റവന്യൂ റിക്കവറി 162.35 കോടിയുടെ റെക്കോര്‍ഡ് നേട്ടവുമായി സംസ്ഥാനത്ത് ഒന്നാമതായി എറണാകുളം ജില്ല

ജീവനക്കാര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം റവന്യൂ റിക്കവറി ഇനത്തില്‍ ഏറ്റവും അധികം തുക പിരിച്ചെടുത്ത് സംസ്ഥാനത്ത് ഒന്നാമതായി എറണാകുളം ജില്ല. 162.35 കോടിയുടെ റെക്കോര്‍ഡ് നേട്ടമാണ് റവന്യൂ റിക്കവറി ഇനത്തില്‍ ജില്ല നേടിയത്. ലാന്‍ഡ് റവന്യൂ ഇനത്തില്‍ 124.61 കോടി രൂപയും പിരിച്ചെടുത്തു.
2021 22 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 70 കോടി രൂപയുടെ വര്‍ധനയാണ് റവന്യൂ റിക്കവറി, ലാന്‍ഡ് റവന്യൂ ഇനത്തില്‍ ജില്ലയിലെ റവന്യൂ വകുപ്പ് നേടിയത്. കെട്ടിട നികുതി ഇനത്തില്‍ 31.37 കോടി രൂപയും ആഡംബര നികുതി ഇനത്തില്‍ 8.53 കൂടി രൂപയും പിരിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ തുകയാണ് ജില്ല പിരിച്ചെടുത്തത്.
ജില്ലയില്‍ റവന്യൂ റിക്കവറി, ലാന്‍ഡ് റവന്യൂ നടപടികള്‍ കാര്യക്ഷമമാക്കിയതിന് മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച ജീവനക്കാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് വിതരണം ചെയ്തു.
മികച്ച രീതിയില്‍ പിരിവ് പുരോഗതി കൈവരിച്ച താലൂക്കുകള്‍ക്കുള്ള പുരസ്‌കാരം തഹസില്‍ദാര്‍മാരായ രഞ്ജിത്ത് ജോര്‍ജ് (കണയന്നൂര്‍), ജെസ്സി അഗസ്റ്റിന്‍ (കുന്നത്തുനാട്), സുനില്‍ മാത്യു (ആലുവ), കെ എസ് സതീശന്‍ (മൂവാറ്റുപുഴ), കെ എന്‍ അംബിക (പറവൂര്‍), സുനിത ജേക്കബ് (കൊച്ചി) റേയ്ച്ചല്‍ വര്‍ഗീസ് (കോതമംഗലം) എന്നിവര്‍ ഏറ്റുവാങ്ങി.
മികച്ച രീതിയില്‍ പ്രവര്‍ത്തനം കാഴ്ചവച്ച റവന്യൂ സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാര്‍ക്കുള്ള പുരസ്‌കാരം മുഹമ്മദ് ഷാഫി (കണയന്നൂര്‍), മുസ്തഫ കമാല്‍ (ആലുവ), വിനോദ് മുല്ലശ്ശേരി (കൊച്ചി) എന്നിവരും ഏറ്റുവാങ്ങി.
താലൂക്കുകളില്‍ മികച്ച രീതിയില്‍ പിരിവ് പുരോഗതി നേടുന്നതിനായി പ്രവര്‍ത്തിച്ച വില്ലേജ് ഓഫീസര്‍മാര്‍ക്കുള്ള പുരസ്‌കാരവും ചടങ്ങില്‍ വിതരണം ചെയ്തു. ഓരോ താലൂക്കില്‍ നിന്നും 5 വീതം വില്ലേജ് ഓഫീസര്‍മാര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്.
റവന്യൂ റിക്കവറി, ലാന്‍ഡ് റവന്യൂ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ തുക പിരിച്ചെടുത്തത് കണയന്നൂര്‍ (ആര്‍ ആര്‍ ) താലൂക്കിലാണ്. റവന്യൂ റിക്കവറി വിഭാഗത്തില്‍ 39.25 കോടിയും ലാന്‍ഡ് റവന്യൂ വിഭാഗത്തില്‍ 42.12 കോടിയും പിരിച്ചെടുത്തു.
റവന്യൂ റിക്കവറി വിഭാഗത്തില്‍ 26.77 കോടിയും ലാന്‍ഡ് റവന്യൂ വിഭാഗത്തില്‍ 31.61 കോടിയുമായി കുന്നത്തുനാട് താലൂക്കിനാണ് രണ്ടാംസ്ഥാനം. റവന്യൂ റിക്കവറിയില്‍ മൂന്നാംസ്ഥാനം മൂന്നാം സ്ഥാനം 23.61 കോടി പിരിച്ചെടുത്ത് ആലുവ താലൂക്കും ലാന്‍ഡ് റവന്യൂ വിഭാഗത്തില്‍ മൂന്നാം സ്ഥാനം 15.58 കോടിയുമായി മൂവാറ്റുപുഴ താലൂക്കും നേടി.
റവന്യൂ റിക്കവറി വിഭാഗത്തില്‍ മൂവാറ്റുപുഴ താലൂക്ക് 12.25 കോടിയും, പറവൂര്‍ 10.22, കൊച്ചി 9.68, കോതമംഗലം 8.09 കോടിയും പിരിച്ചെടുത്തു. ലാന്‍ഡ് റവന്യൂ വിഭാഗത്തില്‍ ആലുവ താലൂക്ക് 9.93 കോടിയും, കോതമംഗലം 9.55 പറവൂര്‍ 9.11, കൊച്ചി 6.67 കോടിയും പിരിച്ചെടുത്തിട്ടുണ്ട്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ ബി അനില്‍കുമാര്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദു മോള്‍, ജൂനിയര്‍ സൂപ്രണ്ട് എം കെ സജിത് കുമാര്‍, ആലുവ തഹസില്‍ദാര്‍ സുനില്‍ മാത്യു എന്നിവര്‍ സംസാരിച്ചു.

കെട്ടിട നികുതി; കണയന്നൂര്‍ താലൂക്ക് ഒന്നാമത്

ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കെട്ടിട നികുതി ഇനത്തില്‍ ഏറ്റവും കൂടുതല്‍ നികുതി പിരിവ് നടത്തി കണയന്നൂര്‍ താലൂക്ക് ഒന്നാമത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് പുരസ്‌കാരം വിതരണം ചെയ്തു. കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എം സന്ധ്യ, ഇ എ ജോസ് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. 20 കോടിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കെട്ടിടനികുതി ഇനത്തില്‍ കണയന്നൂര്‍ താലൂക്ക് പിരിച്ചെടുത്തത്.