തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായതിനെത്തുടര്‍ന്നു സംസ്ഥാനത്ത് ഇതുവരെ 5168 പേരെ സുരക്ഷിക കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. 178 ദുരിതാശ്വാസ ക്യാംപുകള്‍ ഇതിനായി തുറന്നു. മൂന്നു വീടുകള്‍ കൂടി ഇന്നു പൂര്‍ണമായും 72 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്തു പൂര്‍ണമായി തകര്‍ന്ന വീടുകളുടെ എണ്ണം 30 ആയി. 198 വീടുകള്‍ക്കു ഭാഗീക നാശനഷ്ടവുമുണ്ടായി.
തൃശൂരിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത്. ഇവിടെ 37 ക്യാംപുകളിലായി 1451 പേരെ മാറ്റി. തിരുവനന്തപുരത്ത് മൂന്നു ക്യാംപുകളിലായി 41 പേര് കഴിയുന്നുണ്ട്. പത്തനംതിട്ടയില്‍ 32 ക്യാംപുകളിലായി 645 പേരെയും ആലപ്പുഴയില്‍ ഒമ്പതു ക്യാംപുകളിലായി 167 പേരെയും കോട്ടയത്ത് 36 ക്യാംപുകളിലായി 783 പേരെയും മാറ്റിപ്പാര്‍പ്പിച്ചു.
ഇടുക്കിയില്‍ തുറന്ന ഏഴു ദുരിതാശ്വാസ ക്യാംപുകളിലേക്ക് 128 പേരെ മാറ്റിപ്പാര്‍പ്പിച്ചു. എറണാകുളത്ത് 19 ക്യാംപുകളില്‍ 687 പേരുണ്ട്. പാലക്കാട് മൂന്നു ക്യാംപുകളിലായി 57 പേരെയും മലപ്പുറത്ത് നാലു ക്യാംപുകളിലായി 58 പേരെയും കോഴിക്കോട് 10 ക്യാംപുകളിലായി 429 പേരെയും വയനാട് 13 ക്യാംപുകളിലായി 572 പേരെയും കണ്ണൂരില്‍ നാലു ക്യാംപുകളിലായി 105 പേരെയും കാസര്‍കോഡ് ഒരു ക്യാംപില്‍ 45 പേരെയും മാറ്റിപ്പാര്‍പ്പിച്ചു.
കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ ഓരോ വീടുകളാണ് ഇന്നു (03 ഓഗസ്റ്റ്) പൂര്‍ണമായി തകര്‍ന്നത്. തിരുവനന്തപുരം – 10, കൊല്ലം – 6, പത്തനംതിട്ട – 12, ആലപ്പുഴ – 8, ഇടുക്കി – 2, എറണാകുളം – 7, തൃശൂര്‍ – 13, പാലക്കാട് – 1, മലപ്പുറം – 2, കോഴിക്കോട് – 4, വയനാട് – 6, കാസര്‍കോഡ് – 1 എന്നിങ്ങനെയാണു വിവിധ ജില്ലകളില്‍ ഭാഗീകമായി തകര്‍ന്ന വീടുകളുടെ എണ്ണം.
സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പിന്റെ ഭാഗമായി നല്കിയ റെഡ് അലേര്‍ട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് ആയിരിക്കും. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ ആന്ധ്രാപ്രദേശിനും വടക്കന്‍ തമിഴ്നാടിനും സമീപത്തായി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി നിലനില്ക്കുന്നു. ഇതിന്റെ സ്വാധീനത്താല്‍ ഓഗസ്റ്റ് ഏഴു 7 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും (ഓഗസ്റ്റ് 03, 04) വരെയും കര്‍ണാടക തീരങ്ങളില്‍ ഇന്നു മുതല്‍ ഓഗസ്റ്റ് അഞ്ചു വരെയും മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കനത്ത മഴയെത്തുടര്‍ന്ന് ആലപ്പുഴ, കോട്ടയം ഇടുക്കി ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടമാര്‍ അവധി പ്രഖ്യാപിച്ചു.
ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റ് താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.
കോതമംഗലം മൂവാറ്റുപുഴ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന ജില്ലിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.
മഴക്കെടുതി; വിനോദസഞ്ചാരികളെ സുരക്ഷിത
കേന്ദ്രങ്ങളില്‍ എത്തിക്കണം: മുഖ്യമന്ത്രി
മഴക്കെടുതിയില്‍പ്പെടുന്ന വിനോദ സഞ്ചാരികളെ സുരക്ഷിതമായ സ്ഥലങ്ങളില്‍ എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ടൂറിസം കേന്ദ്രങ്ങളിലും റിസോര്‍ട്ടുകളിലും താമസിക്കുന്നവരെ അപകടകരമായ സ്ഥിതിയില്ലെങ്കില്‍ ഒഴിപ്പിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ജില്ലാ ഭരണ സംവിധാനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജാഗ്രത ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ ചീഫ് സെക്രട്ടറി വി.പി. ജോയ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.