ഡോ. എ യൂനുസ് കുഞ്ഞ് സ്മാരക മാധ്യമ അവാര്‍ഡ്‌ സമ്മാനിച്ചു

വർത്തമാനം ബ്യുറോ

കൊല്ലം: കൊല്ലം പ്രസ്‌ ക്ലബും ഫാത്തിമ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റും സംയുക്തമായി ഏര്‍പ്പെടുത്തിയ ഡോ. എ യൂനുസ് കുഞ്ഞ് സ്മാരക പ്രഥമ പത്ര––ദൃശ്യമാധ്യമ അവാര്‍ഡുകൾ സമ്മാനിച്ചു. സമ്മേളനം റവന്യൂ ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍  സെക്രട്ടറി എം ജി രാജമാണിക്യം  ഉദ്‌ഘാടനംചെയ്‌തു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിലപാടുകളുണ്ടായിരിക്കണമെന്ന് രാജമാണിക്യം പറഞ്ഞു. എഴുതുന്നത് സത്യസന്ധമാണോ എന്നും ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നതാണോ എന്നും മാധ്യമപ്രവര്‍ത്തകര്‍ സ്വയം പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദി ഹിന്ദു പത്രത്തിന്റെ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് എ സാം പോളിനും മാതൃഭൂമി സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ കണ്ണന്‍ നായര്‍ക്കും 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ്‌ സമ്മാനിച്ചു. പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ഫാത്തിമ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഷാജഹാന്‍ യൂനുസ് അധ്യക്ഷനായി. ട്രസ്‌റ്റ്‌ സെക്രട്ടറി നൗഷാദ് യൂനുസ് സ്വാഗതം പറഞ്ഞു. പ്രസ്‌ക്ലബിന്റെ ഉപഹാരം എക്സിക്യൂട്ടീവ്‌ അംഗം ബീന രാജമാണിക്യത്തിന് സമ്മാനിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി സനല്‍ ഡി പ്രേം നന്ദി പറ‍ഞ്ഞു.