ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയില്‍; കേന്ദ്ര സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

കായംകുളം: രാജ്യത്തെ യുവാക്കളെ കേന്ദ്ര സര്‍ക്കാര്‍ വഞ്ചിച്ചതായി രാഹുല്‍ ഗാന്ധി. റയില്‍വേയിലടക്കം നിലവിലുള്ള ഒഴിവുകള്‍ പോലും നികത്തുന്നില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുമെന്ന് അദ്ദേഹം യുവാക്കള്‍ക്ക് ഉറപ്പ് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം തൊഴിലില്ലായ്മാ ദിനമായി കോണ്‍ഗ്രസ് ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സംവാദം.
ഭാവിയില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നഷ്ടപ്പെട്ട തൊഴിലവസരങ്ങളെല്ലാം വീണ്ടെടുക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഉല്‍പാദനം കുറഞ്ഞതും കേന്ദ്ര സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാത്തതും വലിയ പ്രതിസന്ധിയുണ്ടാക്കുന്നതായും രാഹുല്‍ പറഞ്ഞു. ലക്ഷക്കണക്കിനു ചെറുകിട ഇടത്തരം സംരംഭങ്ങളാണ് നോട്ട് നിരോധനം മൂലം ഇല്ലാതായത്. അവിടങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ വഴിയാധാരമായെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. എഐസിസി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡിസതീശന്‍, എംഎല്‍എമാരായ രമേശ് ചെന്നിത്തല, പിസിവിഷ്ണുനാഥ് എന്നിവരും പങ്കെടുത്തു.രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ആലപ്പുഴ ജില്ലയില്‍ പര്യടനം ആരംഭിച്ചു. ഇന്നലെ കൊല്ലം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി രാവിലെ എട്ടിന് ജില്ലാ അതിര്‍ത്തിയായ കൃഷ്ണപുരത്ത് വെച്ചായിരുന്നു ജില്ലയിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായ സ്വീകരണം. അടുത്ത മൂന്ന് ദിവസം യാത്ര ജില്ലയിലൂടെ കടന്നുപോകും. ഭാരത് ജോഡോ യാത്ര സെപ്തംബര്‍ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിലാണ് തുടക്കം കുറിച്ചത്.