കാലാതീതമായ സിനിമകള്‍ ചെയ്യുകയാണ് സിനിമാലോകം നേരിടുന്ന വെല്ലുവിളി- ഷാജി എന്‍ കരുണ്‍

കൊച്ചി: അമ്പതു കൊല്ലം കഴിഞ്ഞും കാഴ്ചക്കാരന് ഒരേ വികാരം ജനിപ്പിക്കാന്‍ കഴിയുന്ന സിനിമകള്‍ ചെയ്യുകയെന്നതാണ് ഇന്നത്തെ സിനിമാലോകം നേരിടുന്ന വെല്ലുവിളിയെന്ന്് പ്രശസ്ത സംവിധായനും ചലച്ചിത്രവികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ ഷാജി എന്‍ കരുണ്‍ പറഞ്ഞു. കൊച്ചി ഡിസൈന്‍ വീക്കില്‍ സിനിമയെക്കുറിച്ചുള്ള സെഷനില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മലയാളസിനിമാ വ്യവസായത്തിലെ ഉപയോഗിക്കപ്പെടാത്ത അന്താരാഷ്ട്ര സാധ്യതകള്‍ എന്നതായിരുന്നു ചര്‍ച്ചാ വിഷയം. സംവിധായകരായ തരുണ്‍ മൂര്‍ത്തി, സൂരജ് വര്‍മ്മ, ചലച്ചിത്രതാരം വിനയ് ഫോര്‍ട്ട്, കേരള സര്‍ക്കാര്‍ സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്ത് എന്നിവരാണ് പാനല്‍ചര്‍ച്ചയില്‍ പങ്കെടുത്തത്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആസ്വാദ്യനിലവാരമാണ് മലയാളിക്കുള്ളത്. ലോകസിനിമയുടെ ആഭിമുഖ്യം ഇന്ന് വളരെയെളുപ്പം കാഴ്ചക്കാര്‍ക്ക് ലഭിക്കുന്നു. ഈ സാഹചര്യത്തില്‍ കാലാതീതമായ സിനിമകള്‍ സൃഷ്ടിക്കുകയെന്നത് എളുപ്പമല്ലെന്നും ഷാജി എന്‍ കരുണ്‍ പറഞ്ഞു.
പ്രാദേശികഭാഷാ നടനെന്ന പേര് മാറി നടന്‍ എന്നറിയപ്പെട്ടു തുടങ്ങിയ കാലമാണിതെന്ന് വിനയ് ഫോര്‍ട്ട് പറഞ്ഞു. അതില്‍ ഒടിടിയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. നിറഞ്ഞ തിയേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കുമ്പോഴാണ് നടനെന്ന നിലയില്‍ ചാരിതാര്‍ത്ഥ്യമുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒടിടിയെന്നത് യാഥാര്‍ത്ഥ്യമാണെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു. സിനിമ നിര്‍മ്മാതാവിനെ സംബന്ധിച്ച് മുടക്കിയ മുതല്‍ തിരികെ കിട്ടണമെന്നത് ന്യായമായ ആവശ്യമാണ്. അതിന് ഏതാണോ പറ്റിയ മാധ്യമം അതിലേക്ക് സിനിമാ ലോകം തിരിയുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ സാമ്പത്തികശാസത്രം വളരെ പ്രധാനമാണെന്ന് സുരജ് വര്‍മ്മ പറഞ്ഞു. താരതമ്യേന ചെലവ് കുറഞ്ഞ മലയാളം സിനിമ വ്യവസായത്തെ കൂടുതല്‍ സ്വീകാര്യമാക്കാന്‍ ഒടിടിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മിക്ക മലയാളം ഹിറ്റ് സിനിമകളുടെയും പകര്‍പ്പാവകാശം വിവിധ ഭാഷകളിലേക്ക് വാങ്ങിയിട്ടുണ്ടെങ്കിലും അതൊന്നും സിനിമയായിട്ടില്ലെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു. കാരണം മലയാളത്തിലെ കഥപറഞ്ഞിരിക്കുന്ന സാമൂഹ്യ സാഹചര്യം വളരെ പ്രാദേശികമാണ്. മറ്റ് ഭാഷകളില്‍ അത് ഈ രസത്തില്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്‍ പ്രശാന്ത് ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു. ഡിസൈനുമായി ബന്ധപ്പെട്ട മേഖലകളിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുള്‍പ്പെടെ ചര്‍ച്ച ചെയ്ത സമ്മേളനത്തില്‍ രാജ്യാന്തര വിദഗ്ധരുള്‍പ്പെടെ 2500 ലേറെ പേരാണ് പങ്കെടുത്തത്. കളമശ്ശേരിയിലെ ടെക്‌നോളജി ഇനോവേഷന്‍ സോണ്‍, ബോള്‍ഗാട്ടി പാലസ് എന്നിവിടങ്ങളില്‍ ഒരാഴ്ചയായി നടന്ന കൊച്ചി ഡിസൈന്‍ വീക്ക് ശനിയാഴ്ച സമാപിച്ചു.