വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാല് യോഗ്യതാ തീയതികള്‍

 ആധാറും വോട്ടര്‍പട്ടികയും തമ്മില്‍ ബന്ധിപ്പിക്കാം
 സര്‍വീസ് വോട്ടര്‍മാര്‍ക്കും സ്പെഷ്യല്‍ വോട്ടര്‍മാര്‍ക്കും ലിംഗനിഷ്പക്ഷത
തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാലു യോഗ്യതാ തീയതികള്‍ നിശ്ചയിച്ച് 1950ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തി. ഭേദഗതി പ്രകാരം നിലവിലുള്ള ജനുവരി ഒന്നിനു പുറമേ ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ നാലു യോഗ്യതാ തീയതികള്‍ നിലവില്‍വന്നതായി ചീഫ് ഇലക്ടറല്‍ ഓഫിസര്‍ സഞ്ജയ് കൗള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതു പ്രകാരം വര്‍ഷത്തിലെ ഈ യോഗ്യതാ തീയതികളില്‍ ഏതിലെങ്കിലും 18 വയസ് പൂര്‍ത്തിയാകുന്ന പൗരന്‍മാര്‍ക്ക് വാര്‍ഷിക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ സമയത്തും മുന്‍കൂറായും അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷവും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് അപേക്ഷ നല്‍കാമെന്നും സി.ഇ.ഒ. പറഞ്ഞു.
ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ച് വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കല്‍ ഉണ്ടായിരിക്കും. ഇതിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ തുടര്‍ന്നു വരുന്ന മൂന്നു യോഗ്യതാ തീയതികളിലും (ഏപ്രില്‍ 01, ജൂലൈ 01, ഒക്ടോബര്‍ 01) 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനു മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാം. വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കരട് പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ ആക്ഷേപങ്ങളും അവകാശങ്ങളും ഉന്നയിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതുവരെയാകും അപേക്ഷകള്‍ സ്വീകരിക്കുക. വാര്‍ഷിക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ സമയത്തും അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണത്തിനു ശേഷവും ഓരോ ത്രൈമാസ പാദത്തിലും ലഭിക്കുന്ന മുന്‍കൂര്‍ അപേക്ഷകള്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ തുടര്‍ പരിശോധയ്ക്കു ശേഷം കഴിയുന്നതും തൊട്ടടുത്ത പാദത്തിന്റെ ആദ്യ മാസംതന്നെ തീര്‍പ്പാക്കും.
2023ലെ വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ഓഗസ്റ്റ് ആദ്യവാരം ആരംഭിച്ചിട്ടുണ്ട്. കരട് വോട്ടര്‍ പട്ടിക നവംബര്‍ ഒമ്പതിനു പ്രസിദ്ധീകരിക്കും. കരട് വോട്ടര്‍ പട്ടികയുടെ പ്രസിദ്ധീകരണത്തിനു ശേഷം 2023 ജനുവരി ഒന്ന്, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്്, ഒക്ടോബര്‍ ഒന്ന് യോഗ്യതാ തീയതിയില്‍ 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍ പട്ടിക 2023 ജനുവരി അഞ്ചിനു പ്രസിദ്ധീകരിക്കും. 2023 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ളവരുടെ അന്തിമ വോട്ടര്‍ പട്ടികയാകും പ്രസിദ്ധീകരിക്കുക. 2023 ഏപ്രില്‍ ഒന്ന്്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ യോഗ്യതാ തീയതികളില്‍ 18 വയസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് മുന്‍കൂര്‍ ലഭിച്ച അപേക്ഷകളില്‍ തീരുമാനമെടുക്കുകയും ചെയ്യും.
ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ചും ഭേദഗതി വന്നിട്ടുണ്ട്. നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരു സമ്മതിദായകന് ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി തെരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റ് മുഖേനയോ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് മുഖേനയോ ബന്ധിപ്പിക്കാം. ഫോം 6ആല്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യാം. ഒരേ ആളിന്റെ പേരുതന്നെ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ഒന്നില്‍ കൂടുതല്‍ തവണയോ ഉണ്ടെങ്കിലോ അല്ലെങ്കില്‍ ഇതേ ആളിന്റെ പേര് മറ്റൊരു മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു തിരിച്ചറിയാനും വോട്ടര്‍മാരുടെ ഐഡന്റിറ്റി സ്ഥാപിക്കുന്നതിനും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരണങ്ങള്‍ ആധികാരികമാക്കുന്നതിനും വേണ്ടിയാണ് നിലവിലുള്ള വോട്ടര്‍മാരില്‍നിന്ന് സ്വമേധയാ ആധാര്‍ നമ്പര്‍ ശേഖരിക്കുന്നത്. ആധാര്‍ നമ്പര്‍ നല്‍കണമെന്നതു നിര്‍ബന്ധമല്ല. ആധാര്‍ നമ്പര്‍ നല്‍കിയില്ലെന്ന കാരണത്താല്‍ ഒരു വോട്ടറുടെ പേരും വോട്ടര്‍ പട്ടികയില്‍നിന്നു നീക്കം ചെയ്യില്ല.
സര്‍വീസ് വോട്ടര്‍മാരുടെ രജിസ്ട്രേഷന്‍ വ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിന്റെ 20(6) വകുപ്പില്‍ ഭേദഗതി വരുത്തി ‘ഭാര്യ’ എന്ന പദം ‘പങ്കാളി’ എന്നാക്കിയിട്ടുണ്ട്. വനിതാ സര്‍വീസ് വോട്ടര്‍ക്കൊപ്പമാണു ഭര്‍ത്താവ് താമസിക്കുന്നതെങ്കില്‍ ആ സര്‍വീസ് വോട്ടര്‍ക്കൊപ്പം വോട്ടര്‍ പട്ടികയുടെ അവസാന ഭാഗത്ത് രജിസ്റ്റര്‍ ചെയ്യപ്പെടാന്‍ ഭര്‍ത്താവിന് അര്‍ഹത നല്‍കുന്നതാണു പുതിയ ഭേദഗതിയെന്നും സി.ഇ.ഒ. വ്യക്തമാക്കി.