കൊവിഡ് വ്യാപനം പിടിച്ച് കെട്ടാൻ വീട്ടിലിരുന്ന് കേരളം

തിരുവനന്തപുരം/കൊല്ലം: കൊവിഡ് വ്യാപനം പിടിച്ച് കെട്ടാൻ വീട്ടിലിരുന്ന് കേരളം. ഇന്നും നാളെയുമായി ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളോട് പൊതുവെ അനുകൂലമായാണ് ജനങ്ങൾ പ്രതികരിച്ചത്. മതിയായ രേഖകളില്ലാതെ പുറത്തിറങ്ങിയവരെ പലയിടത്തും പൊലീസ് തിരിച്ചയച്ചു.

ലോക്ക് ഡൗണിന് സമാനമാണ് പൊതുസ്ഥിതി. അത്യാവശ്യക്കാർ മാത്രമാണ് പുറത്തിറങ്ങുന്നത്. നിരത്തുകൾ മിക്കതും ആളൊഴിഞ്ഞു. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്നത്. കെഎസ്ആർടി 60 ശതമാനം സർവ്വീസുണ്ടെങ്കിലും ആളുകൾ കുറഞ്ഞതോടെ വീണ്ടും പലയിടത്തും സർവ്വീസ് കുറച്ചു.

നിയന്ത്രണങ്ങൾ ഉറപ്പാക്കാൻ രാവിലെ മുതൽ പൊലീസ് രംഗത്തുണ്ട്. അവശ്യസർവ്വീസ് വിഭാഗത്തിൽപ്പെട്ട ജീവനക്കാരെ ഐഡി കാർഡ് പരിശോധിച്ച് യാത്ര അനുവദിച്ചു. ഹയർസെക്കണ്ടറി പരീക്ഷ തുടരുന്നുണ്ട്. വിവാഹം, ഗൃഹപ്രവേശം അടക്കമുള്ള ചടങ്ങുകളിലേക്ക് പൊകുന്നവരുടെ പക്കലുള്ള സത്യവാങ്മൂലം പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്തെ നിയന്ത്രണങ്ങൾ ഇനിയും കടുപ്പിക്കാനാണ് സാധ്യത. തിങ്കളാഴ്ച ചേരുന്ന സർവ്വകക്ഷിയോഗം അന്തിമതീരുമാനമെടുക്കും.

എല്ലാ വാരാന്ത്യദിവസങ്ങളിലും നിയന്ത്രണം തുടർന്നേക്കാം. കടകളുടെ പ്രവർത്തന സമയതതിൽ കൂടുതൽ നിയന്ത്രണങ്ങളും വരാൻ ഇടയുണ്ട്