കാര്‍ഷികോത്പന്ന സംസ്‌കരണത്തിന് വൈദ്യുതി നിരക്കില്‍ ഇളവ് അനുവദിക്കണം; മന്ത്രി കെ കൃഷ്ണന്‍ കുട്ടി

തിരുവനന്തപുരം: കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാര മാര്‍ഗമെന്ന നിലയില്‍ കാര്‍ഷികോത്പന്ന സംസ്‌കരണത്തിന് വൈദ്യുതി നിരക്കില്‍ ഇളവ് ലഭ്യമാക്കാന്‍ റഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. കാര്‍ഷിക മേഖലയിലെ ഊര്‍ജ പരിവര്‍ത്തനം എന്ന വിഷയത്തില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാലയുടെ ഭാഗമായി പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു മന്ത്രി.
സൗരോര്‍ജ്ജവും മൈക്രോ ഇറിഗേഷന്‍ സാങ്കേതിക വിദ്യയും സംയുക്തമായി പ്രയോജനപ്പെടുത്തി ശാസ്ത്രീയമായി കൃഷി ചെയ്യുന്നത് വിളവ് വര്‍ധിപ്പിക്കുവാനും കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുവാനും സഹായിക്കും. ചെലവു കുറഞ്ഞതും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ സ്രോതസുകള്‍ പരമാവധി ഉപയോഗപ്പെടുത്തണം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സബ്‌സിഡി ആനുകൂല്യങ്ങള്‍പ്പെടെ നല്‍കി നൂറ് മെഗാവാട്ടോളം സൗര വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. കര്‍ഷകര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്ന ശാസ്ത്രീയവും ക്ഷമതയുള്ളതുമായ ഊര്‍ജ സംവിധാനങ്ങള്‍ വ്യാപകമാക്കണമെന്നും മന്ത്രി പറഞ്ഞു.
ശ്രീധര്‍ രാധാകൃഷ്ണന്‍ മോഡറേറ്ററായ ചര്‍ച്ചയില്‍ അനര്‍ട്ട് സി ഇ ഒ നരേന്ദ്രനാഥ് വേലൂരി, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ആര്‍ ഹരികുമാര്‍, ഊര്‍ജ കാര്യക്ഷമതാ വിഭാഗം തലവന്‍ ജോണ്‍സണ്‍ ഡാനിയേല്‍ എന്നിവര്‍ പ്രതിനിധികളുമായി സംവദിച്ചു.