍ – പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ വിപണി പ്രാപ്യമാക്കല്‍ ‘ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. രാജ്യാന്തര ഉപഭോക്താക്കളും നിക്ഷേപകരും പങ്കെടുത്ത പ്രദര്‍ശനത്തില്‍ 121 തത്സമയ ആശയവിനിമയങ്ങള്‍ നടന്നു. മലബാര്‍ ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക്, ഇന്ത്യന്‍ ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക്, സ്‌പെഷ്യാലെ ഇന്‍വെസ്റ്റ്, ബെന്‍സായ് 10 ഇന്‍വെസ്റ്റ്‌മെന്റ് വെഞ്ച്വേര്‍സ്, ഡിജിറ്റല്‍ ഫ്യൂച്ചറിസ്റ്റിക് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേര്‍സ് തുടങ്ങിയ ഏയ്ഞ്ചല്‍ നിക്ഷേപകര്‍ പങ്കെടുത്തു. കാര്‍ഷിക സര്‍വ്വകലാശാല, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷന്‍ സ്റ്റഡീസ്, കൃഷി വകുപ്പ്, സ്വകാര്യ – പൊതുമേഖലകളിലെ കാര്‍ഷിക അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു. ഫിന്‍ടെക് മേഖലയെ കേന്ദ്രീകരിച്ചുള്ള ബിഗ് ഡെമോ ഡേയുടെ എട്ടാം പതിപ്പ് ഒക്ടോബറില്‍ നടക്കും.