തിരുവനന്തപുരം: ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനും കുട്ടികള്‍ക്ക് സുരക്ഷിതമായ ലോകം സൃഷ്ടിക്കുന്നതിനുമായി ‘ലഹരിവിമുക്ത ബാല്യം’ എന്ന വിഷയത്തില്‍ നടക്കുന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തില്‍ 60 രാജ്യങ്ങളില്‍ നിന്നുള്ള 300 ഓളം പേര് പങ്കെടുക്കും. ബുധനാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കുന്ന സമ്മേളനത്തില്‍ എക്സൈസ്, തദ്ദേശ സ്വയംഭരണ, ഗ്രാമവികസന മന്ത്രി എം ബി രാജേഷ് മുഖ്യാതിഥിയാകും.
‘ചില്‍ഡ്രന്‍സ് മാറ്റര്ഇന്റര്നാഷണല് ഫോറം ഓണ്‍ റൈറ്റ് ടു എ ഡ്രഗ് ഫ്രീ ചൈള്ഡ്ഹുഡ്’ എന്ന പ്രമേയത്തെ ആധാരമാക്കിയുള്ള സമ്മേളനം മയക്കുമരുന്നിന്റേയും സൈക്കോട്രോപിക് വസ്തുക്കളുടേയും വര്‍ദ്ധിച്ചുവരുന്ന ഉപയോഗത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ലക്ഷ്യമിടുന്നു. ഈ വിഷയത്തില്‍ ഏഷ്യയില്‍ തന്നെ ആദ്യമായി നടക്കുന്ന സമ്മേളനം യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് െ്രെകം, വേള്‍ഡ് ഫെഡറേഷന് എഗെയ്ന്‍സ്റ്റ് ഡ്രഗ്സ എന്നിവയുടെ പങ്കാളിത്തത്തോടെ ഫോര്‍ത്ത് വേവ് ഫൗണ്ടേഷനാണ് സംഘടിപ്പിക്കുന്നത്.
ലഹരിവിമുക്ത ബാല്യത്തിനായി കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രായോഗികവും പ്രാദേശികവുമായ പരിഹാര മാര്‍ഗങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.
ഉദ്ഘാടന ചടങ്ങില്‍ ഷിബുലാല്‍ ഫാമിലി ഫിലാന്ത്രോപിക് ഇനിഷ്യേറ്റീവ് ചെയര്‍പേഴ്സണ്‍ കുമാരി ഷിബുലാല്‍ അധ്യക്ഷയാകും. മയക്കുമരുന്നിന്റെ ദുരുപയോഗം തടയുന്നതിനും കുട്ടികളെ അതില്‍ നിന്ന് രക്ഷിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമാക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ അന്തര്‍ദേശീയ വിദഗ്ധര്‍ അവരുടെ കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കും.
സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ അമേരിക്കയിലെ ഡബ്ല്യുഎഫ്എഡി ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ആമി റോണ്‍ഷൗസെന്‍, യുഎന്ഒഡിസിദക്ഷിണേഷ്യന് പ്രതിനിധി മാര്‍ക്കോ ടെക്സീറ, യുഎന്‍ഒഡിസി പ്രോഗ്രാം ഓഫീസര്‍ ബില്ലി ബാറ്റ് വെയര്‍, മെട്രോപൊളിറ്റന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. ഹാര്‍വി മില്‍ക്ക് മാന്‍, സിവില്‍ സൊസൈറ്റി അംഗങ്ങള്‍, നയരൂപകര്‍ത്താക്കള്‍, കുട്ടികളുടെ അവകാശസംരക്ഷണ പ്രവര്‍ത്തകരായ അഭിഭാഷകര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, യുവ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ യുവാക്കളെയും കുട്ടികളെയും ബോധവല്‍ക്കരിക്കല്‍, അവരുടെ പുനരധിവാസം, സാമൂഹിക ഐക്യം, കുടുംബത്തിന്റെയും സ്കൂളിന്റെയും പങ്ക്, ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്റെ ‘വേണ്ട പദ്ധതി’ തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.