ഇകോര്‍ട്ട് സംവിധാനം വഴി നീതിനിര്‍വഹണം കൂടുതല്‍ സുതാര്യവും കാര്യക്ഷമവും ജനസൗഹൃദവുമാകും: മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: ഇകോര്‍ട്ട് സംവിധാനം നിലവില്‍ വരുന്നതോടെ നീതി നിര്‍വഹണം കൂടുതല്‍ സുതാര്യവും കാര്യക്ഷമവും ജനസൗഹൃദവുമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഹൈക്കോടതിയില്‍ വിജിലന്‍സ് കേസ് മാനേജ്‌മെന്റ് സിസ്റ്റം മൊഡ്യൂള്‍ എന്ന ഓണ്‍ലൈന്‍ സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിജിലന്‍സിന്റെ ആറു കോടതികളെ ഇകോര്‍ട്ട് സംവിധാനവുമായി ബന്ധിപ്പിക്കുകയാണ്. കോടതി നടപടികള്‍ വേഗത്തിലും സുതാര്യമായും നടത്തപ്പെടുന്നതിന് പദ്ധതി ഉപകരിക്കും. കടലാസ് രഹിത സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ നീതിന്യായ കോടിതളെല്ലാം ഇകോര്‍ട്ട് സംവിധാനത്തിലേക്ക് മാറുകയാണ്. ഇതോടൊപ്പം കോടതി രേഖകള്‍ ന്യായാധിപരുടെ മുന്നില്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ എത്തും. സുപ്രീകോടതി നടപ്പാക്കിയ ഇകോര്‍ട്ട് സംവിധാനം സംസ്ഥാനത്തെ ഹൈക്കോടതിയിലും ജില്ലാ കോടതികളിലും മറ്റു കോടതികളിലും വ്യാപിപ്പിക്കും. അതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ആറ് വിജിലന്‍സ് കോടതികളെ ഇസംവിധാനത്തിലേക്ക് ബന്ധിപ്പിക്കുന്നത്. ഇതുവഴി കേസുകള്‍ തിരയാനും അപേക്ഷകള്‍ നല്‍കാനും കേസുകളുടെ തത്സ്ഥിതി അറിയുന്നതിനും വിധിപ്പകര്‍പ്പുകള്‍ ലഭിക്കാനും ഓണ്‍ലൈന്‍ വഴി കഴിയും. വിചാരണ നടപടികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാനും സാധിക്കും. ഇതുവഴി നീതിനിര്‍വഹണം കൂടുതല്‍ സുതാര്യവും കാര്യക്ഷമവും ജനസൗഹൃദവുമാകും. ആറ് വിജിലന്‍സ് കോടതികളിലായി 1400 ലധികം അഴിമതി കേസുകളാണുള്ളത്. അഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള 800 കേസുകളുണ്ട്. തീര്‍പ്പാക്കാതെ കിടക്കുന്നുണ്ട്. ഇകോര്‍ട്ട് യാഥാര്‍ഥ്യമാകുന്നതോടെ ഈ അവസ്ഥയ്ക്ക് പരിഹാരമാകും.
ജുഡീഷ്യല്‍ സംവിധാനത്തിന്റെ വേഗതയും സുതാര്യതയും ഉറപ്പുവരുത്താന്‍ സഹായിക്കും. വിജിലന്‍സ് കേസ് മാനേജ്‌മെന്റ് സിസ്റ്റം സോഫ്റ്റ് വെയറിലൂടെ ഇഎഫ്‌ഐആര്‍, കുറ്റപത്രം എന്നിവ സമര്‍പ്പിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി. പോക്‌സോ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും ഇകോര്‍ട്ട് സംവിധാനം പ്രയോജനകരമാകും. ഇരകളാകുന്ന കുട്ടികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴി നല്‍കാനാകും. ഇത് കുട്ടികളില്‍ മനക്കരുത്തും അഭിമാന ബോധവും വളര്‍ത്തും. ഡിജിറ്റലൈസേഷന്റെ ഭാഗമായി ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സുതാര്യമായും കാര്യക്ഷമമായും നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അഴിമതി മുക്ത സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സീറോ ടോളറന്‍സ് ടു കറപ്ഷന്‍ എന്ന നയം നടപ്പാക്കി. അഴിമതിക്ക് അവസരം നല്‍കാതെ അഴിമതിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തുന്ന ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത പരിശോധിക്കുന്നതിന് സൈബര്‍ സെല്ലുകളും ഭരണകാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആശയവിനിമയം വേഗത്തിലാക്കുന്നതിന് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനവും വിജിലന്‍സ് ബ്യൂറോയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിജിലന്‍സ് കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതുജനങ്ങള്‍ക്കും വേഗത്തില്‍ ലഭ്യമാക്കുന്നതിന് വിജിലന്‍സ് സ്യൂട്ട് എന്ന ഡേറ്റാ ബാങ്കും പ്രവര്‍ത്തിക്കുന്നു. പ്രതികളെ നേരിട്ട് കോടതികളില്‍ ഹാജരാക്കുന്നതിന് മാറ്റം വരുത്തുന്നതിനും കോടതി നടപടികള്‍ ലളിതമാക്കുന്നതിനുമായി ആരംഭിച്ച പീപ്പിള്‍ ലിങ്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഇഗവേണന്‍സിലൂടെ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഐടി സേവനങ്ങളുടെ ഉദ്ഘാടനം ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ നിര്‍വഹിച്ചു. ഫാമിലി കോര്‍ട്ട് കേസ് മൊഡ്യൂള്‍, ഇപോസ്റ്റ് ഇന്റഗ്രേഷന്‍, മെഷീന്‍ ഡെലിവറി ഓഫ് സര്‍ട്ടിഫൈഡ് കോപ്പി ആന്റ് ഇന്‍ട്രാ കോര്‍ട്ട് അപ്പീല്‍സ്/റിവിഷന്‍ മൊഡ്യൂള്‍, ഓണ്‍ലൈന്‍ ആര്‍ടിഐ പോര്‍ട്ടല്‍ എന്നീ സേവനങ്ങളുടെയും ഐടി പരിശീലന ഹാളിന്റെയും ഉദ്ഘാടനമാണ് ചീഫ് ജസ്റ്റിസ് നിര്‍വഹിച്ചത്. സുവനീര്‍ പ്രകാശനം മുഖ്യമന്ത്രി ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.എന്‍. അനില്‍ കുമാറിന് കൈമാറി നിര്‍വഹിച്ചു.ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ് ജസ്റ്റിസ് എസ്. വി. ഭാട്ടി അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജനറല്‍ അഡ്വ. കെ. ഗോപാലകൃഷ്ണ കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ.എസ്. ബിജു, ഡെപ്യൂട്ടി സോളിസിറ്റല്‍ ജനറല്‍ ഓഫ് ഇന്ത്യ അഡ്വ.എസ്. മനു, ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ മഞ്ജു പ്രസന്നന്‍ പിള്ള, കംപ്യൂട്ടറൈസേഷന്‍ കം ഐടി ഡയറക്ടര്‍ ജി. ഗോപകുമാര്‍, രജിസ്ട്രാര്‍ പി.ജെ. വിന്‍സെന്റ് തുടങ്ങിയവര്‍ പങ്കെടുത്തു.