സഹകരണ സംഘം ഭേദഗതി ബില്ല്: നിയമസഭാ സെലക്റ്റ് കമ്മിറ്റി മഹാരാഷ്ട്ര സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സഹകരണവും രജിസ്‌ട്രേഷനും വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തിലുള്ള നിയമസഭാ സെലക്ട് കമ്മിറ്റി മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. മഹാരാഷ്ട്ര വിധാന്‍ സഭയില്‍ നടന്ന ചര്‍ച്ചയില്‍ സമിതി അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.
2022ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്‍ പഠിക്കുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള സെലക്റ്റ് കമ്മിറ്റിയാണു ജൂണ്‍ 19, 20 തീയതികളില്‍ മഹാരാഷ്ട്രയില്‍ സന്ദര്‍ശനം നടത്തുന്നത്. പഠനത്തിന്റെ ഭാഗമായി സെലക്റ്റ് കമ്മിറ്റി കേരളത്തില്‍ നിരവധി യോഗങ്ങള്‍ കൂടുകയും പൊതുജനങ്ങളില്‍ നിന്നും സഹകരണ മേഖലയില്‍ അടുത്തിടപെടുന്നവരില്‍നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് ഏറ്റവുമധികം സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനം എന്ന നിലയിലാണു മഹാരാഷ്ട്ര സന്ദര്‍ശിച്ചു പഠനം നടത്തുന്നത്.
സ്പീക്കറുമായി നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ചും കേരള നിയമസഭയില്‍ അവതരിപ്പിച്ച ബില്ലിനെക്കുറിച്ചും വിശദമായ ചര്‍ച്ച നടന്നു. കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ചും ബില്ലിനെക്കുറിച്ചും കേരള സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി വിശദീകരിച്ചു. സമിതി അംഗങ്ങളായ കടകംപള്ളി സുരേന്ദ്രന്‍, സണ്ണി ജോസഫ്, പി. അബ്ദുല്‍ ഹമീദ്, വി. ജോയി, ടി. മധുസൂദനന്‍, കെ.കെ. രമ, ശാന്തകുമാരി. കെ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വി. ആര്‍. സുനില്‍കുമാര്‍, തോമസ് കെ. തോമസ് എന്നിവരും മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറി ഡോ. വിലാസ് അത്‌ലെ, കേരള സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ്, ഡെപ്യുട്ടി രജിസ്ട്രാര്‍ അയ്യപ്പന്‍, മഹാരാഷ്ട്ര സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
സംഘം ചൊവ്വാഴ്ച മഹാരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി അതുല്‍ സാവെയുമായി കൂടിക്കാഴ്ച നടത്തും. മുംബൈയിലെ വിവിധ സഹകരണ സംഘങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യും.