തിരുവനന്തപുരം: അക്രിലിക് നിറചാരുതയില്‍ വിരിഞ്ഞ തന്റെ ഛായാ ചിത്രം മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റുവാങ്ങുമ്പോള്‍ ആ മുഖത്ത് പതിവിലും കവിഞ്ഞ കൗതുകം. പത്താം ക്ലാസുകാരനില്‍ നിന്നു പ്രതീക്ഷിക്കാവുന്നതിനെക്കാള്‍ ഭംഗിയുള്ള ചിരിക്കുന്ന തന്റെ ചിത്രം ഏറ്റു വാങ്ങി മുഖ്യമന്ത്രി ആ കുട്ടിയോട് പേര് ചോദിച്ചു. സദസ്സ് ഒന്നടങ്കം കയ്യടിച്ചാണ് ഈ രംഗം കണ്ടു നിന്നത്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ ചില്‍ഡ്രണ്‍സ് ഹോമിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഫെസ്റ്റ് ഓഫ് ഹാപ്പിനസ് മേളയുടെ സമാപന സമ്മേളന ചടങ്ങായിരുന്നു വേദി.
തലശ്ശേരിയില്‍ നിന്ന് ശിവ എന്ന കൊച്ചു മിടുക്കന് തലസ്ഥന നഗരിയില്‍ തന്റെ കൂട്ടുക്കാര്‍ക്കൊപ്പം എത്തുമ്പോള്‍ ഒരിക്കലും ചിന്തിക്കുക പോലും ചെയ്തിട്ടുണ്ടായിരുന്നില്ല മുഖ്യമന്ത്രിയെ ഇത്ര അടുത്തു കാണാമെന്ന്.
ഫുട്ബോളിനെ പ്രണയിക്കുന്ന ശിവയ്ക്ക് ചില്‍ഡ്രന്‍സ് ഹോമിലെ കെയര്‍ ടേക്കറായ ശ്രീലേഷ് ആണ് പെയിന്റിംഗ് ലോകത്തേക്കുള്ള വഴി കാട്ടിയത്.വരകളുടെയും നിറങ്ങളുടെയും ലോകത്ത് ശിവയുടെ മാന്ത്രിക വിരലുകള്‍ ചിത്രരചനയുടെ നിയമങ്ങള്‍ ലംഘിച്ച് മാജിക് തീര്‍ക്കുന്നത് കൗണ്‍സിലര്‍ നീതുവും അവന്റെ ഡ്രോയിംഗ് മാഷും ഒക്കെ വിസ്മയത്തോടെ കണ്ടു നിന്നു.
പേപ്പറില്‍ വരച്ചു തീര്‍ക്കുന്ന ചിത്രങ്ങള്‍ കണ്ട് ഹോമിലെ ചുമര് ഭിത്തി തന്നെ ശിവയ്ക്ക് നല്‍കിയാണ് അവന്റെ കഴിവിനെ ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍ പ്രോത്സാഹിപ്പിച്ചത് പിന്നീട് അത് ക്യാന്‍വാസിലേക്ക് മാറി. പെയിന്റ് കൂട്ടുകളടക്കം വരയ്ക്കാന്‍ ആവശ്യമായതൊക്കെ ശ്രീലേഷും നീതുവും എത്തിച്ചു നല്കി. സന്ദര്‍ശനത്തിനെത്തുന്ന പ്രമുഖരില്‍ പലരും ശിവയുടെ പെയിന്റിംഗുകള്‍ നല്ല വില നല്കി വാങ്ങിക്കുന്നു.
ഫെസ്റ്റ് ഓഫ് ഹാപ്പിനെസ്സിന്റെ പ്രദര്‍ശന സ്റ്റോളുകളിലും ശിവയുടെ ഒരു പിടി ചിത്രങ്ങളുണ്ട്. മുഖ്യമന്ത്രിയുടെ പെയിന്റിംഗിനൊപ്പം ബുദ്ധനും,പെണ്‍കുട്ടിയും പോലുള്ള വിവിധ തരത്തിലുള്ള ചിത്രങ്ങള്‍.സ്റ്റോളിലെത്തുന്ന സന്ദര്‍ശകരില്‍ പലരും കൗതുകത്തോടെ വീക്ഷിക്കുന്നത് ചിത്രം വരയുടെ പാഠങ്ങളൊന്നും പഠിച്ചിട്ടില്ലാത്തൊരു പത്താംക്ലാസുകാരന്റെ കഴിവാണെന്ന് തിരിച്ചറിയാന്‍ നിശാഗന്ധി ഒരുക്കിയ സന്ദര്‍ഭമായിരുന്നു മുഖ്യമന്ത്രിക്കൊപ്പം ശിവ ചെലവിട്ട നിമിഷങ്ങള്‍.
മുഖ്യമന്ത്രി എന്റെ പേര് ചോദിച്ചു; അതിലും വലുത് എന്താ? പതിവു പുഞ്ചിരി കൈവിടാതെ മുഖ്യമന്ത്രി ചിത്രത്തിനു താഴെ ഒപ്പു ചാര്‍ത്തി. പറയുമ്പോള്‍ ഭാവിയില്‍ ഐപിഎസുകാരനാകാന് കൊതിക്കുന്ന ശിവ പെയിന്റിംഗ് ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പ് നല്‍കിയാണ് മടങ്ങിയത്.
കുട്ടികള്‍ക്കൊപ്പം അമ്മമാരുടെ കഴിവുകളും പ്രദര്‍ശിപ്പിച്ച് ‘ഡി ആര്‍ട്ട്’് സ്റ്റോള്‍
ഫെസ്റ്റ് ഓഫ് ഹാപ്പിനെസ്സില്‍ ജില്ലകളിലെ സ്റ്റോളുകള്ക്കൊപ്പം ശ്രദ്ധയാകര്‍ഷിച്ച് ഡിഫറന്റ് ആര്‍ട്ട് സെന്റര്‍. കഴക്കൂട്ടം കിന്‍ഫ്രാ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന സ്ഥാപനത്തിലെ കുട്ടികള്‍ക്കൊപ്പം അമ്മമാരുടെ കഴിവും കൂടി സംഗമിച്ച സ്റ്റോളില്‍ പ്ലാന്റ് പോട്ടസ്, കുടകള്‍, പേന, കരകൗശല വസ്തുക്കള്‍, പാവകള്‍, ക്രാഫ്റ്റഡ് ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി നിരവധി വസ്തുക്കളുമായി പ്രദര്‍ശനത്തില്‍ കൗതുകമായി.കുട്ടികളെ സെന്ററിലെത്തിച്ച ശേഷം അവിടെ തന്നെ തങ്ങേണ്ടി വരുന്ന ഇവിടുത്തെ അമ്മമാര്‍ക്ക് തങ്ങളുടെ സമയം ചെറിയ രീതിയിലുള്ള വരുമാനമാര്‍ഗ്ഗത്തിനായി വിനിയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ പ്രവര്‍ത്തനങ്ങള്‍. കരിഷ്മ സെന്റര്‍ എന്ന പേരില്‍ സജ്ജീകരിച്ചിരിക്കുന്ന സംവിധാനത്തില്‍ അമ്മമാര്‍ക്ക് ചെറിയ തോതില്‍ വരുമാനമുണ്ടാക്കാന്‍ സാധിക്കുന്നു.നബാര്‍ഡിന്റെ നേതൃത്വത്തില്‍ കുട നിര്‍മ്മാണം, ക്രാഫ്റ്റ് പോലുള്ള വിഷയങ്ങളില്‍ പരിശീലനവും ഇവര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.
ഫെസ്റ്റ് ഓഫ് ഹാപ്പിനെസ് പ്രദര്‍ശന സ്റ്റോളുകളില്‍ ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ കുട്ടികള്‍ നിര്‍മ്മിച്ച വസ്തുക്കള്‍ക്കൊപ്പം കരിഷ്മ സെന്ററില്‍ അമ്മമാര്‍ തയ്യാറാക്കിയവയും അണിനിരന്നു. രണ്ട് ദിവസവും ഈ സ്റ്റോളില്‍ വലിയ രീതിയിലുള്ള ജനത്തിരക്കാണ് അനുഭവപ്പെട്ടത്.