മൂന്ന് സാമ്പത്തിക ഇടനാഴി പദ്ധതികളുടെ 990 കി.മീറ്റര്‍ കടന്നുപോകുന്നത് കേരളത്തിലൂടെ: നിതിന്‍ ഗഡ്കരി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന മുംബൈ -കന്യാകുമാരി, തൂത്തുക്കുടി -കൊച്ചി, മൈസൂരു -മലപ്പുറം എന്നീ സാമ്പത്തിക ഇടനാഴി പദ്ധതികളുടെ 990 കിലോമീറ്റര്‍ ദൂരം കേരളത്തിലൂടെ ആണ് കടന്നുപോകുന്നതെന്നും ഇത് സംസ്ഥാനത്തെ റോഡ് വികസനത്തില്‍ വന്‍ കുതിച്ചുചാട്ടം സൃഷ്ടിക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
ഗതാഗതത്തിന് തുറന്നുകൊടുത്ത കഴക്കൂട്ടം എലിവേറ്റഡ് ഫ്‌ളൈഓവര്‍, കുതിരാന്‍ തുരങ്കപാത എന്നിവയുടെ ഉദ്ഘാടനവും മറ്റ് 13 റോഡ് വികസന പദ്ധതികളുടെ തറക്കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം സംയുക്തമായി നിര്‍വഹിച്ചശേഷം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ പ്രസംഗിക്കുകയായിരുന്നു ഗഡ്കരി.
മുംബൈകന്യാകുമാരി സാമ്പത്തിക ഇടനാഴി പദ്ധതിയിലെ 700 കിലോമീറ്റര്‍ ആണ് കാസര്‍കോട് മുതല്‍ ആലപ്പുഴ വരെയുള്ള ഒന്‍പത് ജില്ലകളിലൂടെ കടന്നുപോകുക. തൂത്തുക്കുടികൊച്ചി സാമ്പത്തിക ഇടനാഴി പദ്ധതിയുടെ 166 കിലോമീറ്റര്‍ എറണാകുളം, ഇടുക്കി ജില്ലയിലൂടെ കടന്നു പോകും. മൈസൂരുമലപ്പുറം പദ്ധതി 72 കിലോമീറ്റര്‍ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലൂടെയും കടന്നുപോകും.
റോഡ് അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രണ്ട് ഉദ്ഘാടനം ഉള്‍പ്പെടെ 15 പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിച്ചതില്‍ അതീവ സന്തുഷ്ടനാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടെയും നിര്‍ലോഭമായ പിന്തുണമൂലമാണ് സ്ഥലമേറ്റെടുക്കല്‍ പ്രവര്‍ത്തി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കി റോഡ് വികസനം കേരളത്തില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചത്. ടൂറിസം പ്രധാന വരുമാന മാര്‍ഗമായ കേരളത്തില്‍ റോഡ് ഗതാഗത സൗകര്യം മെച്ചപ്പെട്ടാല്‍ സംസ്ഥാനത്തെ ടൂറിസം വ്യവസായം മൂന്നിരട്ടി വളരുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുമൂലം തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിക്കുകയും സര്‍ക്കാറിന് കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുകയും ചെയ്യും.
ഒരുപാട് ജനങ്ങള്‍ക്ക് സ്വന്തം കാറുകള്‍ ഉള്ളതും ഭൂമിവില കൂടിയതുമായ കേരളത്തില്‍ റോഡ് വികസനം സംസ്ഥാനത്തിന്റെ മൊത്തം വികസനത്തിന് പരമപ്രധാനമാണ്. കേരളത്തിന്റെ ചെറുതും വലുതുമായ പല നഗരങ്ങളിലും 18 ബൈപാസുകള്‍ ആണ് നിര്‍മിക്കുന്നത്. ആയിരം കോടി രൂപയാണ് ഇതിന് നീക്കിവെച്ചത്. റോഡുകള്‍ക്ക് തുറമുഖവുമായി ഉള്ള കണക്ടിവിറ്റിയും ടൂറിസം വികസനത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കും.
2025 ആകുന്നതോടെ കേരളത്തിലെ റോഡ് അടിസ്ഥാനസൗകര്യ വികസനം അമേരിക്കയുടേതിന് തുല്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കാനാണ് കേന്ദ്ര ഗവണ്മെന്റ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.


വിനോദ സഞ്ചാര മേഖലയുടെ ഏറ്റവും വലിയ ശക്തി മികച്ച റോഡുകളാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതികള്‍ വിനോദ സഞ്ചാരം മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോസില്‍ ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സംസ്ഥാനം കണ്ടെത്തണമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. എത്രയും വേഗം പൊതു ഗതാഗത സംവിധാനത്തെ ബയോ ഇന്ധനം, ഇലക്ട്രിക്, ഹരിത ഹൈഡ്രജന്‍ ഊര്‍ജ്ജം തുടങ്ങിയവയിലേക്ക് മാറ്റാന്‍ നടപടി സ്വികരിക്കണമെന്ന് നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചു. ഇതിലൂടെ യാത്രാ ചെലവ് കുറയ്ക്കാനും, മലിനീകരണം ഇല്ലാതാക്കാനും സാധിക്കുംമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ ഭൂമി ഏറ്റെടുക്കലുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ ഇതിനുള്ള തുക താരതമ്യേന കൂടുതലാണ്. ഇതാണ് പലപ്പോഴും റോഡ് വികസനത്തില്‍ നേരിടുന്ന പ്രതിസന്ധിയെന്ന് ഗഡ്കരി പറഞ്ഞു.
ഇന്ന് ഉദ്ഘാടനം ചെയ്ത 544 കിലോമീറ്ററിലെ വികസന പദ്ധതികള്‍ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ) ആണ് നടപ്പാക്കുന്നത് . വടക്കഞ്ചേരി മുതല്‍ തൃശൂര്‍ വരെയുള്ള ആറുവരി പാത , കഴക്കൂട്ടം മുതല്‍ ടെക്‌നോപാര്‍ക്ക് വരെയുള്ള നാല് വരി എലിവേറ്റഡ് ഹൈവെയും ഇതില്‍ ഉള്‍പ്പെടും.
ചടങ്ങില്‍ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുത്തു. കേരളത്തില്‍ ദേശീയപാത വികസനം എന്ന ചിരകാല അഭിലാഷം വലിയ ടീം വര്‍ക്കിന്റെ വിജയമാണെന്ന് ചടങ്ങില്‍ സംസാരിച്ച സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന്റെയും ദേശീയപാതാ വികസന അതോറിറ്റിയുടെയും സഹകരണത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കിയത്. സംസ്ഥാനത്തിന്റെ വികസന സമീപനങ്ങളോട് വളരെയധികം അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിച്ച കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ മന്ത്രി മുഹമ്മദ് റിയാസ് അഭിനന്ദിച്ചു.
രണ്ട് റോഡുകളുടെ ഉദ്ഘാടനവും 13 റോഡ് പദ്ധതികള്‍ക്ക് ശിലയിടലും സംസ്ഥാന വികസന ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യവികസനത്തിന് ഏറ്റവും പ്രാധാന്യം നല്‍കുന്ന സര്‍ക്കാറാണ് കേന്ദ്രത്തിലേത്. അടുത്ത 25 വര്‍ഷം കൊണ്ട് രാജ്യത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള കഠിനയത്‌നത്തിലാണ് കേന്ദ്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ചടങ്ങില്‍ സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍, എന്‍ എച് എ ഐ റീജിയണല്‍ ഓഫീസര്‍മാരായ എസ് കെ റസാഖ് , ബി എല്‍ മീണ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തില്‍ ഒരു വികസനവും നടക്കില്ല എന്ന ധാരണ മാറി: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഒരു വികസന പ്രവര്‍ത്തനവും നടക്കാന്‍ പോകുന്നില്ല എന്ന പൊതുധാരണ വലിയ തോതില്‍ മാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
ഗതാഗതത്തിന് തുറന്നുകൊടുത്ത കഴക്കൂട്ടം എലിവേറ്റഡ് ഫ്‌ളൈഓവര്‍, കുതിരാന്‍ തുരങ്കപാത എന്നിവയുടെ ഉദ്ഘാടനവും 13 മറ്റ് റോഡ് വികസന പദ്ധതികളുടെ തറക്കല്ലിടലും കേന്ദ്ര റോഡ് ഗതാഗത, ദേശീയപാതാ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് ഒപ്പം സംയുക്തമായി നിര്‍വഹിച്ചശേഷം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയപാതാ വികസനം, ഗെയില്‍ പദ്ധതി തുടങ്ങിയ വന്‍കിട പദ്ധതികള്‍ നടപ്പാക്കുക വഴി കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുമെന്ന നിലയിലേക്ക് ജനങ്ങളുടെ കാഴ്ചപ്പാട് മാറിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ഇച്ഛാശക്തിയുടെ കൂടെ വിജയമാണ് സംസ്ഥാനത്തെ റോഡ് ഗതാഗത വികസന കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. 2016ല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ദേശീയപാതാ വികസനം സ്തംഭനാവസ്ഥയില്‍ ആയിരുന്നു. വികസനത്തിന് മികച്ച റോഡുകള്‍ സുപ്രധാനമാണെന്ന് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ ദേശീയപാതാ വികസനം ഒരു അജണ്ടയായി ഏറ്റെടുത്തു. കേരളം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമാണ്. ജനസാന്ദ്രത കൂടുതലും കൂടുതല്‍ വാഹനപ്പെരുപ്പവും ഭൂമിവില കൂടുതലുള്ളതുമായ സംസ്ഥാനത്ത് ഭൂമിയേറ്റെടുക്കല്‍ ചെലവുള്ള പ്രവൃത്തിയാണ്. അത് കാരണം വികസന പ്രവൃത്തി മുടങ്ങാതിരിക്കാനാണ് ഭൂമി ഏറ്റെടുക്കലിന് വേണ്ട ചെലവിന്റെ 25 ശതമാനം വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നത്. ഈയിനത്തില്‍ 5500 കോടിയിലേറെ രൂപയാണ് സംസ്ഥാനം ചെലവിട്ടത്, മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാതാ വികസനം മുന്‍കാലങ്ങളില്‍ കൃത്യമായ സമയത്ത് നടപ്പാക്കിയിരുന്നെങ്കില്‍ ഇത്രയും തുക ചെലവഴിക്കേണ്ടി വരില്ലായിരുന്നു. കേരളത്തിലെ റോഡ് വികസനകാര്യത്തില്‍ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി തികച്ചും അനുകൂലമായ സമീപനമാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് റോഡ് വികസനത്തിനായി ഭൂമിയേറ്റെടുക്കല്‍ പ്രവൃത്തിക്ക് ഒരുവിധ തടസ്സങ്ങളും ഉണ്ടാവില്ലെന്നും കേന്ദ്രം ഇതുവരെ നല്‍കിയ പിന്തുണ തുടരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. 28 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കുതിരാന്‍ തുരങ്കപാതയ്ക്ക് 1019 കോടി രൂപയാണ് ചെലവിട്ടത്. മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കഴക്കൂട്ടം എലിവേറ്റഡ് ഹൈവേക്ക് 334 കോടി രൂപ ചെലവ് വന്നു. സംസ്ഥാനത്ത് റോഡ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരും വഴിയാധാരം ആകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.