കെ എസ് ശബരീനാഥിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധ സമരങ്ങളുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധം നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മുന്‍ എം എല്‍ എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ എസ് ശബരീനാഥിന് കോടതി ജാമ്യം അനുവദിച്ചു. ശബരിനാഥിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന പ്രോസി ക്യൂഷന്‍ വാദം നിരാകരിച്ച കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഹാജരാക്കണം തുടങ്ങിയവയാണ് ഉപാധികള്‍.മുഖ്യമന്ത്രിക്കെതിരായി വിമാനത്തില്‍ നടന്ന പ്രതിഷേധവുമായിബന്ധപ്പെട്ട് ചാര്‍ജ് ചെയ്ത കേസിലെ നാലാം പ്രതിയാണ് ശബരീനാഥന്‍ ഗൂഢാലോചന നടത്തിയെന്നു കാട്ടി ഇന്നു രാവിലെയാണ് ശബരീനാഥനെ അറസ്റ്റു ചെയ്തത്. ഗൂഢാലോചന, വധശ്രമം, കൂട്ടംചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10ന് ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച നോട്ടിസിന്റെ അടിസ്ഥാനത്തില്‍ രാവിലെ 10.35 നാണ് ശബരീനാഥന്‍ സ്‌റ്റേഷനിലെത്തിയത്. 10.40 ന് അദ്ദേഹം ശംഖുമുഖം എസിപിയുടെ മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 11 ന് ശബരീനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വാദം ആരംഭിച്ചു. ഈ വാദത്തിടെ 11.10 ഓടെയാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ വിവരം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. കേസില്‍ വാദം തുടങ്ങിയപ്പോള്‍ ശബരീനാഥന്റെ അറസ്റ്റ് പാടില്ലെന്ന് കോടതി പൊലീസിനെ വാക്കാല്‍ അറിയിച്ചിരുന്നു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസില്‍ നിന്ന് സന്ദേശം ലഭിച്ചതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. 10.50 ന് ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി ശംഖുമുഖം എസിപി വ്യക്തമാക്കിയിരുന്നു. ഗൂഢാലോചനയില്‍ ശബരീനാഥനാണ് ‘മാസ്റ്റര്‍ ബ്രെയ്ന്‍’ എന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. വാട്‌സാപ് സന്ദേശം അയച്ചശേഷം ശബരീനാഥന്‍ ഒന്നാം പ്രതിയെ ഫോണില്‍ വിളിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം, ഫോണ്‍ ഉടന്‍ ഹാജരാക്കാമെന്ന് ശബരീനാഥന്‍ കോടതിയെ അറിയിച്ചു. വാട്‌സാപ് ഉപയോഗിച്ച ഫോണ്‍ പരിശോധിക്കണമെന്നും അതിന് കസ്റ്റഡി വേണമെന്നുമായിരുന്ന പ്രോസിക്യൂഷന്‍ നിലപാട്. വാട്‌സാപ് ഉപയോഗിച്ച ഫോണ്‍ മാറ്റിയെന്നും യഥാര്‍ഥ ഫോണ്‍ കണ്ടെടുക്കണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. മറ്റാര്‍ക്കെങ്കിലും സന്ദേശം അയച്ചോ എന്നും കണ്ടെത്തണം. പ്രതികള്‍ നാലുപേരും ചേര്‍ന്ന് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജൂണ്‍ 12നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് പ്രതിഷേധമുണ്ടായത്.

ശബരീനാഥിന്റെ അറസ്റ്റ് : പ്രതിഷേധാര്‍ഹമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിനാഥിനെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് രാഷ്ട്രീയപ്രേരിതമാണ്. ഇന്‍ഡിഗോ അന്വേഷണം നടത്തി കൂടുതല്‍ കുറ്റം ചെയ്തത് ജയരാജന്‍ ആണെന്ന് തെളിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് ജയരാജന് മൂന്നാഴ്ച വിലക്ക് ഏര്‍പ്പെടുത്തിയത്.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച മാത്രമേ വിലക്കുളളു. അപ്പോള്‍ കൂടുതല്‍ കുറ്റം ചെയ്ത് അവരെ അക്രമിച്ചത് ജയരാജന്‍ ആണെന്നിരിക്കെ എന്തുകൊണ്ട് ജയരാജന് എതിരെ കേസ് എടുക്കുന്നില്ല ? യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ ശബരിനാഥന്‍ മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി കോടതിയെ സമീപിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത നടപടി ഒരിക്കലും അംഗീകരിക്കുവാന്‍ കഴിയില്ല. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുവാന്‍ വേണ്ടി ചെയ്തതാണ്. ശക്തമായ പ്രതിഷേധം ഉയര്‍ത്തും. നിയമപരമായും രാഷ്ട്രീമായും ഇതിനെ പ്രതിരോധിക്കുവാനുളള നടപടിയുമായി മുന്നോട്ട് പോകും. സര്‍ക്കാര്‍ യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് മുഖം രക്ഷിക്കുവാന്‍ വേണ്ടിയാണ് ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്നത്. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലോടുകൂടി മുഖ്യമന്ത്രിയുടെ മുഖം നഷ്ടപ്പെട്ടു. അത് വീണ്ടെടുക്കുവാന്‍ വേണ്ടിയാണ് ഈ നടപടികളുമായി മുന്നോട്ടുപോകുന്നത്. ഇതെല്ലാം കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. കെപിസിസി പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചത് മാതൃകയാണ്. ആ മര്യാദ പോലും എംഎം മണി കാണിച്ചില്ല. എംഎം മണി തന്റെ വാക്കുകള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ഇതുവരെയും ആവശ്യപ്പെട്ടില്ല. അതാണ് ഞങ്ങളും അവരും തമ്മിലുളള വ്യത്യാസമെന്നും ചെന്നിത്തല പറഞ്ഞു