കൊച്ചി ഡിസൈന്‍ വീക്ക് ഉച്ചകോടി 16,17 തിയ്യതികളില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: ഡിസൈന്‍ രംഗത്തെ അന്താരാഷ്ട്ര പ്രവണതകള്‍ അവതരിപ്പിക്കാനും അനുവര്‍ത്തിക്കാനും ലക്ഷ്യമിട്ട്് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആതിഥേയത്വം വഹിക്കുന്ന കൊച്ചി ഡിസൈന്‍ വീക്കിന് വെള്ളിയാഴ്ച തുടക്കമാകും. കൊച്ചി ബോള്‍ഗാട്ടി ഐലന്റില്‍ നടക്കുന്ന ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ പത്തു മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ്, വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ ഹോണററി ചെയര്‍ പോല ഗസാര്‍ഡ്, വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ അംഗം പ്രദ്യുമ്‌ന വ്യാസ്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, ജെയിന്‍ സര്‍വകലാശാല പ്രൊ വിസി ജെ ലത, അസറ്റ് ഹോംസ് എംഡി സുനില്‍ വി എന്നിവര്‍ സംബന്ധിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ 21 വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും പ്രഭാഷണങ്ങളും നടക്കും. ഡിസൈന്‍ കേരളത്തിലെ സാധ്യതകള്‍, ലോകോത്തര ഡിസൈന്‍ ആവാസവ്യവസ്ഥയുടെ സാധ്യതകള്‍, മെച്ചപ്പെട്ട വിഷയരൂപീകരണം, ഓഡിയോ-വീഡിയോ-ഗെയിമിംഗ്-കാര്‍ട്ടൂണ്‍ എന്നിവയുടെ ഇന്ത്യയിലെ ഭാവി, ഈ മേഖലയെ ശക്തിപ്പെടുത്താനുള്ള വഴികള്‍, കൊച്ചിയുടെ ഡിസൈന്‍ ഭാവി, മലയാള സിനിമാ വ്യവസായത്തിലെ ഉപയോഗപ്പെടുത്താത്ത അന്താരാഷ്ട്രസാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ച മുഖ്യ ആകര്‍ഷണമാണ്. ഹൈബി ഈഡന്‍ എംപി, കെഎസ്‌ഐഡിസി എം ഡി എസ് ഹരികിഷോര്‍, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ്ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, ഇംഗ്ലണ്ടിലെ ജോണ്‍ മൂര്‍സ് സര്‍വകലാശാല പ്രൊഫസര്‍ ഡോ. എമ്മ റോബര്‍ട്‌സ്, ചലച്ചിത്ര സംവിധായകരായ ബി ഉണ്ണികൃഷ്ണന്‍, മേജര്‍ രവി, ചലച്ചിത്രതാരം വിനയ് ഫോര്‍ട്ട്, തുടങ്ങി വിവിധ മേഖലകളിലെ അമ്പതോളം പ്രമുഖരാണ് രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.തൈക്കൂടം ബ്രിഡ്ജ്, സോപാനസംഗീതം, ദി ലോസ്റ്റ് സര്‍ക്കസ്, റിഥം എന്നിവയുടെ സംഗീത പരിപാടികള്‍, തകര ബാന്‍ഡിന്റെ സംഗീത നിശ, ചെണ്ടമേളം, ഗ്രീന്‍ ഫോളിയം ബാന്‍ഡിന്റെ കലാപരിപാടികള്‍ എന്നിവയുണ്ടാകും. ഇതിനു പുറമെ ലോകകപ്പ് ആവേശം നിറയ്ക്കുന്നതിനായി ശനിയാഴ്ച നടക്കുന്ന ലൂസേഴ്‌സ് ഫൈനല്‍ മത്സരം ബിഗ് സ്‌ക്രീനില്‍ തത്സമയം പ്രദര്‍ശിപ്പിക്കും. വിവിധ മേഖലകളില്‍ നിന്നുള്ള കലാകാരന്‍മാര്‍ ഒരുക്കുന്ന 22 പ്രതിഷ്ഠാപനങ്ങളും ഡിസൈന്‍ വീക്കിന്റെ ആകര്‍ഷണങ്ങളാണ്. ആര്‍ക്കിടെക്ച്ചര്‍, ഡിജിറ്റല്‍ ആര്‍ട്ട്, ഗ്രാഫിക്‌സ്, ദാരുശില്‍പങ്ങള്‍, ചിത്രകല, സൂക്ഷ്മകല തുടങ്ങിയ മേഖലകളിലാണ് പ്രതിഷ്ഠാപനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഡിസൈനുമായി ബന്ധപ്പെട്ട മേഖലകളിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ രാജ്യാന്തര വിദഗ്ധരുള്‍പ്പെടെ 2500 ലേറെ പേരാണ് പങ്കെടുക്കുന്നത്. ആര്‍ക്കിടെക്റ്റുകള്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, ബില്‍ഡര്‍മാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരെ ഒരുമിച്ചു പങ്കെടുപ്പിക്കുന്ന ആദ്യ ഉച്ചകോടിയെന്ന പ്രത്യേകതയും കൊച്ചി ഡിഡൈന്‍ വീക്കിനുണ്ട്. അന്തര്‍ദേശീയ വ്യവസായ സ്ഥാപനങ്ങളായ വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്‍, വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ എന്നിവയ്ക്ക് പുറമേ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈനേഴ്‌സ് (ഐഐഐഡി), തുടങ്ങിയ ദേശീയ സ്ഥാപനങ്ങളും കൊച്ചി ഡിസൈന്‍ വീക്കുമായി സഹകരിക്കുന്നുണ്ട്.