കൊച്ചി: സ്റ്റുഡന്റസ് ബിനാലെയുടെ ഭാഗമായി പുതുതലമുറ സ്ട്രീറ്റ് റൂഫ്‌ടോപ് ഡാന്‍സ് ‘ലോസ്റ്റ് ഇന്‍ ദി ഫോറസ്‌ററ്’ അരങ്ങേറി. മണിപ്പൂരില്‍ നിന്നുള്ള നര്‍ത്തകന്‍ ലുലു കേഹെയ്ച് എന്ന ടെന്നിസണ്‍ ഖുലേം ആണ് മട്ടാഞ്ചേരി ട്രിവാന്‍ഡ്രം വെയര്‍ഹൗസില്‍ നവ്യാനുഭവം ഒരുക്കിയത്.
അംഗവിക്ഷേപങ്ങളിലും ഭാവാഭിനയത്തിലും കൂടി കാടിന്റെ പ്രതീതി ജനിപ്പിക്കുന്നതായി ‘ലോസ്റ്റ് ഇന്‍ ദി ഫോറസ്റ്റ്’ അവതരണം. വ്യത്യസ്ത ആവേഗത്തിലുള്ള കാറ്റ്, വൃക്ഷലതാദികള്‍, സൂര്യകിരണങ്ങള്‍, നിഴലുകള്‍, കാടൊച്ചകള്‍, കാഴ്ചകള്‍ തുടങ്ങി കാടിന്റെ വിവിധഭാവങ്ങള്‍ നൃത്തത്തില്‍ അനാവൃതമായി. മനുഷ്യമനസ്സിന്റെ ഈഗോ കാടിന്റെ ഭാവഗാംഭീര്യത്തിനു മുന്നില്‍ അടിയറ വയ്ക്കുന്നതാണ് ‘ലോസ്റ്റ് ഇന്‍ ദി ഫോറസ്റ്റ്’ പ്രമേയമാക്കുന്നത്.
മന്ദഗതിയില്‍ തുടങ്ങി ഊര്‍ജ്ജപ്രവാഹത്തിന്റെ തീവ്രവേഗത്തിലേക്ക് കടക്കുന്ന നര്‍ത്തകന്റെ ദേഹം നിശ്ചിത ആകൃതിയും രൂപവുമില്ലാത്ത ദ്രവസമാനമായി തീര്‍ന്നു കല്ലിലും മരത്തിലും പതിക്കുന്നു. കവിതയിലും തത്പരനായ നര്‍ത്തകന്‍ ലുലു ഇംഫാല്‍ കോളേജില്‍ മണിപ്പൂര്‍ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്.