ഒരു കുഞ്ഞുപരീക്ഷ’യ്ക്ക് സംസ്ഥാനമൊട്ടാകെ ആവേശകരമായ പ്രതികരണം

‘ഒരു കുഞ്ഞു പരീക്ഷ’ യുടെ ഭാഗമായി സംഘടിപ്പിച്ച ആദ്യഘട്ട മോഡല്‍ പരീക്ഷയ്ക്ക് ആവേശകരമായ പ്രതികരണമാണ് സംസ്ഥാനത്തെ എല്ലാ ബാലസഭകളില്‍ നിന്നും ലഭിച്ചത്. പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള ലിങ്ക് അതത് കുടുംബശ്രീ സി.ഡി.എസ് എ.ഡി.എസ് മുഖേന ഓരോ വാര്‍ഡിലുമുള്ള ബാലസഭാംഗങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു. ഇതുവഴി നാലര ലക്ഷം കുട്ടികളാണ് മോഡല്‍ പരീക്ഷയില്‍ പങ്കെടുത്തത്.

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിനെതിരായ ബോധവല്‍ക്കരണ പരിശീലനത്തിലൂടെ ആരോഗ്യപൂര്‍ണവും മൂല്യാധിഷ്ഠിതവുമായ ഒരു പുതുതലമുറയെ സൃഷ്ടിക്കാന്‍ വഴിയൊരുങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 32627 ബാലസഭകളിലെ അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ‘ഒരു കുഞ്ഞു പരീക്ഷ’യുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19 അതിവ്യാപനം കാരണം കുട്ടികള്‍ക്ക് പരസ്പരം ഒത്തുചേരുന്നതിനോ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനോ കഴിയാത്ത സാഹചര്യത്തില്‍ അടച്ചിടലിന്റെ വിരസത ഒഴിവാക്കുന്നതിനും കോവിഡ് 19 മഹാമാരിയെ കുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും അവരെ ബോധവല്‍ക്കരിക്കുന്നതിനുമാണ് ‘ഒരു കുഞ്ഞുപരീക്ഷ’ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മോഡല്‍ പരീക്ഷ, കാല്‍ക്കൊല്ല പരീക്ഷ, അരക്കൊല്ല പരീക്ഷ, കൊല്ലപരീക്ഷ എന്നിങ്ങനെ നാലു ഘട്ടങ്ങളിലായി ഓണ്‍ലൈനായിട്ടാണ് ‘ഒരു കുഞ്ഞു പരീക്ഷ’ നടത്തുക. പരീക്ഷയുടെ ചോദ്യങ്ങളിലൂടെയും ഉത്തരങ്ങളിലൂടെയും കോവിഡിനെതിരേ പ്രതിരോധം തീര്‍ക്കാനുള്ള ആശയങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കു ന്നതിനും അതോടൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വന്തം വീട്ടില്‍ എത്രത്തോളം നടപ്പാക്കുന്നു എന്ന് നിരന്തരം വിലയിരുത്തുന്നതിന് കുട്ടികളെ സജ്ജരാക്കുകയും ചെയ്യുക എന്നതുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ‘ഒരു കുഞ്ഞു പരീക്ഷ’ യുടെ ഭാഗമായി സംഘടിപ്പിച്ച ആദ്യഘട്ട മോഡല്‍ പരീക്ഷയ്ക്ക് ആവേശകരമായ പ്രതികരണമാണ് സംസ്ഥാനത്തെ എല്ലാ ബാലസഭകളില്‍ നിന്നും ലഭിച്ചത്. പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള ലിങ്ക് അതത് കുടുംബശ്രീ സി.ഡി.എസ് എ.ഡി.എസ് മുഖേന ഓരോ വാര്‍ഡിലുമുള്ള ബാലസഭാംഗങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു. ഇതുവഴി നാലര ലക്ഷം കുട്ടികളാണ് മോഡല്‍ പരീക്ഷയില്‍ പങ്കെടുത്തത്. എല്ലാ പരീക്ഷയിലും കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍, മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാവുക. രാവിലെ പത്തര മുതല്‍ രാത്രി പത്തര വരെയുള്ള ഏതു സമയത്തും കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാം. നാല് പരീക്ഷകളില്‍ പങ്കെടുക്കുമ്പോഴേക്കും കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള നിരവധി വിവരങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് കുടുംബശ്രീയുടെ പ്രതീക്ഷ. അടുത്ത പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും.സംസ്ഥാനമൊട്ടാകെയുള്ള ബാലസഭാ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ബ്‌ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, എ.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേനയാണ് പരീക്ഷയില്‍ ബാലസഭാംഗങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നത്. സംസ്ഥാന ജില്ലാ മിഷനുകള്‍ ഇതിനാവശ്യമായ മേല്‍നോട്ടം വഹിക്കും. ഏറ്റവും മികച്ച പങ്കാളിത്തം ഉറപ്പിക്കുന്ന സി.ഡി.എസിനും ജില്ലകള്‍ക്കും പാരിതോഷികങ്ങള്‍ നല്‍കിക്കൊണ്ട് കൂടുതല്‍ കുട്ടികളെ പരീക്ഷയില്‍ പങ്കെടുപ്പിക്കുന്നതിനും ബോധവല്‍ക്കരണം നല്‍കുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു.