മാറുന്ന കാലത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചു ടൂറിസം മേഖലയെ ഉയര്‍ത്തുക ലക്ഷ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: മാറുന്ന കാലത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് കൂടുതല്‍ ഉയരങ്ങളിലേക്ക് ടൂറിസം മേഖലയെ ഉയര്‍ത്തുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും ചേര്‍ന്നു കനകക്കുന്നില്‍ സംഘിടിപ്പിക്കുന്ന പുഷ്‌പോത്സവം നഗരവസന്തം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ സമാധാന അന്തരീക്ഷവും ജനങ്ങളും ഐക്യവും കാത്തുസൂക്ഷിക്കേണ്ടതു ടൂറിസം മേഖലയുടെ വളര്‍ച്ചയില്‍ പ്രധാനമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോക ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടും കലാപങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും മൂലം തകര്‍ന്നുപോയ വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജ്യങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയില്‍ വലിയ ചുവടുവയ്പ്പുകള്‍ നടത്താന്‍ സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്. പുഷ്പമേളയുടെ ഭാഗമായി നൈറ്റ് ലൈഫ് സജീവമാക്കാനുള്ള ചുവടുവയ്പ്പുണ്ട്. കേരളത്തിന്റെ പരമ്പരാഗത കലകളും ഭക്ഷണവും വിനോദ സഞ്ചാരികള്‍ക്കു പരിചയപ്പെടത്തുംവിധമാണ് ഇതു ക്രമീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രന് റോസാച്ചെടി നല്‍കി പുഷ്പമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.
സംസ്ഥാനം രൂപീകൃതമായ ശേഷം ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികള്‍ കേരളത്തിലെത്തിയ വര്‍ഷമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഈ വര്‍ഷം സെപ്റ്റംബര്‍വരെയുള്ള കണക്കനുസരിച്ച് 1.34 കോടി ആഭ്യന്തര വിനോദ സഞ്ചാരികള്‍ കേരളത്തില്‍ എത്തി. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ഇത് ഒന്നരക്കോടിയോളമാകുമെന്നും ഇതു സര്‍വകാല റെക്കോഡാണെന്നും മന്ത്രി പറഞ്ഞു. വിനോദ സഞ്ചാര വകുപ്പ് ഒരുക്കിയ വൈദ്യതി ദീപാലങ്കാരങ്ങളുടെ സ്വിച് ഓണ്‍ അദ്ദേഹം നിര്‍വഹിച്ചു. മന്ത്രിമാരായ ജി.ആര്‍. അനില്‍, ആന്റണി രാജു, റോഷി അഗസ്റ്റിന്‍, വി.കെ. പ്രശാന്ത് എംഎല്‍എ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്നു റിഗാറ്റ നാട്യ സംഗീത കേന്ദ്രയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്ത പരിപാടി അരങ്ങേറി.