അതിതീവ്ര മഴ: പൊതുമരാമത്ത് വകുപ്പിന് 300 കോടിയുടെ നഷ്ടമുണ്ടായതായി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ അതിതീവ്ര മഴ കാരണം ഈ വര്‍ഷം പൊതുമരാമത്ത് വകുപ്പിന് 300 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തില്‍ പൊതുമരാമത്ത് വകുപ്പിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പൊതുമരാമത്ത് മന്ത്രിയോട് പരാതികള്‍ പറയാനുള്ള ‘റിംഗ് റോഡ്’ ഫോണ്‍ഇന്‍ പരിപാടിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരാഴ്ച ലഭിക്കേണ്ട മഴ ഇപ്പോള്‍ ഒന്ന്, രണ്ട് ദിവസത്തില്‍ കിട്ടുന്ന അവസ്ഥയാണ്. മഴയുടെ പാറ്റേണില്‍ മാറ്റം വന്നിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജൂലായ് ഒന്നു മുതല്‍ 11 വരെ 373 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഇത് സാധാരണഗതിയില്‍ ലഭിക്കേണ്ട മഴയുടെ അളവിനേക്കാള്‍ 35 ശതമാനം കൂടുതലാണ്. ഓഗസ്റ്റ് 1 മുതല്‍ 5 വരെ ലഭിച്ച മഴ 126 ശതമാനം അധികമാണ്. ഓഗസ്റ്റ് 22 മുതല്‍ 24 വരെ 190 ശതമാനം അധികം മഴയും ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ 167 ശതമാനം അധികം മഴയുമാണ് സംസ്ഥാനത്ത് ലഭിച്ചത്. പ്രതിദിന മഴയുടെ പാറ്റേണില്‍ വലിയ മാറ്റം സംഭവിച്ചത് പ്രധാനപ്പെട്ട കാര്യമാണ്. അതി തീവ്ര മഴയുടെ അളവ് ഉള്‍ക്കൊള്ളാന്‍ ഭൂമിക്കും റോഡിന്റെ ഇരുവശത്തുമുള്ള ഓവുചാലുകള്‍ക്കും കഴിയാതെ വന്ന് റോഡുകള്‍ തകരുന്നു. ഇക്കാര്യം നാം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യണമെന്നും ഭാവിയില്‍ പുതിയ സാങ്കേതികവിദ്യ റോഡ് നിര്‍മാണത്തിനായി ഉപയോഗപ്പെടുത്തി ശാശ്വത പരിഹാരം കാണേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
12 റിംഗ് റോഡ് ഫോണ്‍ഇന്‍ പരിപാടികളാണ് കഴിഞ്ഞ 15 മാസങ്ങള്‍ക്കിടെ നടത്തിയത്. ഇതുവരെ പൊതുമരാമത്ത് വകുപ്പുമായി മാത്രം ബന്ധപ്പെട്ട് 270 ഓളം പരാതികള്‍ ലഭിച്ചു. ഇതില്‍ വലിയ ശതമാനം പരിഹരിക്കാന്‍ സാധിച്ചതായി മന്ത്രി റിയാസ് പറഞ്ഞു. ശനിയാഴ്ച നടന്ന ഫോണ്‍ഇന്‍ പരിപാടിയില്‍ 22 പരാതികളാണ് വന്നത്. ഇതില്‍ 19 പരാതികള്‍ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടതാണ്. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ ആ വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും കരാറുകാരില്‍ ഭൂരിഭാഗം പേരും നല്ല രീതിയില്‍ കാര്യങ്ങള്‍ നടന്നു പോകണം എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ന്യൂനപക്ഷം തെറ്റായ പ്രവര്‍ത്തനങ്ങള്‍ പിന്തുടരുന്നുണ്ട്. എന്നാല്‍ ഇതു വച്ച് മൊത്തം വകുപ്പ് പ്രശ്‌നമാണ് എന്ന് പ്രചാരണം നടത്തുന്നത് ശരിയല്ല. തെറ്റായ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് റോഡ് നിര്‍മാണത്തിലോ അറ്റകുറ്റപ്പണിയിലോ വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയാല്‍ അത് ഗൗരവമായി കണ്ട് നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു.