കൊച്ചി: കുഞ്ഞുങ്ങള്‍ക്ക് തൊട്ടില് വാങ്ങാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ആ തൊട്ടില് കളിപ്പാട്ടവും പിന്നീട് ട്രോളി ബാഗും ആയാലോ. ബോള്‍ഗാട്ടി ഐലന്റില്‍ നടന്ന കൊച്ചി ഡിസൈന്‍ വീക്കില്‍ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിലെ വിദ്യാര്‍ത്ഥികളാണ് ഈ വിവിധോദ്യേശ തൊട്ടില് ഡിസൈന്‍ ചെയ്തത്.
ആടുംകസേരയുടെ മാതൃകയിലാണ് കെഎസ്ഐഡിയിലെ വിദ്യാര്‍ഥികള്‍ ഈ തൊട്ടില് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആദ്യത്തെ ഒരു വര്‍ഷത്തോളം തൊട്ടിലായി ഉപയോഗിക്കാം. പിന്നീട് കുഞ്ഞു വലുതാകുന്നതിനൊപ്പം ആടുംകുതിരയായി ഉപയോഗിക്കാനാകും വിധം മാറ്റാവുന്ന തരത്തിലാണിതിന്റെ ഡിസൈനെന്ന് ബിരുദവിദ്യാര്‍ഥി അമിത് പോള്‍ പറഞ്ഞു.
കുഞ്ഞ് വലുതാകുന്നതോടെ ഈ തൊട്ടില് സ്യൂട്ട് കേസ് ആയി മാറ്റാനാകും. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഇത് ട്രോളി ബാഗായി ഉപയോഗിക്കാവുന്ന രീതിയില്‍ ചക്രങ്ങളും അടച്ചുറപ്പ് സംവിധാനവും തൊട്ടിലിനൊപ്പം നല്‍കുമെന്നും അമിത് പറഞ്ഞു.
ഇതു കൂടാതെ കുട്ടികളെ ആകര്‍ഷിക്കുന്ന നിരവധി ഗെയിമുകളും ഇവിടുത്തെ വിദ്യാര്‍ഥികള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. പൈറേറ്റ്സ് ഓഫ് അറേബ്യന്‍ സീ എന്ന പകിടകളി. കൊച്ചി, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍ എന്നീ തുറമുഖങ്ങളിലൂടെയാണ് കളി പുരോഗമിക്കുന്നത്. കച്ചവടം നടത്താനായി എത്തുന്നയാള്‍ കടല്ക്കൊള്ളത്തലവനാകുന്നതാണ് കളിയെന്ന് ഇത് രൂപകല്‍പ്പന ചെയ്ത പി ജി വിദ്യാര്‍ഥി ഹേമന്ത് പറഞ്ഞു.
ലൂഡോ മാതൃകയില്‍ കളിക്കുന്ന ബാങ്ക് കൊള്ളയാണ് അമിത് പോള്‍ ഡിസൈന്‍ ചെയ്ത മറ്റൊരു ഗെയിം. രണ്ട് പേരുള്ള ആറ് സംഘങ്ങളായി കള്ളന്മാര് ബാങ്ക് കൊള്ളയടിക്കാനായി എത്തുന്നതും, ഖജനാവില്‍ കയറിപ്പറ്റാനുള്ള സൂത്രവഴികളും മറ്റുമാണ് ഇതിന്റെ ഘടകങ്ങള്‍.
ഇതു കൂടാതെ ആദിവാസി സമൂഹത്തിന്റെ ഉത്പന്നങ്ങള്‍ക്ക് മുഖ്യധാരാ വിപണി കണ്ടെത്തി ലോകനിലവാരത്തില്‍ വിപണിയിലെത്തിക്കുന്ന മഞ്ജു വാസുദേവിന്റ് ‘ഫോറസ്റ്റ് പോസ്റ്റ്’, പഴയ തുണി വാങ്ങി അത് പുനരുപയോഗിക്കാവുന്ന നിലയിലാക്കി നല്കുന്ന സനായുടെ ‘സ്വാബ്’, പഴയ പത്രക്കടലാസുകള്‍ സംസ്ക്കരിച്ച് പുതിയ കടലാസ് ഉണ്ടാക്കുന്ന ഹിലോണി കെ ഷായുടെ ‘പെപ്പിയര്‍ കള്‍ച്ചര്‍’, ക്ഷേത്രങ്ങളിലെ ഉപയോഗിച്ച പുഷ്പങ്ങള്‍ കൊണ്ട് ചന്ദനത്തിരിയുണ്ടാക്കുന്ന മായാവിവേകിന്റെ ‘ഹോളിവേസ്റ്റ്’, കളിമണ്‍ കലാവസ്തുക്കളുമായി അനു ചീരാന്റെ ‘ദി ലിറ്റില്‍ ഗോള്‍ഡ് ഫിഷ്’, പഴയ ചില്ല് കുപ്പികള്‍ കൊണ്ട് കൗതുക വസ്തുക്കള്‍ ഉണ്ടാക്കുന്ന രഞ്ജിനി തമ്പിയുടെ ‘വാപസി’ തുടങ്ങിയവയും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു.
ഡിസൈനുമായി ബന്ധപ്പെട്ട മേഖലകളിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുള്‍പ്പെടെ ചര്‍ച്ച ചെയ്ത സമ്മേളനത്തില്‍ രാജ്യാന്തര വിദഗ്ധരുള്‍പ്പെടെ 2500 ലേറെ പേരാണ് പങ്കെടുത്തത്. കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷന്‍ സോണ്‍, ബോള്‍ഗാട്ടി പാലസ് എന്നിവിടങ്ങളില്‍ ഒരാഴ്ചയായി നടന്ന കൊച്ചി ഡിസൈന്‍ വീക്ക് ശനിയാഴ്ച സമാപിച്ചു.