*കഴക്കൂട്ടം ബൈപ്പാസ് കേരളപ്പിറവി ദിനത്തില്‍
തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 2025 ഓടുകൂടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. നടപടികള്‍ വേഗത്തിലാക്കുന്നതിനായി ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനവും സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ്. ആകെ 5,600 കോടിയോളം രൂപ ഇതിനായി ചെലവഴിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടും കൃത്യമായ അവലോകനം നടത്തിയുമാണ് മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ 73.72 കിലോമീറ്റര്‍ ദേശീയപാതയുടെ പ്രവൃത്തി പുരോഗതി നേരിട്ടെത്തി മന്ത്രി വിലയിരുത്തി.
മുക്കോല മുതല്‍ തമിഴ്നാട് അതിര്‍ത്തി വരെയുള്ള 16.2 കിലോമീറ്റര്‍ ദേശീയപാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. കഴക്കൂട്ടം മുതല്‍ കടമ്പാട്ടുകോണം വരെയുള്ള 29.83 കിലോമീറ്റര്‍ പാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് 48.75 കിലോമീറ്റര്‍ ദൂരത്തില്‍ ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
2.72 കിലോമീറ്റര്‍ ദൂരമുള്ള കഴക്കൂട്ടം ഫ്ളൈഓവര്‍ കേരളപ്പിറവി ദിനത്തില്‍ യാഥാര്‍ഥ്യമാകുമെന്നു മന്ത്രി പറഞ്ഞു. ഒക്ടോബര്‍ 31ന് തന്നെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇഞ്ചക്കല്‍ ഭാഗത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നിര്‍മിക്കുന്ന ഫ്ളൈഓവറിന്റെ പ്രവൃത്തി 2023 മാര്‍ച്ചില്‍ ആരംഭിച്ചു 2024 ല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കരാറുകാരുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ ദേശീയപാത അതോറിറ്റി തയ്യാറാകണം: മന്ത്രി
കരാറുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ ദേശീയപാത അതോറിറ്റിയും കേന്ദ്ര സര്‍ക്കാരും തയ്യാറാകണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. തെറ്റായ പ്രവണത പിന്തുടരുന്ന കരാറുകാരെ ബ്ലാക്ക് ലിസ്റ്റില്‍പെടുത്തണം. നെടുമ്പാശേരിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണു ഇരുചക്രവാഹന യാതക്കാരന് മരണമടഞ്ഞ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് പൊതുമരാമത്ത് പ്രവര്‍ത്തികളിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ പരാതി പറയാന്‍ ഫലപ്രദമായ സംവിധാനമാണ് സ്വീകരിച്ചിട്ടുള്ളത്. പരിപാലന കാലാവധി, കരാറുകാരന്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരും ഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 3000 ത്തിലധികം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ മാതൃക പിന്തുടരാന് ദേശീയപാത അതോറിറ്റിയും കേന്ദ്രസര്‍ക്കാരും തയ്യാറാകണം. എന്നാല്‍ വീഴ്ച വരുത്തുന്ന കരാറുകാരോട് മൃദു സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.