കാക്കനാട് വനിതാ മിത്ര കേന്ദ്രം ഉദ്ഘാടനം ചെയ്തു
കൊച്ചി: സ്ത്രീകള്‍ സാമ്പത്തിക സ്വാശ്രയത്വം നേടുകയെന്നത് വനിതാ ശാക്തീകരണത്തില്‍ പ്രധാനമാണെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാക്കനാട് കുന്നുംപുറത്ത് വനിതാ വികസന കോര്പറേഷന് പുതുതായി ആരംഭിച്ച വനിതാ മിത്ര കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വനിതാ വികസന കോര്പറേഷന് വഴി ഈ സാമ്പത്തിക വര്‍ഷം 120 കോടി രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്. ഒരു വായ്പയില്‍ നിന്ന് കുറഞ്ഞത് മൂന്നു തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുന്ന നാലു വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തൊഴില്‍ ആവശ്യങ്ങള്‍ക്കായി വീടുകളില്‍ നിന്ന് മാറിനില്‍ക്കുന്ന ഓരോ സ്ത്രീക്കും സുരക്ഷിത താമസവും യാത്ര സൗകര്യവുമൊരുക്കേണ്ടതുണ്ട്. അത്തരത്തിലുള്ള സുരക്ഷിത താമസ സ്ഥലമെന്ന സുപ്രധാന ചുവടുവയ്പ്പാണ് വനിതാ മിത്ര കേന്ദ്രങ്ങളിലൂടെ വനിതാ വികസന കോര്പറേഷന് ലക്ഷ്യമിടുന്നത്. ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ ഒപ്പം നിര്‍ത്താനുള്ള സൗകര്യവും കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വനിതാ വികസന കോര്പറേഷന് നല്കുന്ന വിവിധ വായ്പകളുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പന് അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ റാഷിദ് ഉള്ളമ്പള്ളി, വനിതാ വികസന കോര്പ്പറേഷന് മാനേജിങ് ഡയറക്ടര്‍ വി.സി ബിന്ദു, റീജിയണല്‍ മാനേജര്‍ എം.ആര് രംഗന്, ഡയറക്ടര്‍മാരായ ടി.വി അനിത, പെണ്ണമ്മ തോമസ്, ആര്.ഗിരിജ, എം.ഡി. ഗ്രേസ്, ഷീബ ലിയോണ്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പ്രേംന മനോജ് ശങ്കര്‍, കെല് ജനറല്‍ മാനേജര്‍ ഇ.വി ഇന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.