ഏക്‌നാഥ് ഷിന്ദേ മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ: മഹാരാഷ്ട്രയില്‍ ആഴ്ച്ചകള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധികളുടെ പരിസമാപ്തികുറിച്ചുള്ള ക്ലൈമാക്‌സ് തീരുമാനങ്ങളില്‍ വീണ്ടും വന്‍ ട്വിസ്റ്റ്. ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്ദേ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഷിന്ദേക്കൊപ്പം മുംബൈയില്‍ ഗവര്‍ണറെ കണ്ട ശേഷം ബിജെപി നേതാവ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസാണ് പ്രഖ്യാപനം നടത്തിയത്. സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.30ന് നടക്കും.താന്‍ മന്ത്രി സഭയില്‍ പങ്കാളിയാവില്ലെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.
അതേസമയം ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയാവുമെന്ന് ബി ജെ പി ദേശിയ അധ്യക്ഷന്‍ ജെ പി നദ്ദ വ്യക്തമാക്കി. ദേവേന്ദ്ര ഫഡ്‌നാവിസിനോട് ഷിന്ദേ മന്ത്രിസഭയില്‍ അംഗമാവമണമെന്ന് ബി ജെ പി കേന്ദ്രനേതൃത്വം നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും സഖ്യമായി നിന്ന് വിജയിച്ചതാണ്. ആവശ്യമായ ഭൂരിപക്ഷവും ലഭിച്ചിരുന്നു. സര്‍ക്കാരുണ്ടാക്കാമെന്നാണു പ്രതീക്ഷിച്ചതെങ്കിലും ബാലാസാഹേബ് എതിര്‍ത്തവരോടൊപ്പം സഖ്യമുണ്ടാക്കാനാണ് ശിവസേന തീരുമാനിച്ചതെന്ന്– ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഹിന്ദുത്വത്തെയും വീര്‍ സവര്‍ക്കറെയും എതിര്‍ക്കുന്നവര്‍ക്കൊപ്പമാണ് ശിവസേന സഖ്യമുണ്ടാക്കിയത്. ശിവസേന ജനവിധിയെ അപമാനിക്കുകയാണുണ്ടായതെന്നും– ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന പക്ഷത്തെപോലും ഞെട്ടിക്കുന്ന അപ്രതീക്ഷിത നീക്കമാണ് ഷിന്ദേയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിലുടെ ബി ജെ പി നടത്തിയത്. സ്വതന്ത്രന്‍മാരുള്‍പ്പടെ 120 അംഗങ്ങളുടെ പിന്തുണയുള്ള ബി ജെ പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പിന്തുണക്കാന്‍ തീരുമാനിച്ചതില്‍ നന്ദിയുണ്ടെന്നും തന്നോടൊപ്പം നിന്ന 40 ശിവസേന എം എല്‍ എ മാരുള്‍പ്പടെയുള്ള 50 എം എല്‍ എമാരും തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് കോട്ടം വരുത്തുന്ന നടപടികളൊന്നുമുണ്ടാവില്ലെന്നും ഷിന്ദേ പറഞ്ഞു.