മേളയ്ക്ക് വെള്ളിയാഴ്ച കൊടിയിറക്കം.സമാപനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും

ഐ.എഫ്.എഫ്.കെ

ജ്യോതിരാജ്.എൻ.എസ്

 

തിരുവനന്തപുരം: എട്ടു രാപകലുകൾ നീണ്ട ചലച്ചിത്ര വിസ്മയക്കാഴ്ചകൾക്ക് നാളെ (വെള്ളി)കൊടിയിറക്കം .സമാപന ചടങ്ങുകൾ വെള്ളിയാഴ്ച വൈകിട്ട് ആറിന് നിശാഗന്ധിയില്‍ നടക്കും .മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും. പ്രമുഖ സാഹിത്യകാരൻ എം.മുകുന്ദന്‍ മുഖ്യാതിഥിയാകും .മന്ത്രി കെ.രാജനാണ് ചടങ്ങിലെ വിശിഷ്ടാതിഥി.

 

സുവര്‍ണചകോരം, രജതചകോരം, നെറ്റ്പാക്, ഫിപ്രസ്‌കി, എഫ്.എഫ്.എസ്.ഐ-കെ.ആര്‍.മോഹനന്‍ അവാര്‍ഡുകള്‍ മന്ത്രിമാരായ വി.എന്‍.വാസവന്‍,വി.ശിവന്‍കുട്ടി, കെ.രാജന്‍ എന്നിവര്‍ സമ്മാനിക്കും. മികച്ച സാങ്കേതിക, അടിസ്ഥാന സൗകര്യങ്ങളൊരുക്കിയ തിയേറ്ററുകള്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ സമ്മാനിക്കും. മേള മികച്ച രീതിയില്‍ റിപ്പോര്‍ട്ടു ചെയ്ത മാധ്യമങ്ങള്‍ക്കുള്ള അവാര്‍ഡുകളും ചലച്ചിത്രനിരൂപണ മല്‍സരത്തിലെ വിജയിക്കുള്ള ക്യാഷ് അവാര്‍ഡും മേയര്‍ ആര്യാ രാജേന്ദ്രന്‍ സമ്മാനിക്കും.

ഡിസംബര്‍ 19 മുതല്‍ 21 വരെ തളിപ്പറമ്പില്‍ ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാറിന് നല്‍കി പ്രകാശനം ചെയ്യും. ജൂറി ചെയര്‍മാന്‍ വൈറ്റ് ഹെല്‍മര്‍, സ്പാനിഷ് – ഉറുഗ്വന്‍ സംവിധായകന്‍ അല്‍വാരോ ബ്രക്‌നര്‍, അര്‍ജന്റീനന്‍ നടന്‍ നഹൂല്‍ പെരസ് ബിസ്‌കയാര്‍ട്ട്, ഇന്ത്യന്‍ സംവിധായകന്‍ ചൈതന്യ തംഹാനെ, ഫിപ്രസി ജൂറി ചെയര്‍പേഴ്‌സണ്‍ കാതറിന ഡോക്‌ഹോണ്‍, നെറ്റ് പാക് ജൂറി ചെയര്‍പേഴ്‌സണ്‍, ഇന്ദു ശ്രീകെന്ത്, എഫ്.എഫ്.എസ്.ഐ കെ.ആര്‍. മോഹനന്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ എന്‍. മനു ചക്രവര്‍ത്തി, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷമാണ് സമ്മാനത്തുക. രജതചകോരത്തിന് അര്‍ഹത നേടുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂപയും രജതചകോരം നേടുന്ന മികച്ച നവാഗത സംവിധായകനു മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരം നേടുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയും കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് അര്‍ഹത നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും.

തുർക്കിയിലെ രാഷ്ട്രീയ സാഹചര്യം സിനിമയ്ക്ക് അനുകൂലമല്ലെന്ന് ടൈഫൂൺ പേഴ്സിമോളു

തിരുവനന്തപുരം: വലതുപക്ഷ ഭരണകൂടത്തിനു കീഴിൽ തുർക്കിയിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം സിനിമ ഉൾപ്പടെയുള്ള മേഖലകൾക്ക് അനുകൂലമല്ലെന്ന് തുർക്കി സംവിധായകൻ ടൈഫൂൺ പേഴ്സിമോളു. പ്രത്യാശയോടെയാണ് മനുഷ്യർ ജീവിക്കേണ്ടത് .ജീവിതം അവസാനിച്ചുവെന്ന് കരുതുമ്പോഴാവും ചിലപ്പോൾ അത്ഭുതങ്ങൾ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .രാജ്യാന്തര മേളയിലെ മീറ്റ് ദി ഡയറക്ടറിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റലൈസേഷന് ശേഷം ഇന്ത്യയിൽ സിനിമയുടെ എണ്ണത്തിൽ വർധനവുണ്ടായെന്നും എന്നാൽ ഗുണനിലവാരത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നും ബംഗാളി സംവിധായകൻ അതാണു ഘോഷ് പറഞ്ഞു . സംവിധായകൻ സിദ്ധാർഥ് ചൗഹാൻ , അരവിന്ദ് എച്ച് തുടങ്ങിയവർ പങ്കെടുത്തു .മീരാസാഹേബ് മോഡറേറ്ററായിരുന്നു.