ബ്രഹ്മപുരം ആരോഗ്യ പ്രശ്‌നങ്ങള്‍ വിദഗ്ധ സമിതി പഠിക്കും: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ സര്‍വേ ആരംഭിച്ചു, 1576 പേരുടെ വിവരങ്ങള്‍ ശേഖരിച്ചു

കൊച്ചി/തിരുവനന്തപുരം: ബ്രഹ്മപുരത്തെ സംബന്ധിച്ചുള്ള ഹ്രസ്വവും ദീര്‍ഘവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിദഗ്ധ സമിതി പഠനം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സമഗ്ര റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പിലെ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാനത്തേയും പുറത്തേയും വിവിധ മേഖലകളിലെ ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച നടത്തി. പുക ശ്വസിച്ച് മരണമുണ്ടായതായി പരാതിയുള്ള സംഭവത്തില്‍ ഡെത്ത് ഓഡിറ്റ് നടത്തുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി മന്ത്രി മറുപടി നല്‍കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതിപക്ഷ നേതാവ് അവാസ്തവമായ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരമാണ്. കൊച്ചിയില്‍ ഒരാരോഗ്യ പ്രശ്‌നവുമില്ല എന്ന് താന്‍ പറഞ്ഞതായി അദ്ദേഹം പറയുന്നത് തീര്‍ത്തും തെറ്റായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.
ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ വായു മലീനികരണമുണ്ടായ സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സര്‍വേ ആരംഭിച്ചു. ഇന്ന് വൈകുന്നേരം വരെ 1576 പേരുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഇതില്‍ 13 ഗര്‍ഭിണികള്‍, 10 കിടപ്പ് രോഗികള്‍, 501 മറ്റ് അസുഖങ്ങള്‍ ഉളളവര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
ആരോഗ്യ സര്‍വേ നടത്തുന്ന ആശ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപാടി പൂര്‍ത്തിയായി. മൂന്ന് ട്രെയിനിങ് പ്രോഗ്രാമുകളിലായി 148 ആശ പ്രവര്‍ത്തകര്‍ക്ക് ഇന്ന് പരിശീലനം നല്‍കി. ഇതോടെ രണ്ടു ദിവസങ്ങളിലായി 350 ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. നിലവില്‍ സഹായം ആവശ്യമുള്ളവരെ ഉടന്‍ കണ്ടെത്തി സേവനങ്ങള്‍ നല്‍കുന്നതിനും കിടപ്പ് രോഗികള്‍, ഗര്‍ഭിണികള്‍, മറ്റ് ഗുരുതര അസുഖങ്ങള്‍ ഉള്ളവര്‍ തുടങ്ങിയ കൂടുതല്‍ ശ്രദ്ധ ആവശ്യമായ ആളുകളെ കണ്ടെത്തി തുടര്‍ നിരീക്ഷണങ്ങളും സേവനങ്ങളും നല്‍കുന്നതിനാണ് വിവരശേഖരണം നടത്തുന്നത്.
എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. വിവിധ മെഡിക്കല്‍ കോളേജുകളിലെ മെഡിസിന്‍, പള്‍മണോളജി, ഓഫ്ത്താല്‍മോളജി, പിഡിയാട്രിക്, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി വരുന്നു. എക്‌സ്‌റേ, അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, എക്കോ, കാഴ്ചപരിശോധന എന്നീ സേവനങ്ങള്‍ ലഭ്യമാണ്. ഇതിനു പുറമെ, എല്ലാ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകളും പ്രവര്‍ത്തനമാരംഭിച്ചു.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള 6 മൊബൈല്‍ യൂണിറ്റുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ മൊബൈല്‍ യൂണിറ്റുകളിലൂടെ 544 പേര്‍ക്ക് സേവനം നല്‍കി.

ബ്രഹ്മപുരം: എംപവേഡ് കമ്മിറ്റി യോഗം ബുധനാഴ്ച

ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തമുണ്ടായ സാഹചര്യത്തില്‍ രൂപീകരിച്ച എംപവേഡ് കമ്മിറ്റിയുടെ ആദ്യ യോഗം മാര്‍ച്ച് 15 ബുധനാഴ്ച രാവിലെ 10 ന് കളക്ടറുടെ ചേംബറില്‍ ചേരും. തീപിടിത്തത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വിവിധ വകുപ്പ് മേധാവികളെ ഉള്‍ക്കൊള്ളിച്ച് എംപവേഡ് കമ്മിറ്റി രൂപീകരിച്ചത്

മൊബൈല്‍ മെഡിക്കല്‍ ക്യാമ്പ് : രണ്ടാം ദിനം സന്ദര്‍ശിച്ചത് 455 പേര്‍

ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന മൊബൈല്‍ മെഡിക്കല്‍ ക്യാമ്പിന്റെ രണ്ടാം ദിവസം ചികിത്സ തേടിയത് 455 പേര്‍. തൃക്കാക്കര, തൃപ്പൂണിത്തുറ നഗരസഭകളിലേയും കൊച്ചി കോര്‍പ്പറേഷനിലെയും വിവിധ മേഖലകളിലായിരുന്നു ക്യാമ്പുകള്‍ നടത്തിയത്. അഞ്ച് യൂണിറ്റുകളായിരുന്നു ചൊവ്വാഴ്ചത്തെ മൊബൈല്‍ മെഡിക്കല്‍ ക്യാമ്പില്‍ നടത്തിയത്. തൃക്കാക്കരയിലും തൃപ്പൂണിത്തുറയിലും ഓരോ യൂണിറ്റുകള്‍ വീതവും കോര്‍പ്പറേഷന്‍ പരിധിയില്‍ മൂന്ന് യൂണിറ്റുകളുമായിരുന്നു ഉണ്ടായിരുന്നത്. തൃക്കാക്കര നഗരസഭയില്‍ സുരഭി നഗര്‍ വായനശാലയ്ക്ക് സമീപം നടത്തിയ ക്യാമ്പില്‍ 52 പേരായിരുന്നു പരിശോധനയ്ക്ക് എത്തിയത്. നിലംപതിഞ്ഞിമുകള്‍ ഭാഗത്തെ ക്യാമ്പില്‍ 78 പേരുമെത്തി. തൃപ്പൂണിത്തുറയിലെ ആദ്യ ക്യാമ്പ് നടന്നത് ഇരുമ്പനം എല്‍.പി സ്‌കൂളിന് സമീപത്തായിരുന്നു. 140 പേര്‍ ഇവിടെയും പിന്നീട് കടകോടം ഭാഗത്ത് സംഘടിപ്പിച്ച ക്യാമ്പില്‍ 45 പേരും സന്ദര്‍ശിച്ചു. കോര്‍പ്പറേഷന്‍ ഭാഗങ്ങളില്‍ കുടുമ്പി കോളനി, വൈറ്റില, ഗിരിനഗര്‍, ചമ്പക്കര, തമ്മനം, ചങ്ങമ്പുഴ പാര്‍ക്ക് എന്നിവിടങ്ങളിലായിരുന്നു മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയത്.
കുടുമ്പി കോളനിക്ക് സമീപത്തെ ക്യാമ്പില്‍ 21 പേരും വൈറ്റില ജനത ഭാഗത്ത് നടത്തിയ ക്യാമ്പില്‍ 23 പേരും പങ്കെടുത്തു. ഗിരിനഗര്‍ കമ്യൂണിറ്റി ഹാളില്‍ 29 പേര്‍ ചികിത്സ തേടിയപ്പോള്‍ ചമ്പക്കര എസ്.എന്‍.ഡി.പി ഹാളില്‍ 14 പേരും ചികിത്സ തേടി. തമ്മനം ലേബര്‍ കോളനിയില്‍ 20 പേരും ചങ്ങമ്പുഴ പാര്‍ക്കിന് സമീപം 33 പേരുമായിരുന്നു സന്ദര്‍ശിച്ചത്
ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീല്‍ഡ് തലത്തില്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ നടത്തുന്നത്. യൂണിറ്റുകളില്‍ മെഡിക്കല്‍ ഓഫീസര്‍, നഴ്‌സിംഗ് ഓഫിസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരുടെ സേവനവും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സ്‌റ്റെബിലൈസേഷന്‍ സംവിധാനവും നെബുലൈസേഷന്‍ അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഉണ്ട്. മിനി സ്‌പൈറോമീറ്റര്‍ അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.