ആര്യാട് ഗോപി അനുസ്മരണവും ദൃശ്യമാധ്യമ അവാർഡ് സമർപ്പണവും: മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു.

കൊല്ലം: കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡൻ്റും ജനയുഗം വാരിക എഡിറ്ററുമായിരുന്ന ആര്യാട് ഗോപിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ദൃശ്യമാധ്യമ അവാർഡ് സമർപ്പണവും അനുസ്മരണ സമ്മേളനവും പ്രസ്സ് ക്ലബ്ബിൽ ഹാളിൽ സംസ്ഥാന ക്ഷീര -മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി.ജെ. ചിഞ്ചുറാണി  നിർവ്വഹിച്ചു. ശ്രീ.സെബാസ്റ്റ്യൻ പോൾ എക്സ് എം.പി ‘സാഹിത്യവും പത്രപ്രവർത്തനവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
മികച്ച അന്വേഷണാത്മക റിപ്പോർട്ടർക്കുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് കോട്ടയം ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ എസ്.ശ്യാംകുമാറിനും.  ഹ്യൂമൻ ഇൻ്ററസ്റ്റ് സ്റ്റോറിയുടെ മികച്ച ദൃശ്യത്തിന് ക്യാമറാമാനുള്ള അവാർഡ് മനോരമ ന്യൂസ് അരൂർ യൂണിറ്റിലെ സീനിയർ ക്യാമറാമാൻ സജീവ്.വി ക്കും മന്ത്രി ജെ.ചിഞ്ചുറാണി സമ്മാനിച്ചു.
യഥാർത്ഥ പ്രതിയുമായുള്ള പേരിൻ്റെ സാമ്യം കാരണം ഒരു നിരപരാധി പോലീസിൻ്റെ വേട്ടയാടലിന് വിധേയമാകുന്നത് കാട്ടിത്തന്നതാണ് ശ്യാംകുമാറിന് അവാർഡ്‌ നേടിക്കൊടുത്തത്. കൊല്ലം വെളിനല്ലൂർ സ്വദേശി വിനോയ് ജോസഫിനെ വാർത്തയെ തുടർന്ന് കേസുകളിൽ നിന്ന് ഒഴിവാക്കേണ്ടി വന്നു. ഹരിപ്പാട് സ്വദേശിയായ ശ്യാംകുമാർ  ഏഷ്യാനെറ്റ് ന്യൂസ്  കൊല്ലം ബ്യൂറോ      ചീഫായിരിക്കെ  2022 ഏപ്രിൽ 21ന് ആണിവാർത്ത ടെലികാസ്റ്റ് ചെയ്തത്.
ഓരോരുത്തരുടെയും ജീവിതയാത്രയിലെ സുഖ-ദു:ഖങ്ങളുടെ അടയാളമാണ് പാദങ്ങൾ .ശബരിമല തീർത്ഥാടകരുടെ കാൽപ്പാദങ്ങളുടെ ചലനങ്ങളിലൂടെ അതിജീവനത്തിൻ്റെയും പ്രതീക്ഷയുടെയും നേർക്കാഴ്ചയാണ് സജീവ് വി.പകർത്തിയത്. 2022 ജനുവരി 11ന് മനോരമ ന്യൂസിൽ ടെലികാസ്റ്റ് ചെയ്തതാണ് . വർക്കല സ്വദേശിയാണ് സജീവ്.
ആദിവാസി കോളനികളിലെ പെൺകുട്ടികളെ പ്രണയ കുരുക്കിൽപെടുത്തി ചൂഷണം ചെയ്യുന്നവരെക്കുറിച്ച് മനോരമ ന്യൂസ് റിപ്പോർട്ടർ അനിറ്റ സെബാസ്റ്റ്യൻ നൽകിയ റിപ്പോർട്ടും മനോനില താളം തെറ്റിയ ഉമ്മയുടെയും ചങ്ങലയ്ക്കിട്ടിരിക്കുന്ന മകൻ്റെയും ദുരിത കാഴ്ച കാട്ടിത്തന്ന മാതൃഭൂമി ന്യൂസ് ക്യാമറാമാൻ ഷാജു കെ.വിയുടെ ദൃശ്യങ്ങളും ഇരു വിഭാഗത്തിലും ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായിരുന്നു.
ആര്യാട് ഗോപിയുടെ സ്മരണാർത്ഥം നൽകുന്ന അഞ്ചാമത്തെ അവാർഡാണിത്.
10001 രൂപയും ഫലകവും അടങ്ങുന്ന അവാർഡ്  കൊല്ലം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി സമ്മാനിച്ചു. മുൻ എം.പി. ഡോ. സെബാസ്റ്റ്യൻ പോൾ  ‘സാഹിത്യവും പത്രപ്രവർത്തനവും ‘ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
പ്രസ് ക്ലബ് പ്രസിഡൻ്റ് ജി..ബിജു, സെക്രട്ടറി സനൽ ഡി.പ്രേം, ആര്യാട് ഗോപി കുടുംബ ട്രസ്റ്റ് ഭാരവാഹികളായ വൽസലകുമാരി, ലാലി വി.ആര്യാട് ,ബൈജു അര്യാട്  Dr. രമ്യ വി ആര്യാട് തുടങ്ങിയവർ പങ്കെടുത്തു.