ലോകായുക്തയെക്കുറിച്ചു ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകണം: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി

തിരുവനന്തപുരം: ലോകായുക്തയെക്കുറിച്ചും അതില്‍നിന്നുള്ള സേവനങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകണമെന്നു തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. കേരള ലോകായുക്ത സംഘടിപ്പിച്ച ലോകായുക്ത ദിനാചരണ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുതാര്യവും അഴിമതിരഹിതവുമായ ഭരണ സംവിധാനമാണു ജനാധിപത്യത്തെ മഹത്തരമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യലബ്ധിക്കു ശേഷവും ഭരണ രംഗത്ത് അഴിമതി നിലനിന്ന സാഹചര്യത്തിലാണു ലോകായുക്ത പോലുള്ള സംവിധാനങ്ങള്‍ രൂപമെടുത്തത്. എന്നാല്‍ അതിനെതിരായുള്ള പ്രതിരോധവും സജീവമായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ലോകായുക്ത രൂപമെടുക്കാനെടുത്ത കാലതാമസംതന്നെ ഇതിന് ഉദാഹരണമാണ്. കേവലം പണം നല്‍കി കാര്യം സാധിക്കുന്നതരം അഴിമതിക്കെതിരേ മാത്രമല്ല ലോകായുക്തയ്ക്ക് ഇടപെടാന്‍ കഴിയുക. ദുര്‍ഭരണവും അധികാര ദുര്‍വിനിയോഗവുമെല്ലാം ലോകായുക്തയുടെ അധികാര പരിധിയില്‍ വരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണു കേരളമെന്നു ചടങ്ങില്‍ പങ്കെടുത്ത വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. അഴിമതി പൂര്‍ണമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സാങ്കേതിക വിദ്യയുടെ ഉപയോഗം ഭരണരംഗത്തു കൂടുതലായി നടപ്പാക്കണം. ലോകായുക്ത സംവിധാനത്തെ ശക്തിപ്പെടുത്തണം. അഴിമതിമുക്തമായ സമൂഹത്തിലാണു ജനാധിപത്യം ശരിയായ രീതിയില്‍ സാക്ഷാത്കരിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അധികാര ദുര്‍വിനിയോഗവുമായി ബന്ധപ്പെട്ടു ലോകായുക്തയില്‍ വരുന്ന ഭൂരിഭാഗം കേസുകളിലും ആവലാതിക്കാര്‍ക്ക് ആശ്വാസകരമായ തീരുമാനമാണുണ്ടാകുന്നതെന്നും എന്നാല്‍ അത്തരം വാര്‍ത്തകള്‍ക്കു വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ലെന്നും ചടങ്ങില്‍ പങ്കെടുത്ത ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. രാജ്യത്ത് കര്‍ക്കശമായ അഴിമതി നിരോധന സംവിധാനം നിലനില്‍ക്കേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഉപലോകായുക്തമാരായ ജോസ്റ്റിസ് ബാബു മാത്യു പി. ജോസഫ്, ജസ്റ്റിസ് ഹാറുണ്‍ ഉല്‍ റഷീദ്, രജി്‌സ്ട്രാര്‍ ഷിജു ഷെയ്ക് തുടങ്ങിയവര്‍ പങ്കെടുത്തു.