ആലപ്പുഴ: പുന്നമട കായലിലെ ഓളപ്പരപ്പില്‍ ഉയര്‍ന്ന് താഴുന്ന തുഴകളുടെ ആവേശം തൊട്ടറിഞ്ഞ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പര്യടനവേളയിലാണ് വള്ളക്കളിയുടെ അവേശം അടുത്തറിയാന്‍ രാഹുല്‍ ഗാന്ധിയെത്തിയത്. കയ്യടിയും ആര്‍പ്പുവിളിയും വള്ളപ്പാട്ടും എല്ലാം ചേര്‍ന്ന ഊര്‍ജത്തിന്റെ പരകോടിയില്‍ തുഴച്ചിലുകാര്‍ക്കൊപ്പം അദ്ദേഹവും അലിഞ്ഞുചേര്‍ന്നു. ആര്‍പ്പോവിളികളോടെയാണ് രാഹുല്‍ ഗാന്ധിയെ വള്ളത്തിലേക്ക് ടീം അംഗങ്ങള്‍ സ്വീകരിച്ചത്. കേരള ടൂറിസം നേരിടുന്ന വെല്ലുവിളികളെയും പരിഹാരമാര്‍ഗങ്ങളെയും കുറിച്ച് ഹൗസ് ബോട്ട് ഓപ്പറേറ്റേഴ്സുമായി പങ്കുവെച്ചശേഷമാണ് രാഹുല്‍ ഗാന്ധി ചുണ്ടന് വള്ളം തുഴയാനെത്തിയത്.
നടുവിലെപറമ്പന്‍,ആനാരി,വെള്ളംകുളങ്ങര എന്നീ മൂന്ന് ചുണ്ടന് വള്ളങ്ങളാണ് വള്ളംകളി മത്സരത്തില്‍ പങ്കെടുത്തത്. ഇതില്‍ രാഹുല്‍ ഗാന്ധി തുഴഞ്ഞ നടുവിലെപറമ്പനാണ് ഒന്നാംസ്ഥാനാത്ത് എത്തിയത്. രാഹുല്‍ ഗാന്ധിയെ പദയാത്രയില്‍ അനുഗമിക്കുന്ന ഐ ഐ സിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തുഴഞ്ഞ ആനാരിവള്ളം രണ്ടാംസ്ഥാനത്തും എത്തി. തൊട്ടുപിറകിലായി വെള്ളംകുളങ്ങരയും ഫിനിഷ് ചെയ്തു. രാഹുല്‍ ഗാന്ധിയും കെസിവേണുഗോപാലും നിയന്ത്രിച്ച നടുവിലെപറമ്പനും ആനാരിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒരു വള്ളപ്പാട് അകലെയാണ് രാഹുല്‍ ഗാന്ധി തുഴഞ്ഞ നടുവിലെപറമ്പന്‍ ചുണ്ടന്‍വള്ളം കെസിവേണുഗോപാല്‍ തുഴഞ്ഞ ആനാരിയെ പരാജയപ്പെടുത്തിയത്. വിജയികളായവര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുക്കുകയും മത്സരത്തില്‍ പങ്കെടുത്ത വള്ളക്കാര്‍ക്ക് സ്നേഹോപഹാരം നല്കിയ ശേഷവുമാണ് രാഹുല്‍ ഗാന്ധി മടങ്ങിയത്. നടുഭാഗം വള്ളം തുഴഞ്ഞ് കരുവറ്റ സിബിഎല്ലില്‍ ഒന്നാംസ്ഥാനം നേടുകയും നെഹ്രു ട്രോഫി വള്ളംകളിയില്‍ രണ്ടാംസ്ഥാനത്തെത്തുകയും ചെയ്ത എന്‍സി ബിസി ബോട്ട് ക്ലബിലെ അംഗങ്ങളായിരുന്നു രാഹുലിനൊപ്പം വള്ളത്തിലുണ്ടായിരുന്നത്. നടുഭാഗം ചുണ്ടവള്ളവും നെഹ്റു കുടുംബവും തമ്മിലുള്ള ബന്ധവും അഭേദ്യമാണ്. 1952 ല്‍ വള്ളം കളിയുടെ ആവേശത്തില്‍ നെഹ്റു ചാടികയറി തുഴഞ്ഞ വള്ളം കൂടിയാണ് നടുഭാഗം ചുണ്ടനെന്നത് ചരിത്രം. പുന്നപ്ര അറവുകാട് നിന്നും 13 കിലോ മീറ്റര്‍ പദയാത്രയുടെ ഭാഗമായി നടന്നശേഷമാണ് രാഹുല്‍ ഗാന്ധി ഉച്ചയോടെ ചുണ്ടന്‍വള്ളം കളിയുടെ ഭാഗമായത്.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആലപ്പുഴയിലെത്തിയ അദ്ദേഹം ഇന്നലെ രാവിലത്തെ പദയാത്രയ്ക്കുശേഷമാണ് പുന്നമടക്കായലിലേക്ക് എത്തിയത്. രാവിലെ 11 മണിയോടെ ആലപ്പുഴ ഫിനിഷിങ് പോയിന്റില്‍ നിന്നും ‘ബേ െ്രെപഡ്’ ഹൗസ് ബോട്ടിലായിരുന്നു യാത്ര. നാലു മണിക്കൂറിലേറെ രാഹുല്‍ ഗാന്ധി പുന്നമടക്കായലിന്റെ ഓളങ്ങളില്‍ ഉല്ലസിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപലും ജോഡോ യാത്ര സംസ്ഥാന കോര്‍ഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയും ഹൗസ് ബോട്ട് യാത്രയില്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നു. കായല്‍ പരപ്പിലൂടെ മുന്നോട്ടു നീങ്ങിയ രാഹുലും സംഘവും ചാവറ പള്ളിക്ക് സമീപം വരെയെത്തി.
മടക്കയാത്രയില്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള വരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ ടൂറിസം മേഖല നേരിടുന്ന വെല്ലുവിളികള്‍ അവര്‍ അദ്ദേഹത്തെ ധരിപ്പിച്ചു. അരമണിക്കൂറോളം രാഹുല്‍ ഗാന്ധി അവരുമായി കൂടിക്കാഴ്ച നടത്തി. രണ്ടു വര്‍ഷത്തെ അടച്ചുപൂട്ടലിനു ശേഷം തുറന്നപ്പോള്‍ ഈ മേഖലയിലെ നല്ലൊരു ശതമാനം ആളുകളുടെയും ജോലി നഷ്ടമായിട്ടുണ്ട്. ടൂറിസം മേഖലയില്‍ നേരിട്ടും അല്ലാതെയും 15 ലക്ഷത്തോളം തൊഴിലാളികള്‍ സംസ്ഥാനത്തുണ്ട്. അവരില്‍ നല്ലൊരു ശതമാനം പേരും കഷ്ടതകളിലൂടെ കടന്നു പോവുകയാണ്. ചിലരാകട്ടെ ആത്മഹത്യയുടെ വക്കിലാണ്. അതിജീവനത്തിന്റെ വര്‍ത്തമാനകാല സാഹചര്യത്തില്‍ കൈപിടിച്ചുയര്‍ത്തുവാന്‍ വേണ്ട നടപടികള്‍ ഭരണകൂടങ്ങള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. റിയാസ് അഹമ്മദ്, ഇ.എം. നജീബ്, യു.സി. റിയാസ്, ജോര്‍ജ് ഡൊമനിക്, സജീവ് കുറുപ്പ്, കെ.എന്‍ ശാസ്ത്രി, ബിജി ഈപ്പന്, ജെയിംസ് കൊടിന്തറ, സെജോ ജോസി, ജിഹാദ് ഹുസൈന്, ശിവദത്തന്‍, ജോബിന്, ടോമി പുളിക്കാട്ടില്‍, രാകേഷ്, ശരത് വത്സരാജ്, വഞ്ചീശ്വരന്‍ എന്നാവാരാണു രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്.
തുടര്‍ന്ന് സംസാരിച്ച രാഹുല്‍ ഗാന്ധി കേരളത്തിന്റെ ടൂറിസം മേഖല രാജ്യത്തിനും ലോകത്തിനു തന്നെയും അഭിമാനമായി മാറണമെന്ന് പറഞ്ഞു. കൂടുതല്‍ വിദേശികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയണം. നവീനമായ കാഴ്ചപ്പാടുകള്‍ മേഖലയില്‍ ഉണ്ടാകണം. കോവിഡാനന്തര പ്രശ്നങ്ങള്‍ പിന്തുടരുന്ന മേഖലയെ സഹായിക്കുവാന്‍ പാര്‍ലമെന്റിനുള്ളില്‍ വേണ്ട ഇടപെടലുകള്‍ നടത്തുമെന്ന് ഉറപ്പുനല്‍കിയാണ് കൂടിക്കാഴ്ച പിരിഞ്ഞത്.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആലപ്പുഴയിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി. വാടക്കല്‍ മത്സ്യഗന്ധി ബീച്ചില്‍ പുലര്‍ച്ചെയാണ് രാഹുല്‍ ഗാന്ധി തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയത്. മത്സ്യ മേഖല നേരിടുന്ന ഒട്ടേറെ വിഷയങ്ങള്‍ തൊഴിലാളികള്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തി.