എംഎസ്എംഇകള്‍ക്ക് ഉല്‍പ്പന്ന വിപണനത്തില്‍ ഉള്‍ക്കാഴ്ചയേകി ഇ-കൊമേഴ്‌സ് ഭീമന്‍മാര്‍

കൊച്ചി: സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) വിപണി വികസിപ്പിക്കുന്നതിനും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സംരംഭകത്വ ലോകത്ത് സാങ്കേതിക കഴിവുകള്‍ വളര്‍ത്തുന്നതിനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി സ്വകാര്യ-പൊതുമേഖലകളിലെ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍. എംഎസ്എംഇകളുടെ വിപണി വികസിപ്പിക്കുന്നതിന് ആവശ്യമായ സംഭരണ-വാങ്ങല്‍ നടപടിക്രമങ്ങളെക്കുറിച്ചും ഉത്പന്നങ്ങളുടെ സുഗമവും സുരക്ഷിതവുമായ ഇടപാടുകള്‍ സാധ്യമാക്കുന്ന വിപണിയിലെ സമീപകാല പ്രവണതകളെക്കുറിച്ചും സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്റെ വ്യാപാര്‍ ത്രിദിന പ്രദര്‍ശനമേളയിലെ സെമിനാര്‍ സെഷനില്‍ പ്രഭാഷകര്‍ സംരംഭകരെ ബോധവല്‍ക്കരിച്ചു.
ഇ-കൊമേഴ്‌സില്‍ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടത്തിന് സെല്ലര്‍ സെക്യൂരിറ്റി പ്രാക്ടീസുകള്‍ നഷ്ടപരിഹാരം ഉറപ്പുനല്‍കുന്നതിനാല്‍ ഉത്പന്നം, ജിഎസ്ടി രജിസ്ട്രേഷന്‍ രേഖ എന്നിവ മാത്രം കൊണ്ട് ഓണ്‍ലൈന്‍ വിപണനം തുടങ്ങാമെന്ന് ‘സംഭരണ നടപടിക്രമങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിച്ച ഫ്ളിപ്കാര്‍ട്ടിന്റെ ദക്ഷിണേന്ത്യയിലെ സംഭരണ വിഭാഗം മാനേജര്‍ ധനഞ്ജയ് ശര്‍മ്മ പറഞ്ഞു. ഉപഭോക്താവ് തിരിച്ചയക്കുന്ന ഉത്പന്നങ്ങള്‍ പലതും ഉപയോഗശൂന്യമായാണ് എത്തുന്നത്. ഈ അധികച്ചെലവ് പരിഹരിക്കാന്‍ സെല്ലര്‍ സുരക്ഷാ പദ്ധതികളുണ്ട്. മിക്ക വില്‍പ്പനകളിലും ഏഴ് ദിവസത്തിനകം കൊണ്ട് പണം സെല്ലറുടെ പക്കല്‍ എത്തുന്ന രീതിയിലാണ് സംവിധാനം. സെല്ലര്‍മാരെ സഹായിക്കുന്നതിനു വേണ്ടി ഉത്പന്നങ്ങളുടെ ചിത്രം ആകര്‍ഷമാക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്പന്നത്തിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി അപ്ലോഡ് ചെയ്താല്‍ അതില്‍ വേണ്ട ഡിസൈന്‍ ഉള്‍പ്പെടുത്തി ആകര്‍ഷകമാക്കും. ഇത്തരത്തില്‍ ഇ-കൊമേഴ്സ് വിപുലീകരിക്കുകയാണ് ലക്ഷ്യമെന്നും ധനഞ്ജയ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ഇടനിലക്കാരെ ഒഴിവാക്കി രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവ് എങ്ങനെയാണ് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തില്‍ സാധനങ്ങള്‍ എത്തിക്കുന്നതെന്ന് ഇന്ത്യന്‍ റെയില്‍വേ ഡെപ്യൂട്ടി ചീഫ് (ഡിഎഫ്എഫ്സിഎല്‍)തന്‍വീര്‍ ഖാന്‍ വിശദീകരിച്ചു. ഇന്ത്യന്‍ റെയില്‍വേയുടെ ഇലക്ട്രോണിക് സംഭരണ സംവിധാനത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. റെയില്‍വേ പോലുള്ള സര്‍ക്കാര്‍ സംവിധാനവുമായി വാണിജ്യബന്ധം പുലര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഗുണമേ•, മാനദണ്ഡം എന്നിവയും അദ്ദേഹം വിവരിച്ചു.റീട്ടെയില്‍ രംഗത്തെ വന്‍കിടക്കാര്‍ പിന്തുടരുന്ന സംഭരണ നടപടിക്രമങ്ങളെക്കുറിച്ച് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ പ്രൊക്യുര്‍മെന്റിലെ സനീഷ് അവതരണം നടത്തി.
ശനി രാവിലെ 11 മുതല്‍ വൈകിട്ട് 8 വരെ പൊതുജനങ്ങള്‍ക്ക് എക്സിബിഷനില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്. എംഎസ്എംഇകളുടെ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ദേശീയ വിപണി നേടിയെടുക്കുന്നതിന് ഊന്നല്‍ നല്‍കുന്ന വ്യാപാര്‍, കൊവിഡ് പ്രതിസന്ധി മറികടക്കുന്നതില്‍ രാജ്യത്താകമാനമുള്ള വ്യവസായ സമൂഹത്തിനു മുന്നില്‍ സംസ്ഥാനത്തെ സംരംഭകര്‍ക്ക് മികവ് തെളിയിക്കുന്നതിനും വഴിയൊരുക്കുന്നു.