സി.ആർ.ഇസഡ് 100 മീറ്ററില്‍ നിന്നും 50 മീറ്ററായി കുറയും: മുഖ്യമന്ത്രി

തീരദേശപരിപാലന നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്ന ഉള്‍നാടന്‍ ജലാശയങ്ങളുടെ നിര്‍മ്മാണ നിരോധിത മേഖല 100 മീറ്ററില്‍ നിന്നും 50 മീറ്ററായി കുറയും. 10 ഹെക്ടറില്‍ കൂടുതല്‍ വിസ്തൃതിയുള്ള ദ്വീപുകളുടെ CRZ പരിധി 50 മീറ്ററില്‍ നിന്ന് 20 മീറ്ററാക്കി കുറയ്ക്കുന്നതിനുള്ള പ്ലാന്‍ തയ്യാറാക്കുന്നുണ്ട്.

വർത്തമാനം ബ്യൂറോ

തിരുവനന്തപുരം: തീരദേശപരിപാലന നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്ന ഉള്‍നാടന്‍ ജലാശയങ്ങളുടെ നിര്‍മ്മാണ നിരോധിത മേഖല 100 മീറ്ററില്‍ നിന്നും 50 മീറ്ററായി കുറയും. കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 10 ഹെക്ടറില്‍ കൂടുതല്‍ വിസ്തൃതിയുള്ള ദ്വീപുകളുടെ CRZ പരിധി 50  മീറ്ററില്‍ നിന്ന് 20 മീറ്ററാക്കി കുറയ്ക്കുന്നതിനുള്ള പ്ലാന്‍ തയ്യാറാക്കുന്നുണ്ട്. 10 ഹെക്ടറില്‍ താഴെ വിസ്തീര്‍ണ്ണമുള്ള      ദ്വീപുകള്‍ക്കുള്ള മാര്‍ഗ്ഗരേഖ കേന്ദ്രസര്‍ക്കാരിന്‍റെ പരിഗണനയിലാണെന്ന് രമേശ് ചെന്നിത്തലയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

തീരദേശപരിപാലന നിയമത്തില്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. അതനുസരിച്ചുള്ള നടപടികളാണ് പൊതുജനാഭിപ്രായം കൂടി തേടിക്കൊണ്ടും ശാസ്ത്രീയമായ  പഠനത്തിന്‍റെ അടിസ്ഥാനത്തിലും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ നടപടികളും തുടര്‍ന്നും കൈക്കൊള്ളുന്നതാണ്.

കരട് പ്ലാനിന് കേന്ദ്ര അനുമതി ലഭിക്കുന്നതോടെ പൊക്കാളി പാടങ്ങളും അതിന്‍റെ അനുബന്ധ പ്രദേശങ്ങളും CRZ ല്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കപ്പെടും. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 1000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തൃതിയില്‍ സ്ഥിതിചെയ്യുന്ന കണ്ടല്‍ കാടുകളുടെ ചുറ്റുമുള്ള ബഫര്‍ സോണ്‍ പൂര്‍ണ്ണമായും   ഒഴിവാകും.

തീരദേശപരിപാലന നിയമ പ്രകാരം ഏറ്റവും കുറവ് നിയന്ത്രണങ്ങളുള്ള മേഖലയാണ് CRZ II കേന്ദ്രം മുന്‍സിപ്പാലിറ്റി  കളെയും കോര്‍പ്പറേഷനുകളെയും മാത്രമാണ് പൊതുവില്‍ CRZ II വില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ രാജ്യത്തിന്‍റെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജനസാന്ദ്രതയുടെ കാര്യത്തിലും അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ കാര്യത്തിലും സംസ്ഥാനത്തെ തീരദേശ മേഖലയോട് ചേര്‍ന്നുകിടക്കുന്ന ഏറെക്കുറെ എല്ലാ ഗ്രാമപഞ്ചായത്തുകളും നഗരസ്വഭാവമുള്ളവയാണ്. പഞ്ചായത്തുകളെ CRZ II-വില്‍ ഉള്‍പ്പെടുത്താത്ത സാഹചര്യമുണ്ടായാല്‍ അത് സംസ്ഥാനത്തിന് വളരെയധികം ദോഷമുണ്ടാക്കുന്ന തീരുമാനമാകും. ഇക്കാര്യം പരിഗണിച്ച് 175 പഞ്ചായത്തുകളെ Legally Designated Urban Area  കളായി വിജ്ഞാപനം ചെയ്യുകയും CRZ II-വിന്‍റെ ആനുകൂല്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍  66 ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തില്‍ അനുകൂലമായ  തീരുമാനം ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അനുമതി ലഭിച്ച 66 പഞ്ചായത്തുകളില്‍ ചില പഞ്ചായത്തുകളിലെ ആണവോര്‍ജ്ജ വകുപ്പ് നിര്‍ദ്ദേശിച്ച പ്രദേശങ്ങള്‍ക്ക് ഇളവിന് നിയന്ത്രണം ഉണ്ടാകും. സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരം ആനുകൂല്യം അനുവദിക്കുന്നതിന് അവശേഷിക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.

2011ലെ തീരദേശപരിപാലന നിയമത്തില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നതിനുള്ള ഭേദഗതി 2019ല്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഈ ഇളവുകള്‍ പൂര്‍ണ്ണമായും സംസ്ഥാനത്തിന് പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കാന്‍       പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് തീരദേശവാസികള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള കരട് തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കിയത്.
തുടര്‍ന്ന് കരട് പ്ലാനില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി 10 തീരദേശ ജില്ലകളിലും 2023 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ പബ്ലിക് ഹിയറിംഗും നടത്തുകയുണ്ടായി.  ഇതില്‍ ലഭിച്ച 33,000 ത്തോളം പരാതികളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് കരട് പ്ലാനില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ചെന്നൈയിലെ നാഷണല്‍ സെന്‍റര്‍ ഫോര്‍ സസ്സ്റ്റൈനബിള്‍ കോസ്റ്റല്‍ മാനേജ്മെന്‍റിന് (NCSCM) കൈമാറിയിരുന്നു. പ്രസ്തുത സ്ഥാപനം നിര്‍ദ്ദേശിച്ച ഭേദഗതികളും അധിക വിവരങ്ങളും ഉള്‍പ്പെടുത്തിയ കരട് പ്ലാന്‍, ഫിഷറീസ് മാനേജ്മെന്‍റ് പ്ലാന്‍, ടൂറിസം മാനേജ്മെന്‍റ് പ്ലാന്‍, ലാന്‍റ് യൂസ് മാപ്പ് എന്നിവ NCSCM ന്‍റെ ടെക്നിക്കല്‍ സ്ക്രൂട്ടിനി കമ്മിറ്റിക്ക് 11.06.2024ന് നല്‍കിയിട്ടുണ്ട്.  ഇതിന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് കരട് പ്ലാന്‍ കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്‍റെ അനുമതിക്ക് സമര്‍പ്പിക്കുന്നതാണ്.