മെഡിസെപ് പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മെഡിസെപ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭാ സാമാജികര്‍ക്ക് മെഡിസെപ് പദ്ധതി പരിചയപ്പെടുത്തുന്നതിനായി നിയമസഭയില്‍ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചികിത്‌സയുടെ ഭാരിച്ച ചെലവിനു മുന്നില്‍ നിസഹായരായി നില്‍ക്കേണ്ടി വരുന്ന ധാരാളം ആളുകളും കുടുംബങ്ങളുമുണ്ട്. പട്ടിണി കിടക്കാന്‍ പാടില്ലെന്ന് പറയുന്നതുപോലെ രോഗമുണ്ടെങ്കില്‍ ചികിത്‌സിക്കാതിരിക്കുന്ന നിലയുണ്ടാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭാരിച്ച ചെലവ് താങ്ങാനാകാത്ത സ്ഥിതി വരുമ്പോള്‍ താങ്ങാവുന്നത് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയാണ്. അത്തരം ഒരു വിപുലീകരണമാണ്് ഈ പദ്ധതിക്ക് ഇനി ഉണ്ടാകേണ്ടത്. ആദ്യ ഘട്ടത്തില്‍ ജീവനക്കാരും പെന്‍ഷന്‍കാരുമാണ് ഇതിന്റെ ഭാഗമായി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മെഡിസെപ്പിനെക്കുറിച്ച് നല്ലതു പറയുന്നതിനൊപ്പം ഇതിനെ നല്ലതല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കാനിടയുണ്ട്. അത് ഗൗരവമായി കാണണം. ചില ആശുപത്രികളില്‍ ചികിത്‌സ കഴിയുമ്പോള്‍ ഒരു തുക അടയ്ക്കണമെന്ന് പറയുന്ന സ്ഥിതിയുണ്ടായേക്കാം. ഇത് പദ്ധതിയെ തകര്‍ക്കുന്നതിനിടയാക്കും. ഇത്തരം നടപടികളെ ഗൗരവമായി കാണും. നല്ല ആശുപത്രി എന്ന് പേരു കേട്ടവരും ഇത്തരം ചില നിലപാട് സ്വീകരിച്ചെന്നു വരാം. ഇത്തരം ദൗര്‍ബല്യങ്ങള്‍ മെഡിസെപ്പിന്റെ ഭാഗമായി ഉണ്ടാകാന്‍ പാടില്ല. അരെങ്കിലും ഇങ്ങനെയുള്ള തെറ്റായ നടപടിക്ക് ഇരയായാല്‍ പരാതി നല്‍കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരാതി ലഭിച്ചാല്‍ മാത്രമേ ഇടപെടാനാകൂ. ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകണം.

പദ്ധതി ആരംഭിച്ച് 19 ദിവസത്തില്‍ 5.31 കോടി രൂപയുടെ ആനുകൂല്യം നല്‍കിക്കഴിഞ്ഞു. ഈ മാസം 18 വരെ 1986 ക്‌ളെയിമുകള്‍ വന്നു. ഓരോ ദിവസവും ഏതാണ്ട് 29.5 ലക്ഷം രൂപയുടെ ആനുകൂല്യം ഇന്‍ഷ്വര്‍ ചെയ്തവര്‍ക്ക് ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മറ്റു മേഖലയിലേതു പോലെ ഈ രംഗത്തും സംസ്ഥാനം മാതൃകയായി മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. റവന്യു മന്ത്രി കെ. രാജന്‍ ആശംസ അറിയിച്ചു. മന്ത്രിമാര്‍, എം. എല്‍. എമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.