ഹര്‍ ഘര്‍ തിരംഗ: വീടുകളില്‍ ഉയര്‍ത്താന്‍ കുടുംബശ്രീ തുന്നുന്നു 50 ലക്ഷം ത്രിവര്‍ണ പതാകകള്‍

തിരുവനന്തപുരം: ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി സംസ്ഥാനത്തെ വീടുകളില്‍ ഉയര്‍ത്താന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 50 ലക്ഷം ദേശീയ പതാകകള്‍ ഒരുങ്ങുന്നു. ഓഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഈ പതാകകള്‍ പാറിപ്പറക്കും. കുടുംബശ്രീക്കു കീഴിലുള്ള 700ഓളം തയ്യല്‍ യൂണിറ്റുകളിലെ നാലായിരത്തോളം അംഗങ്ങള്‍ പതാക തയാറാക്കുന്ന തിരക്കിലാണ്.
ഏഴു വ്യത്യസ്ത അളവുകളില്‍ ഫ്ളാഗ് കോഡ് മാനദണ്ഡപ്രകാരം 3:2 എന്ന അനുപാതത്തിലാണു ദേശീയ പതാകകള്‍ നിര്‍മിക്കുന്നത്. 20 മുതല്‍ 120 രൂപ വരെയാണു വില. സ്‌കൂളുകള്‍ക്ക് ആവശ്യമായ പതാകകളുടെ എണ്ണം സ്‌കൂള്‍ അധികൃതരും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇല്ലാത്ത വീടുകളിലേക്ക് ആവശ്യമായ പതാകകളുടെ എണ്ണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അറിയിക്കുന്നതനുസരിച്ച് ജില്ലാ കുടുംബശ്രീ മിഷനുകളുടെ നേതൃത്വത്തിലാണു പതാക നിര്‍മാണം. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കാണു പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല.

ആവശ്യകതയനുസരിച്ച് പ്രതിദിനം മൂന്നു ലക്ഷം പതാകകള്‍ നിര്‍മിക്കുന്ന പ്രവര്‍ത്തനമാണു ഇപ്പോള്‍ പുരോഗമിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ത്തന്നെ പതാകകള്‍ സ്‌കൂളുകളിലേക്കും സ്ഥാപനങ്ങളിലേക്കും എത്തിക്കും. ജില്ലകളിലെ കുടുംബശ്രീ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികള്‍, യൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ഈ പരിപാടിയില്‍ പങ്കാളികളാകും. ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി സംസ്ഥാനത്തെ 45 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ വീടുകളിലും ദേശീയ പതാക ഉയര്‍ത്തും.
കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷനു കീഴില്‍ പാശ്ശാലയിലെ സി.എഫ്.സി. അപ്പാരല്‍ പാര്‍ക്കില്‍ 5000 പതാകകളുടെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്ന് യുണിറ്റ് അംഗം ഹരിത പറഞ്ഞു. 15 കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂട്ടായ്മയിലൂടെയാണ് പതാകകള്‍ തുന്നുന്നത്. ഒരാള്‍ക്ക് ഒരു ദിവസം 200 ത്രിവര്‍ണ പതാകകള്‍ നിര്‍മിക്കാന്‍ കഴിയുന്നുണ്ടെന്നും പാറശാല ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ആവശ്യമായ പതാകകള്‍ രണ്ടു ദിവസംകൊണ്ട് നിര്‍മിക്കാനാകുമെന്നും ഹരിത പറഞ്ഞു. പൂവാര്‍, വിഴിഞ്ഞം മേഖലയിലെ സ്‌കൂളുകളും പതാകകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമനുസരിച്ച് കൂടുതല്‍ പതാകകള്‍ നല്‍കാന്‍ യൂണിറ്റിനെ സജ്ജമാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ദേശീയ പതാകയ്ക്ക് ആദരവു നല്‍കുന്നതിനോടൊപ്പം പൗരന്‍മാര്‍ക്കു ദേശീയ പതാകയോടു വൈകാരിക ബന്ധം വളര്‍ത്തുന്നതിനും ദേശീയോദ്ഗ്രഥനത്തിനു പ്രചോദനം നല്‍കുന്നതിനും ലക്ഷ്യമിട്ടാണു ‘ഹര്‍ ഘര്‍ തിരംഗ’ രാജ്യവ്യാപകമായി ആചരിക്കുന്നത്.