വികസന പ്രവര്‍ത്തനങ്ങള്‍ തുടരും; വിഴിഞ്ഞം പദ്ധതി നടപ്പിലാക്കും:മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭാവിയെ കരുതി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തുടരുകയും വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. ബഹുദൂരം മുന്നിലേക്ക് പോയ ഒരു പദ്ധതി ഇല്ലാതാക്കുന്നതിലൂടെ കേരളത്തിന്റെ വിശ്വാസ്യതയാകും ഇല്ലാതാകുക. ഇത് നിക്ഷേപ സാധ്യതയില്ലാതാക്കുകയും തൊഴിലവസരങ്ങള്‍ കുറക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗെയ്ല്‍ പാചക വാതക ലൈന്‍, ദേശീയ പാത വികസനം, ഇടമണ്‍ കൊച്ചി പവര്‍ ഗ്രിഡ് എന്നതു പോലെ സമൂഹത്തിന്റെ പൂര്‍ണ സഹകരണത്തോടെയാകും പദ്ധതി നടപ്പിലാകുക. നിലവില്‍ നടന്ന അക്രമ സംഭവങ്ങളെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും അപലപിച്ചത് അക്രമസമരങ്ങള്‍ക്കു പൊതു സമൂഹത്തിന്റെ പിന്‍തുണ ഇല്ലയെന്നതു കൊണ്ടാണ്.
സമരസമിതി ആവശ്യപ്പെട്ട ഏഴ് ആവശ്യങ്ങളില്‍ ആറ് ആവശ്യങ്ങളും അംഗീകരിച്ച സര്‍ക്കാരാണിത്. അതിനു ശേഷം ഗൂഢാലോചന നടത്തിയും മുന്‍കൂട്ടി ആഹ്വാനം ചെയ്തതും പോലീസ് സ്‌റ്റേഷന്‍ ആക്രമണം നടത്തിയതും അബ്ദുറഹ്മാന്‍ എന്ന പേരുള്ളതുകൊണ്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിയെ രാജ്യദ്രോഹി എന്ന് വിളിക്കാനും കഴിയുന്നുവെങ്കില്‍ പ്രതിഷേധത്തിന്റെ ദിശ മനസ്സിലാക്കാവുന്നതാണ്. ഇച്ഛാശക്തിയോടെ സംസ്ഥാന ഗവണ്‍മെന്റ് വികസന പദ്ധതികളുമായി മുന്നോട്ട് പോവുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യും. 2025 ഓടെ ഊര്‍ജ ഉപഭോഗത്തിന്റെ 40% പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസ്സുകളില്‍ നിന്നായിരിക്കുമെന്നും ഈ മേഖലയില്‍ വൈദ്യുത വകുപ്പ് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് മിഷനും പട്ടികജാതി വകുപ്പും നിര്‍മിച്ച വീടുകളില്‍ അനെര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച സൗരോര്‍ജ പ്ലാന്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സൗരോര്‍ജമടക്കമുള്ള പുനഃരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസ്സുകളെ പരമാവധി ആശ്രയിച്ചും ജലവൈദ്യുത പദ്ധതികളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയും ഊര്‍ജ സ്വയം പര്യാപ്തതയിലേക്ക് കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയില്‍ നിലവില്‍ 500 വീടുകളിലാണ് സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ 400 വീടുകള്‍ ലൈഫ് മിഷനും 100 വീടുകള്‍ പട്ടികജാതി വകുപ്പും നിര്‍മിച്ചവയാണ്. വീടിനാവശ്യമുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതോടൊപ്പം അധിക വൈദ്യുതി ഗ്രിഡിലേക്ക് നല്‍കി സാമ്പത്തികലാഭവും നേടാവുന്നതാണ്. ആഗോള താപനത്തിന്റെ പശ്ചാത്തലത്തില്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരമായി പുനഃരുപയോഗിക്കാവുന്നതും പരിസ്ഥിതി സൗഹൃദമാര്‍ന്നതുമായ ഊര്‍ജ സ്രോതസ്സുകളെ പരമാവധി ഉപയോഗിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന പരിസ്ഥിതി സൗഹൃദ നയം. ഈജിപ്തില്‍ നടന്ന കാലവസ്ഥ ഉച്ചകോടിയിലും സമാനമായ ചര്‍ച്ചകള്‍ നടന്നെങ്കിലും ചില സ്ഥാപിത താല്‍പര്യങ്ങളാല്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ തീരുമാനത്തിലെത്താന്‍ കഴിയാതെ പോയ സാഹചര്യവും ചൂണ്ടിക്കാട്ടുകയാണ്. ഈ സാഹചര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ വരും തലമുറയോടു കൂടിയുള്ള പ്രതിബദ്ധതയുടെ ഭാഗമായി പ്രകൃതി സൗഹൃദ നയമാണ് തുടരുന്നത്.
നമ്മുടെ ഊര്‍ജ ആവശ്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ സാധ്യത ഇനിയും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇതോടൊപ്പം ജലാശയങ്ങളില്‍ ഫ്‌ലോട്ടിംഗ് സോളാറും, കൃഷിയിടങ്ങളില്‍ സോളാര്‍ പമ്പുകളും വ്യാപകമാക്കും. ഉപയോഗ ശേഷമുള്ള അധിക വൈദ്യുതിയിലൂടെയുള്ള വരുമാനം കര്‍ഷകര്‍ക്ക് ആശ്വാസമാകും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നല്‍കി പുരപ്പുറ സൗരോര്‍ജ പദ്ധതി വ്യാപകമാക്കുന്നതിനോടൊപ്പം നഗരങ്ങളിലെ മുഴുവന്‍ ഗവണ്‍മെന്റ് ഓഫീസുകളിലും സൗരോര്‍ജ പ്ലാന്റുകളും സോളാര്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകളും സ്ഥാപിക്കും. 2025 ഓടെ 3000 മെഗാവാട്ട് സൗരവൈദ്യുതി എന്ന ലക്ഷ്യത്തിലേക്ക് കേരളം എത്തും. കാസര്‍ഗോഡ് ജില്ലയിലെ ചീമേനിയില്‍ 100 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പാര്‍ക്കിനായി 475 ഏക്കര്‍ ഭൂമിയേറ്റെടുത്തു കഴിഞ്ഞു. തോറിയത്തിലൂടെയുള്ള വൈദ്യുതോല്‍പ്പാദനം വിജയകരമാകുന്ന ഘട്ടത്തില്‍ കേരളത്തിലെ തീരപ്രദേശങ്ങളില്‍ സുലഭമായ ധാതുവെന്ന നിലയിയില്‍ ആ സാധ്യത ഉപയോഗിക്കാവുന്നതാണ്. ഭാവിയുടെ ഇന്ധനമായ ഹൈഡ്രജന്‍ ഉപയോഗപ്പെടുത്തുന്നതിന് കൊച്ചിയില്‍ ഗ്രീന്‍ െ്രെഹഡ്രജന്‍ ഹബ്ബ് സര്‍ക്കാര്‍ സ്ഥാപിച്ചു. ഉല്‍പ്പാദനം പോലെ പ്രസരണ നഷ്ടം കുറക്കാനും സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന്റെ ഭാഗമാണ് ഇടമണ്‍ കൊച്ചി പവര്‍ ഗ്രിഡ് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അനര്‍ട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വെലുരി സ്വാഗതമാശംസിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ലൈഫ് മിഷന്‍ സി.ഇ.ഒ പി ബി നൂഹ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അനീഷ് എസ്. പ്രസാദ് നന്ദി പറഞ്ഞു.