മയക്കുമരുന്നിനെതിരെ രണ്ടുകോടി ഗോളടിക്കാന്‍ കേരളം; സംസ്ഥാനതല ഉദ്ഘാടനം 16 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായുള്ള ‘ഗോള്‍ ചലഞ്ച്’ പരിപാടിക്ക് 16ന് തുടക്കമാകും. മയക്കുമരുന്നിനെതിരെ ഫുട്‌ബോള്‍ ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തി രണ്ട് കോടി ഗോളടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നാളെ വൈകിട്ട് അഞ്ചിനു നടക്കുന്ന പരിപാടിയില്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കായിക താരങ്ങള്‍, സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ എന്നിവരെല്ലാം ഗോളടിച്ച് പങ്കെടുക്കും.
എല്ലാ വിദ്യാലയങ്ങളിലും തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലും പൊതുസ്വകാര്യ ഓഫീസുകളിലും കമ്പനികളിലും ഐടി പാര്‍ക്കുകളിലും അയല്‍ക്കൂട്ടങ്ങളിലും പൊതുവിടങ്ങളിലുമെല്ലാം ഗോള്‍ ചലഞ്ച് സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഡിസംബര്‍ 18ന് ഗോള്‍ ചലഞ്ച് അവസാനിക്കും. രണ്ടാം ഘട്ട മയക്കുമരുന്ന് വിരുദ്ധ പ്രചാരണം ജനുവരി 26വരെയാണ്. മയക്കുമരുന്നിനെതിരെയുള്ള ഗോള്‍ ചലഞ്ച് പരിപാടിയില്‍ എല്ലാവരും അണിചേരണമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭ്യര്‍ഥിച്ചു. ലോകകപ്പ് ആവേശം മയക്കുമരുന്നിനെതിരെയുള്ള വിപുലമായ പ്രചരണത്തിന് ഉപയോഗിക്കാനാണ് ലക്ഷ്യം. മയക്കുമരുന്ന് വിരുദ്ധ മാലിന്യമുക്ത ലോകകപ്പ് ആഘോഷിക്കാന്‍ ആരാധകര്‍ രംഗത്തിറങ്ങണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലെയും സ്ഥാപനങ്ങളിലെയും വിദ്യാലയങ്ങളിലെയും സ്ഥാപനങ്ങളിലെയും പ്രധാന കേന്ദ്രങ്ങളില്‍ ഒരു ഗോള്‍ പോസ്റ്റ് തയ്യാറാക്കി വെച്ച്, എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും വന്ന് ഗോളടിക്കാന്‍ കഴിയുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. ഗോള്‍ പോസ്റ്റിലും സമീപത്തും മയക്കുമരുന്നിനെതിരെയുള്ള പ്രചാരണം ഒരുക്കും. ബോളിലും നോ ടു ഡ്രഗ്‌സ് എന്ന് പതിപ്പിക്കണം. ഓരോ പോസ്റ്റിലും ഗോള്‍ ചലഞ്ച് ഉദ്ഘാടനവും പെനാള്‍ട്ടി ഷൂട്ടൗട്ട് ഉള്‍പ്പെടെയുള്ള മത്സരങ്ങളും സംഘടിപ്പിക്കും. അടിക്കുന്നയാളിന്റെ പേരും ഗോളുകളുടെ എണ്ണവും രേഖപ്പെടുത്താനും സംവിധാനം ഒരുക്കാം. ചലഞ്ച് അവസാനിക്കുമ്പോള്‍ ആകെ അടിച്ച ഗോളുകളുടെ എണ്ണം ഓരോ കേന്ദ്രത്തിലും പ്രദര്‍ശിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ലോകകപ്പ് മത്സരങ്ങളുടെ പൊതു പ്രദര്‍ശന കേന്ദ്രങ്ങള്‍ക്ക് സമീപം പോസ്റ്റുകളൊരുക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍ ലോകകപ്പ് മത്സരങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളില്‍ ലഹരിക്കെതിരെയുള്ള ബോധവത്കരണ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കും. കളിക്ക് മുന്‍പും ഇടവേളയിലും ഫുട്‌ബോള്‍, മയക്ക്മരുന്ന് വിരുദ്ധ ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന വാര്‍ഡിലും വിദ്യാലയങ്ങളിലും നവംബര്‍ 17 മുതല്‍ 25 വരെയാണ് ക്യാമ്പയിന്‍. സാധ്യമായ ഇടങ്ങളില്‍ ഡിസംബര്‍ 18 വരെ ഗോള്‍ പോസ്റ്റ് നിലനിര്‍ത്താം. പെണ്‍കുട്ടികളുടെയും യുവതികളുടെയും പ്രാതിനിധ്യം ഗോള്‍ ചലഞ്ചില്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനതലത്തിലും സ്‌കൂള്‍ തലത്തിലും വിപുലമായ ഉദ്ഘാടന പരിപാടിയും സംഘടിപ്പിക്കും. പെനാള്‍ട്ടി ഷൂട്ടൗട്ട് മത്സരം, ഫുട്‌ബോള്‍ ക്വിസ് തുടങ്ങിയവയും സംഘടിപ്പിക്കും.
സ്‌കൂള്‍/കോളേജ് ഹോസ്റ്റലുകളിലും പ്രത്യേകം പോസ്റ്റ് ഒരുക്കണം. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ നവംബര്‍ 17,18 തീയതികളില്‍ ഗോള്‍ ചലഞ്ച് നടക്കും. എല്ലാ കുടുംബശ്രീ അംഗങ്ങളും ഗോളടിച്ച് ക്യാമ്പയിന്റെ ഭാഗമാകും. സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ കമ്പനികള്‍, ഐടി പാര്‍ക്കുകള്‍, റസിഡന്റ് അസോസിയേഷനുകള്‍ എന്നിവിടങ്ങളില്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ 10വരെ ഗോള്‍ ചലഞ്ച് സംഘടിപ്പിക്കും. ഓഫീസുകളിലെത്തുന്ന പൊതുജനങ്ങള്‍ക്കും ഗോള്‍ ചലഞ്ചില്‍ പങ്കെടുക്കാനാകണം. ഗോളിന്റെ എണ്ണവും പ്രദര്‍ശിപ്പിക്കാനാകണം. ബസ് സ്റ്റാന്‍ഡുകളിലും പൊതു സ്ഥലങ്ങളിലും ഡിസംബര്‍ 10മുതല്‍ 18 വരെ ഫ്‌ലാഷ് മോബിന്റെ അകമ്പടിയോടെ ഗോള്‍ ചലഞ്ച് സംഘടിപ്പിക്കും. വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. ഇതിന് പുറമേ സംസ്ഥാനജില്ലാതദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍ സെലിബ്രെറ്റി ഫുട്‌ബോള്‍ മത്സരങ്ങളും സംഘടിപ്പിക്കും. സംസ്ഥാന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍, കേരള ഒളിമ്പിക് അസോസിയേഷന്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനതല സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.