ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു.

വർത്താനം ബ്യൂറോ

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു
സാവോപോളോയിലെ ആശുപത്രിയിൽ വെച്ചായിരുന്നു ഫുട്ബോൾ ഇതിഹാസത്തിന്റെ അന്ത്യം
ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് പെലെ
ബ്രസീലിലെ പ്രശസ്ത‌ ക്ലബ്ബായ സാന്റോസിന് വേണ്ടി കാഴ്ച വെച്ച മിന്നും പ്രകടനങ്ങളുടെ ബലത്തിൽ 1957 ൽ ദേശീയ ടീമിലെത്തിയ പെലെ,

സാവോപോളോ: ലോക ഫുട്ബാൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായിരുന്ന പെലെ (82) അന്തരിച്ചു. വൻ കുടലിലെ അർബുദബാധയെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്ന പെലെയെ ഹൃദയസംബന്ധമായ അസുഖങ്ങളും അലട്ടിയിരുന്നു. ഇതേത്തുടർന്ന് കുറച്ച് നാളുകളായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ‌ലോകകപ്പ് സമയത്ത് സാവോപോളോയിലെ ആശുപത്രിയിലായിരുന്ന പെലെയുടെ ആരോഗ്യപരമായ വിവരങ്ങൾ മകൾ കെലി നെസിമെന്റോയിലൂടെ കൃത്യമായി പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ അസുഖം മൂർച്ഛിച്ചതായി റിപ്പോർട്ടുകൾ വന്നത് ഫുട്ബോൾ ലോകത്തെ വലിയ നിരാശയിലാഴ്ത്തിയിരുന്നു. ഇതിനിടെയാണ് അല്പം മുൻപ് ഇതിഹാസത്തിന്റെ മരണവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ മകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ക്യാൻസറിന് ശസ്ത്രക്രിയക്ക് വിധേയനാക്കപ്പെട്ട പെലെ ഇതിന് ശേഷം കീമോതെറാപ്പിക്കും വിധേയനായിരുന്നു. പെലെ ഗുരുതരാവസ്ഥയിലാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞയാഴ്ച പുറത്ത് വന്ന അദ്ദേഹത്തിന്റെ വൈദ്യ റിപ്പോർട്ടുകൾ.

ബ്രസീലിലെ പ്രശസ്ത‌ ക്ലബ്ബായ സാന്റോസിന് വേണ്ടി കാഴ്ച വെച്ച മിന്നും പ്രകടനങ്ങളുടെ ബലത്തിൽ 1957 ൽ ദേശീയ ടീമിലെത്തിയ പെലെ, അർജന്റീന ക്കെതിരെ കളിച്ചു കൊണ്ടായിരുന്നു അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറിയത്. ബ്രസീലിനായി കളിച്ച ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഒരു ഗോൾ നേടാൻ പെലെക്ക് കഴിഞ്ഞു. ഒരു ഇതിഹാസ കരിയറിന്റെ തുടക്കമായിരുന്നു അത്.