വിഴിഞ്ഞം പദ്ധതിക്കെതിരായ ആശങ്കകള്‍ അടിസ്ഥാനമില്ലാത്തതെന്നു ജനങ്ങളെ ബോധ്യപ്പെടുത്തും: മന്ത്രി കെ.എന്‍. ബാലഗോപാല്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ആശങ്കകള്‍ അടിസ്ഥാനമില്ലാത്തതെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും വികസന കാര്യങ്ങളില്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതു നാടിനു നല്ലതല്ലെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാങ്കേതികത സംബന്ധിച്ച് സംഘടിപ്പിച്ച വിദഗ്ധ സംഗമവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പദ്ധതി നിര്‍മാണം തുടങ്ങിയതുമുതല്‍ പ്രദേശവാസികളുടേയും മത്സ്യത്തൊഴിലാളികളുടേയും മുഴുവന്‍ ആവശ്യങ്ങളും അനുഭാവപൂര്‍വം പരിഗണിക്കുന്ന സമീപനമാണു സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നു മന്ത്രി പറഞ്ഞു. പദ്ധതിക്കെതിരായി ഇപ്പോള്‍ നടക്കുന്ന സമരത്തിലെ ഒട്ടുമിക്ക ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതാണ്. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ചു പഠനം നടത്തുകയെന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖമെന്ന സ്വപ്‌നം കപ്പിനും ചുണ്ടിനുമിടയില്‍ എത്തിനില്‍ക്കുമ്പോള്‍ ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണ്? മുഴുവന്‍ ജനങ്ങളെയും വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കും മന്ത്രി വ്യക്തമാക്കി.
തുറമുഖ നിര്‍മാണം ആരംഭിച്ചശേഷം മത്സ്യത്തൊഴിലാളികള്‍ക്കും പ്രദേശവാസികള്‍ക്കുമായി ഏറ്റവും മികച്ച പുനരധിവാസ പാക്കേജാണു സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ളതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനോടകം 100 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. തുറമുഖത്തിനായുള്ള കരാര്‍ ഒപ്പുവയ്ക്കുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എട്ടു കോടി രൂപയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളായിരുന്നു ശുപാര്‍ശ ചെയ്തത്. എന്നാല്‍, സര്‍ക്കാര്‍ കൂടുതല്‍ ഉദാരമായ വ്യവസ്ഥകളും നടപടികളുമാണു സ്വീകരിച്ചത്. പദ്ധതിക്കായി മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുക്കേണ്ടിവന്നിട്ടില്ല. കടലോരത്തുനിന്ന് ഉള്ളിലായി താമസിക്കുന്നവരുടെ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. ഇവിടെ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ഉഭയകക്ഷി സമ്മതപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കി. വീട് നഷ്ടപ്പെട്ടവര്‍ക്ക് അഞ്ചു സെന്റ് സ്ഥലം അനുവദിച്ചു പുനരധിവാസം പൂര്‍ത്തിയാക്കി. പദ്ധതി പ്രതികൂലമായി ബാധിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പാക്കേജ് തയാറാക്കുന്നതിന് ജില്ലാ കളക്ടര്‍ അധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ ശുപാര്‍ശനുസരിച്ച് കരമടി തൊഴിലാളികളുടെ പുനരധിവാസത്തിനു വിഴിഞ്ഞം സൗത്തില്‍ 317ഉം അടിമലത്തുറയില്‍ 625ഉം ഉള്‍പ്പെടെ 942 തൊഴിലാളികള്‍ക്ക് 5.6 ലക്ഷം രൂപ വീതം 52.75 കോടി രൂപ നഷ്ടപരിഹാരം നല്‍കി. ചിപ്പി തൊഴിലാളികളുടെ പുനരധിവാസത്തിന് 12.5 ലക്ഷം രൂപ വീതം 73 പേര്‍ക്ക് 9.13 കോടി രൂപ വിതരണം ചെയ്തു. 105 കട്ടമര തൊഴിലാളികള്‍ക്കു നഷ്ടപരിഹാരത്തിനു ശുപാര്‍ശ തയാറാക്കി തുക വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. റിസോട്ട് തൊഴിലാളികളായ 211 പേര്‍ക്ക് 6.08 കോടി രൂപയും നാലു സ്വയംസഹായ സംഘങ്ങളിലെ 33 പേര്‍ക്ക് എട്ടു ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കി.
വിഴിഞ്ഞം തുറമുഖം വന്നതോടെ ഹാര്‍ബറിലെ തിരയടി കൂടിയതുമൂലമുണ്ടായ അപകടസാധ്യത മുന്‍നിര്‍ത്തി ഈ മേഖലയിലെ എല്ലാ ബോട്ടുകള്‍ക്കും നിര്‍മാണ കമ്പനിയുടെ സി.എസ്.ആര്‍. ഫണ്ട് ഉപയോഗിച്ച് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തി. പുലിമുട്ട് നിര്‍മിച്ചതുമൂലം വലിയ തിരകളില്‍പ്പെട്ട് ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നുവെന്ന ആക്ഷേപം പഠിക്കാന്‍ പുനെയിലെ കേന്ദ്ര ഗവേഷണ സ്ഥാപനമായ സിപിഡബ്ല്യുആര്‍എസിനെ ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പഴയ വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ടില്‍ 170 മീറ്റര്‍ നീളമുള്ള ബ്രേക് വാട്ടര്‍ നിര്‍മിക്കാന്‍ ശുപാര്‍ശ ലഭിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മാണത്തിന് ഉത്തവായിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ വലിയ തിരകള്‍ ഉണ്ടാകില്ലെന്നാണു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിഴിഞ്ഞം ഹാര്‍ബറിന്റെ കവാടത്തില്‍ മണ്ണ് അടിഞ്ഞുകൂടി ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നുവെന്ന പരാതി പരിഹരിക്കാന്‍ എല്ലാ വര്‍ഷവും ഹൈഡ്രോഗ്രാഫിക് സര്‍വെ നടത്തി കമ്പനിയുടെ നേതൃത്വത്തില്‍ ഡ്രഡ്ജിങ് നടത്തുന്നുണ്ട്. ഈ വര്‍ഷം കവാടത്തില്‍ മണ്ണ് അടിഞ്ഞുകൂടിയിട്ടില്ലെന്നാണു റിപ്പോര്‍ട്ട്. തുറമുഖം നിര്‍മിക്കുമ്പോള്‍ മത്സ്യബന്ധന യാനങ്ങള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിവരുന്ന പ്രതിസന്ധി ഒഴിവാക്കാന്‍ അധികമായി ചെലവാകുന്ന മണ്ണെണ്ണ നല്‍കുന്നതിന് 2383 ബോട്ടുകള്‍ക്ക് ഒരു വര്‍ഷം 27.13 കോടി രൂപ നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഇതു നല്‍കാന്‍ 40 കോടി രൂപ ചെലവാകും. വിഴിഞ്ഞം ആരോഗ്യ കേന്ദ്രത്തെ ഏഴു കിടക്കകളുള്ള ആശുപത്രിയാക്കി ഉയര്‍ത്തണെമന്നായിരുന്നു പ്രദേശവാസികളുടെ ആവശ്യം. 100 ബെഡുകളുള്ള താലൂക്ക് ആശുപത്രിയാക്കി ഈ ആശുപത്രിയെ ഉയര്‍ത്തി. 10 കോടി രൂപ ഇതിനായി ചെലവാക്കിയിട്ടുണ്ട്. പ്രായാധിക്യമുള്ള ആളുകള്‍ക്കായുള്ള പകല്‍വീട് 1.8 കോടി രൂപ ചെലവില്‍ ഫിഷറീസ് വകുപ്പ് നിര്‍മിച്ചു. തുറമുഖം വരുമ്പോള്‍ സ്വദേശികള്‍ക്കു തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമ്പനിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇവര്‍ക്കു തൊഴില്‍ പരിശീലനം നല്‍കുന്നതിന് അസാപ് 48 കോടി രൂപ ചെലവില്‍ പരിശീലന കേന്ദ്രം നിര്‍മിക്കുകയാണ്. പ്രത്യേക മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കും. കുടിവെള്ള ലഭ്യതയ്ക്കായി 1.72 കോടി രൂപ ചെലവില്‍ 1000 വീടുകളില്‍ കുടിവെള്ള കണക്ഷന്‍ നല്‍കി. തുറമുഖം വന്നതോടെ കളിസ്ഥലം നഷ്ടപ്പെട്ടെന്ന പ്രശ്‌നം പരിഹരിക്കാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ രണ്ട് ഏക്കര്‍ ഭൂമി വിട്ടുനല്‍കിയിട്ടുണ്ട്. കളിസ്ഥലം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന ഒരു നടപടിയും വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ സര്‍ക്കാരില്‍നിന്നുണ്ടാകില്ലെന്നു ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. ഒരു മത്സ്യത്തൊഴിലാളിയുടെപോലും കണ്ണീര്‍ വീഴാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ല. പദ്ധതിയുടെ തുടക്കംമുതല്‍ സ്വീകരിക്കുന്ന നിലപാട് ഇതാണ്. ഇനിയും അങ്ങനെയായിരിക്കും മുന്നോട്ടുപോകുന്നത്. പദ്ധതി നിര്‍ത്തിവയ്ക്കണെമന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല. ഒരു രാജ്യത്തിന്റെ സാമ്പത്തികമായ മെച്ചപ്പെടുത്തലിനെ തടസപ്പെടുത്തുന്നതു രാജ്യദ്രോഹ കുറ്റമാണെന്നും രാജ്യത്തിന് ആവശ്യമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നത് രാജ്യദ്രോഹ കുറ്റമായി കാണണമെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖം പൂര്‍ണമായി കേരള സര്‍ക്കാരിന്റേതാണെന്നും ചില തത്പര കക്ഷികള്‍ പ്രചരിപ്പിക്കുന്നതുപോലെ നിര്‍മാണ കമ്പനിയുടേതല്ലെന്നും പരിപാടിയില്‍ അധ്യക്ഷത വഹിച്ച തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. പദ്ധതിയുടെ നിര്‍മാണ ചുമതല നിര്‍വഹിക്കുന്ന അദാനി കമ്പനി നിര്‍മാതാക്കളും നിശ്ചിതകാലത്തേക്കുള്ള നടത്തിപ്പുകാരും മാത്രമാണ്. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ആദ്യമായി വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിച്ച തുറമുഖ പദ്ധതിയാണു വിഴിഞ്ഞത്തേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന വിദഗ്ധ സംഗമത്തില്‍ തുറമുഖ വകുപ്പ് സെക്രട്ടറി കെ. ബിജു, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എംഡി. കെ. ഗോപാലകൃഷ്ണന്‍, തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. സെമിനാറില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യം, സവിശേഷതകള്‍, കേരളത്തിലെ തീരശോഷണത്തിന്റെ കാരണങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുത്തു.