കൊച്ചി: സ്കൂളുകളിലും കോളേജുകളിലും ഡിസൈന്‍ അഭിരുചി വര്‍ധിപ്പിക്കുന്നതിനായി വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിന് താത്പര്യപത്രം കൈമാറി. ഇതു വഴി ആഗോള ഡിസൈന്‍ പാഠ്യപദ്ധതി വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറും.കൊച്ചിയില്‍ നടക്കുന്ന കൊച്ചി ഡിസൈന്‍ വീക്ക് ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങില്‍ വച്ച് വേള്‍ഡ് ഡിസൈന്‍ കൗണ്‍സിലിന്റെ താത്പര്യപത്രം ചെയര്‍പേഴ്സണ്‍ പോള ഗസാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
സ്കൂളുകളിലും കോളേജുകളിലുമുള്ള വിദ്യാര്‍ത്ഥികളില്‍ ഡിസൈന്‍ അഭിരുചി വളര്‍ത്തുക, അഭിരുചി ഉള്ളവര്‍ക്ക് പ്രൊഫഷണലായി ഇതിനെ സമീപിക്കുന്നതിനു വേണ്ടി വേദിയൊരുക്കുക, സ്കൂളുകളിലും കോളേജുകളിലും ഡിസൈന്‍ ക്ലബുകള്‍ തുടങ്ങുക മുതലായവയാണ് വേള്‍ഡ് ഡിസൈന്‍ കൗണ്‍സിലിന്റെ സഹകരണം കൊണ്ടുദ്ദേശിക്കുന്നതെന്ന് പോള ഗസാര്‍ഡ് പറഞ്ഞു.
ഡിസൈന്‍ രംഗത്തെ പുത്തന്‍ ആശയങ്ങളിലും മാതൃകാ രൂപീകരണത്തിലും വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ആവേശം പകരുന്നതാണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ അനൂപ് അംബിക ചൂണ്ടിക്കാട്ടി. അതിശയപ്പെടുത്തുന്ന ആശയങ്ങളാണ് പലപ്പോഴും ഇവര്‍ പങ്കുവയ്ക്കുന്നത്. വേള്‍ഡ് ഡിസൈന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ഡിസൈന്‍ ഹബ്ബാകാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസൈനുമായി ബന്ധപ്പെട്ട മേഖലകളിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളും ചര്‍ച്ച ചെയ്യുന്ന കൊച്ചി ഡിസൈന്‍ വീക്കില്‍ രാജ്യാന്തര വിദഗ്ധരുള്‍പ്പെടെ 2500 ലേറെ പേരാണ് പങ്കെടുക്കുന്നത്. ഡിസൈന്‍ വീക്ക് നാളെ സമാപിക്കും.