കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരും: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് സാംസ്‌കാരിക വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഇതിനായി ‘ഉത്സവം 2024’ എന്ന പേരില്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വൈലോപ്പിള്ളി പല്ലാവൂര്‍ സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാനവികതയ്ക്കും മതേതര മൂല്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന സാമൂഹിക പശ്ചാത്തലം സൃഷ്ടിക്കുകയെന്നതാകണം സാസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ പുരോഗതിക്ക് സാംസ്‌കാരിക ഉന്നമനം അനിവാര്യമാണ്, ഇതിനുതകുന്ന രീതിയില്‍ കലാ സാഹിത്യ കൂട്ടായ്മകളെ രൂപപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചര്‍ത്തു.


വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വെബ്‌സൈറ്റ് ഉദ്ഘാടനവും പോയ വര്‍ഷത്തെ നേട്ടങ്ങള്‍ ആവിഷ്‌കരിക്കുന്ന ‘മണവും മമതയും’ എന്ന സ്മരണികയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്മരണിക ഏറ്റുവാങ്ങി. വൈലോപ്പിള്ളി പല്ലാവൂര്‍ സ്മൃതി ശിലാഫലകം അനാച്ഛാദനവും മന്ത്രി നിര്‍വഹിച്ചു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍, പല്ലാവൂര്‍ അപ്പു മാരാര്‍ എന്നിവരുടെ സ്മരണയ്ക്കായി വെലോപ്പിള്ളി പല്ലാവൂര്‍ സ്മൃതി സജ്ജീകരിച്ചിട്ടുള്ളത്.
വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി. എസ്. പ്രദീപ് അധ്യക്ഷനായി. കേരള ഭാഷ ഇന്‍സ്റ്റ്യൂട്ട് ഡയറക്ടര്‍ ഡോക്ടര്‍ എം. സത്യന്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സെക്രട്ടറി പ്രിയദര്‍ശനന്‍ പി എസ്, എന്നിവര്‍ സംസാരിച്ചു.