ഡോ. വി. വേണു ചീഫ് സെക്രട്ടറിയാകും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവിനെ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ജൂണ്‍ 30നു സര്‍വീസില്‍നിന്നു വിരമിക്കുന്ന ഒഴിവിലാണു നിയമനം. ഇപ്പോള്‍ ആഭ്യന്തര, വിജിലന്‍സ് വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് 1990 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഡോ. വി. വേണു.
സംസ്ഥാനത്തിന്റെ ടൂറിസം, സാംസ്‌കാരിക രംഗങ്ങളില്‍ ഭരണപരവും ക്രിയാത്മകവുമായ മികച്ച ഇടപെടലുകള്‍ നടത്തിയ ഉദ്യോഗസ്ഥനാണു ഡോ. വി. വേണു. സംസ്ഥാന ടൂറിസം ഡയറക്ടറായും ടൂറിസം വകുപ്പ് സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ച കാലത്താണു സംസ്ഥാനം വിനോദസഞ്ചാര മേഖലയില്‍ വാണിജ്യപരമായ മികച്ച നേട്ടമുണ്ടാക്കുകയും ശക്തമായ സ്വകാര്യ പൊതുമേഖലാ ബന്ധം കെട്ടിപ്പടുക്കുകയും ചെയ്തത്. ‘കേരള ട്രാവല്‍ മാര്‍ട്ട്’ എന്ന ആശയത്തിനു പിന്നില്‍ അദ്ദേഹമായിരുന്നു. ഉത്തരവാദിത്ത ടൂറിസത്തിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തിനു പ്രേരണ നല്‍കിയതും അദ്ദേഹമായിരുന്നു. ‘ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ദ ബിസിനസ് ഓഫ് ടൂറിസം’ എന്ന പേരില്‍ അദ്ദേഹമെഴുതിയ പുസ്തകം ടൂറിസം വിദ്യാര്‍ഥികള്‍ക്ക് ആധികാരിക ഗ്രന്ഥമാണ്.
2007 മുതല്‍ 2011 വരെ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. ഇക്കാലത്താണ് ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള ആരംഭിച്ചത്. കേരളം മ്യൂസിയം എന്ന പേരില്‍ പുതിയ മ്യൂസിയം നിര്‍മിക്കുന്നതും ഇക്കാലത്താണ്. സംസ്ഥാനത്തെ മ്യൂസിയങ്ങള്‍, പുരാരേഖകള്‍ എന്നിയുടെ സംരക്ഷണത്തിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.
2018ലെ പ്രളയത്തിനു ശേഷം സംസ്ഥാന റവന്യൂ ദുരന്ത നിവാരണ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചു. സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ശക്തമായ നേതൃത്വം നല്‍കി. ഡോ. വേണു റീബില്‍ഡ് കേരള ഇനിഷ്യേറ്റിവിന്റെ ചീഫ് എക്‌സിക്യൂട്ടിവായി സേവനമനുഷ്ഠിക്കുമ്പോഴാണ് സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ പുനര്‍നിര്‍മാണം സംബന്ധിച്ചു ലോകബാങ്കുമായി സുപ്രധാന ചര്‍ച്ചകള്‍ നടത്തിയത്. 2022ലാണ് അദ്ദേഹം സംസ്ഥാന ആഭ്യന്തര, വിജിലന്‍സ് വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. പരിസ്ഥിതി വകുപ്പിന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. സംസ്ഥാന തീരദേശ പരിപാലന പദ്ധതിയെ ജനസൗഹൃദവും പ്രാദേശിക ആവശ്യങ്ങളോടു ചേര്‍ന്നു നില്‍ക്കുന്നതുമായി പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.