പൊക്കാളി പാടവും ഗാക് ഫ്രൂട്ടും നേരില്‍കണ്ട് അത്ഭുതത്തോടെ കാഴ്ചക്കാര്‍

എന്റെ കേരളം മേളയുടെ ശ്രദ്ധാകേന്ദ്രമായി കൃഷി വകുപ്പ്

കൊച്ചി: ഗാക് ഫ്രൂട്ട്, ബറാബ തുടങ്ങിയ ഫലങ്ങള്‍ ആദ്യമായാണ് നേരില്‍ കാണുന്നത്. ‘ദൃശ്യമാധ്യമങ്ങളില്‍ ഇത്തരം ഫ്രൂട്‌സ് കാണുമ്പോള്‍ പലപ്പോഴും കൊതി തോന്നിയിട്ടുണ്ട്. ഇതൊക്കെ നമ്മുടെ നാട്ടിലും കിട്ടുമോ എന്ന് സംശയവും. എന്റെ കേരളം പ്രദര്‍ശന മേളയില്‍ ഈ ഫലങ്ങളും പൊക്കാളി പാടവും കണ്ടപ്പോള്‍ അത്ഭുതമാണ് തോന്നി’യതെന്ന് തേവര മെറിറ്റേജ് മെറിലാന്‍ഡില്‍ ഷജീന പറയുന്നു.
ഷജീനയെ മാത്രമല്ല മേളയില്‍ എത്തുന്ന എല്ലാവരെയും കാര്‍ഷികവകുപ്പിന്റെ സ്റ്റാളുകള്‍ പരമ്പരാഗത കാര്‍ഷിക കാലഘട്ടത്തിലേക്കാണ് കൊണ്ടുപോകുന്നത്. വ്യത്യസ്തതയാര്‍ന്ന ദൃശ്യാവിഷ്‌കാരം കൊണ്ട് അഞ്ചാം ദിനവും മേളയുടെ ശ്രദ്ധാ കേന്ദ്രമാവുകയാണ് കൃഷിവകുപ്പ്.
കേരളത്തിന്റെ മണ്ണില്‍ എന്തും വിളയിക്കാം എന്ന് പുതിയ തലമുറയെ അറിയിച്ചുകൊണ്ട് ഗാക് ഫ്രൂട്ട്, ബറാബ, ഗിനിയ ഗോള്‍ഡ് പപ്പായ, വൈന്‍ ലെമണ്‍, അബിയു, മിറാക്കിള്‍ ഫ്രൂട്ട്, വിവിധതരം മാങ്ങ തുടങ്ങിയ വിവിധതരം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് കൃഷിവകുപ്പിന്റെ സ്റ്റാള്‍. ഗാക് ഫ്രൂട്ട് വിത്തിന്റെ വിപണനവും സ്റ്റാളിലുണ്ട്.
സിംഗപ്പൂര്‍ ചക്ക, വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ളി, തേങ്ങാച്ചക്ക, തേന്‍വരിക്ക, ബെര്‍ലിയാര്‍ വരിക്ക, മുട്ടം വരിക്ക, ഡാങ് സൂര്യ തുടങ്ങി വിവിധയിനം ചക്കയിനങ്ങളും വേളയില്‍ കാണാം. വാഴക്കുളം പൈനാപ്പിള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പൈനാപ്പിള്‍ കൊണ്ട് നിര്‍മ്മിച്ച കൂടാരവും വിളക്കും മേളയുടെ മറ്റൊരാകര്‍ഷണമാണ്.
പൊക്കാളി കൃഷി രീതികള്‍ പരിചയപ്പെടുത്തുന്ന പൊക്കാളിപ്പാട ശേഖരം കാണാനും കാഴ്ചക്കാര്‍ ഏറെയാണ്. പച്ചപ്പട്ടാര്‍ന്ന പാടശേഖരത്തിന്റെ മാതൃകയോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന വഞ്ചിയില്‍ പങ്കായവും തുഴഞ്ഞ് ഓലക്കുടയും ചൂടി ഫോട്ടോ എടുക്കുന്നതിനും ആളുകള്‍ എത്തുന്നുണ്ട്.
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, ആലുവ സീഡ് ഫാം, നേര്യമംഗലം കൃഷി ഫാം, നെട്ടൂര്‍ ഫാം എന്നിവയുടെ ഉത്പന്നങ്ങള്‍ കൊണ്ടാണ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. ആലുവ സീഡ് ഫാമില്‍ ഉത്പാദിപ്പിക്കുന്ന രക്തശാലി അരി ഉള്‍പ്പെടെ വിവിധയിനം നെല്‍ വിത്തിനങ്ങള്‍, തവിടോടുകൂടിയ അവല്‍, പുട്ടുപൊടി, കൂണ്‍ എന്നിങ്ങനെ വിവിധ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും ഇവിടെ കാണാം. പൊക്കാളി അരിയുടെ വില്‍പ്പനയും ഒരുക്കിയിട്ടുണ്ട്.
കേരളത്തിന്റെ കാര്‍ഷിക രീതിയും കൃഷിയുടെ മാഹാത്മ്യം മനസ്സിലാക്കിയാണ് കൃഷിവകുപ്പിന്റെ സ്റ്റാളില്‍ നിന്നും ഓരോ കാഴ്ചക്കാരനും മടങ്ങുന്നത്.

12 തരം മണ്ണുകള്‍ കാണണമെങ്കില്‍ മറൈന്‍െ്രെഡവില്‍ വരൂ…

കൊച്ചി: കേരളത്തിലെ വ്യത്യസ്തയിനം മണ്ണിനങ്ങളെ ഒരു കുടക്കീഴില്‍ എത്തിച്ച് ശ്രദ്ധയാ കര്‍ഷിക്കുകയാണ് എന്റെ കേരളം മെഗാ പ്രദര്‍ശന മേളയില്‍ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്. ഭൂമിശാസ്ത്രപരമായി പ്രാധാന്യം അര്‍ഹിക്കുന്ന 12 തരം മണ്ണുകളാണ് മേളയിലെത്തുന്ന കാഴ്ചക്കാര്‍ക്ക് കൗതുകമുണര്‍ത്തുന്നത്. കൊല്ലം ജില്ലയിലെ ചവറ മേഖലകളില്‍ കറുപ്പ്, സില്‍വര്‍ നിറത്തില്‍ കാണപ്പെടുന്ന കരിമണലാണ് മേളയില്‍ എത്തുന്ന വരെ ഏറെ ആകര്‍ഷിക്കുന്നത്.
മലയോര മണ്ണ്, വനമണ്ണ്, കൈപ്പാട് നിലങ്ങള്‍, ചെമ്മണ്ണ്, പഞ്ചാരമണല്‍, കരിമണല്‍, തീരദേശ മണ്ണ്, എക്കല്‍ മണ്ണ്, ഓണാട്ടുകര മണ്ണ്, കറുത്ത പരുത്തി മണ്ണ്, വെട്ടുകള്‍ മണ്ണ് എന്നീ വ്യത്യസ്തയിനം മണ്ണുകള്‍ ഇവിടെ കാണാം.
മണ്ണ്, ജലം, ജൈവസമ്പത്ത് എന്നീ അമൂല്യങ്ങളായ പ്രകൃതി വിഭവങ്ങള്‍ വരും തലമുറയ്ക്ക് കരുതിവയ്ക്കുന്നതിന്റെ ആവശ്യകത മനസിലാക്കി നല്‍കുന്ന നീര്‍ത്തട സംരക്ഷണത്തിന്റെ മാതൃകയും സ്റ്റാളിലെ ആകര്‍ഷണീയതയാണ്.
മണ്ണിന്റെ ഗുണനിലവാരം മനസിലാക്കി അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, എങ്ങനെ സംരക്ഷിക്കണം, ശാസ്ത്രീയ പരിശോധനയ്ക്കുള്ള മണ്ണ് എങ്ങനെയാണ് ശേഖരിക്കുന്നത് എന്നീ അറിവുകള്‍ പകര്‍ന്നു നല്‍കുന്നതിനുള്ള വിവരങ്ങളും ചിത്രങ്ങളും അടങ്ങിയ നിരവധി പോസ്റ്ററുകളാണ് സ്റ്റാളില്‍ ഒരുക്കിയിട്ടുള്ളത്. ഒപ്പം പരിശോധനയ്ക്കായി മണ്ണ് ശേഖരിക്കുന്ന ക്വാര്‍ട്ടര്‍ രീതി വിശദീകരിക്കുന്ന മാതൃകാ രൂപവും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.
മണ്ണ് അറിഞ്ഞു കൃഷി ചെയ്യാന്‍ കര്‍ഷകരെ സഹായിക്കുന്ന മാം മൊബൈല്‍ ആപ്ലിക്കേഷനും സ്റ്റാളില്‍ പരിചയപ്പെടാം. ചവിട്ടി നില്‍ക്കുന്ന സ്വന്തം മണ്ണിന്റെ പോഷക ഗുണങ്ങള്‍ മൊബൈലിലൂടെ അറിയാനുള്ള സംവിധാനമാണിത്. ഈ ആപ്ലിക്കേഷന്‍ എങ്ങനെ ഗുണപ്രദമായി ഉപയോഗിക്കാം എന്നുള്ള വിവരങ്ങള്‍ നല്‍കുന്ന പോസ്റ്റുകള്‍ കൂടാതെ ഇവയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ സ്റ്റാളില്‍ വിശദീകരിച്ചു നല്‍കുന്നുണ്ട്.