ന്യൂനപക്ഷങ്ങളോടുള്ള സമീപനം ജനാധിപത്യത്തിന്റെ അളവുകോലുകളില്‍ ഒന്ന്: മന്ത്രി പി. രാജീവ്

കൊച്ചി: ജനാധിപത്യം മുന്നോട്ട് പോകുന്നുണ്ടോ എന്നതിന്റെ അളവുകോല്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളോടും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗങ്ങളോടും എങ്ങനെയാണ് ഭരണ സംവിധാനവും സമൂഹവും പ്രവര്‍ത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടവും ജില്ലയിലെ ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രങ്ങളും സംയുക്തമായി കളമശേരി ഗവ.വി.എച്ച്.എസ്.എസില്‍ നടത്തിയ പാസ് വേഡ് 2022-23 സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ഏകദിന ക്യാമ്പി(ട്യൂണിംഗ്)ന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടും ജനാധിപത്യത്തോടു ചേര്‍ന്നു നില്‍ക്കുന്ന കാഴ്ച്ചപ്പാടാണിത്. മതം, ഭാഷ, പ്രദേശം, ലിംഗാടിസ്ഥാനത്തിലോ ന്യൂനപക്ഷമായിരിക്കുന്നതോ പാര്‍ശ്വവല്‍ക്കരിപ്പെടുന്നവരുടെ അടിസ്ഥാനത്തില്‍ പ്രത്യേകമായ പരിഗണന നല്‍കുകയും തുല്യമായ ജനാതിപത്യ അവകാശത്തിലേക്കു കൈപിടിച്ച് ഉയര്‍ത്തുകയും എന്നതാണ് ജനാധിപത്യം വിജയകരമായി പ്രവര്‍ത്തിക്കുന്നതിന്റെ പല അളവുകോലുകളില്‍ ഒന്ന്. അതിന്റെ അടിസ്ഥാനത്തിലാണു വിദ്യാര്‍ത്ഥികള്‍ക്ക് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഹൈബി ഈഡന്‍ എം.പി മുഖ്യാതിഥിയായിരുന്നു. ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ മുന്‍ശ്രേണിയിലേക്കു വരണമെന്നും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു പ്രയത്‌നിക്കണമെന്നും ഹൈബി ഈഡന്‍ എം.പി പറഞ്ഞു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്.ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ 2100 കുട്ടികള്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ബിരുദതലങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കിയാണ് ക്യാമ്പ്. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളില്‍ കരിയര്‍ സംബന്ധിച്ച് അവബോധമുണ്ടാക്കുക, സിവില്‍ സര്‍വീസ് അടക്കമുള്ള ഉന്നത സര്‍ക്കാര്‍ സര്‍വീസുകളില്‍ നടക്കുന്ന മത്സര പരീക്ഷകളില്‍ സാമ്പത്തികമായും സാമൂഹികമായും താഴെ തട്ടിലുള്ള ന്യൂനപക്ഷ വിദ്യാര്‍ത്ഥികളെ കൂടി വിജയം നേടാന്‍ പ്രാപ്തരാക്കുക തുടങ്ങിയവയാണു പദ്ധതിയുടെ ലക്ഷ്യം. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍, ബാങ്കിംഗ് സര്‍വീസ് പരീക്ഷകള്‍, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തുടങ്ങിയ ഏജന്‍സികള്‍ നടത്തുന്ന മത്സര പരീക്ഷകള്‍, വിവിധ കോഴ്‌സുകള്‍ക്കായുള്ള എന്‍ട്രന്‍സ് പരീക്ഷകള്‍ എന്നിവയ്ക്കായുള്ള സൗജന്യ പരിശീലനമാണ് ന്യൂനപക്ഷ പരിശീലന കേന്ദ്രം വഴി നല്‍കുന്നത്. കളമശേരി ഗവ.വി.എച്ച്.എസ്.എസ്, ഏലൂര്‍ ഗവ.എച്ച്.എസ്.എസ്, മുപ്പത്തടം ജി.എച്ച്.എസ്.എസ്, എടത്തല ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലെ തിരഞ്ഞെടുത്ത 100 കുട്ടികള്‍ക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
എറണാകുളം ജില്ലയില്‍ 21 ക്യാമ്പുകളാണു സംഘടിപ്പിക്കുന്നത്. 9 ഹയര്‍ സെക്കന്‍ഡറിതല ക്യാമ്പുകളും 7 ഹൈസ്‌കൂള്‍തല ക്യാമ്പുകളും 5 ബിരുദതല ക്യാമ്പുകളുമാണ് ഈ വര്‍ഷം നടപ്പിലാക്കുന്നത്. സെന്റര്‍ ഫോര്‍ കരിയര്‍ മൈനോറിറ്റി സെന്റര്‍ (സി.സി.എം.വൈ) പ്രിന്‍സിപ്പല്‍മാരായ ഡോ.കെ.കെ സുലേഖ, ഡോ.വി.എന്‍ ഹസീന, കളമശേരി ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ എസ്.റിയാസ്, എസ്.എം.സി ചെയര്‍മാന്‍ ഷെമീര്‍ കാഞ്ഞിരത്തിങ്കല്‍, പി.ടി.എ പ്രസിഡന്റ് ഇ.എന്‍ കൃഷ്ണകുമാര്‍, കളക്ടറേറ്റ് റവന്യൂ വിഭാഗം ഹെഡ് ക്ലാര്‍ക്ക് ജോര്‍ജ് വാളൂരാന്‍, ക്യാമ്പ് കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കരിയര്‍ ഗൈഡന്‍സ്, പേഴ്‌സണാലിറ്റി വിദഗ്ധരായ അഡ്വ. കുഞ്ഞുമോന്‍, ഡോ. ഹൈദര്‍ ഇഖ്ബാല്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.