കൊല്ലം ഉമയനല്ലൂർ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന പ്രതീകാത്മക ആനവാൽ പിടിയിൽ നിന്നും

കൊല്ലം: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഉമയനല്ലൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ആനവാൽപ്പിടി ചടങ്ങു നടത്തി. ഗജവീരൻ തൃക്കടവൂർ ശിവരാജുവാണ് ഇത്തവണയും ചടങ്ങിൽ പങ്കെടുത്തത്. സുബ്രഹ്മണ്യന്റെയും ഗണപതിയുടെയും ബാല്യകാല വിനോദമെന്നു സങ്കൽപിച്ചു നൂറ്റാണ്ടുകളായി ഉമയനല്ലൂർ ക്ഷേത്രത്തിലെ അശ്വതി ഉത്സവ ദിനത്തിൽ നടത്തുന്ന ചടങ്ങാണ് ആനവാൽപ്പിടി.രാവിലെ മുതൽ തന്നെ ക്ഷേത്രാങ്കണം ഭക്തരെക്കൊണ്ടു നിറഞ്ഞു. ക്ഷേത്രത്തിനു മുന്നിലെ ആനക്കൊട്ടിലിൽ വിശേഷാൽ പൂജകൾക്കായി ശിവരാജുവിനൊപ്പം മറ്റു മൂന്നു ഗജവീരന്മാരും അണിനിരന്നു. 11.45 ന് ഒപ്പമുണ്ടായിരുന്ന മറ്റു ഗജവീരന്മാരെ ക്ഷേത്ര സന്നിധിയിൽ നിന്നു മാറ്റിയ ശേഷം ചമയങ്ങളും ചങ്ങലകളും അഴിച്ചുവെച്ചു ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് എത്തിച്ച ശിവരാജുവിന് ആഹാരം നൽകിയ ശേഷം ക്ഷേത്രത്തിനു മുന്നിലേക്കു കൊണ്ടു വന്നു. ക്ഷേത്രത്തിനുള്ളിൽ നിന്നു ശംഖനാദം ഉയർന്നതോടെ ഭഗവാനെ വണങ്ങി ശിവരാജു ഗണപതിയായി സങ്കൽപിച്ച് ക്ഷേത്ര മൈതാനത്തേക്ക് ഓടി. വ്രതമെടുത്ത ഭക്തർ ആനയുടെ വാലിൽ പിടിക്കാനായി പാഞ്ഞു. ഏതാനും നിമിഷം മാത്രം നീണ്ടു നിന്ന ചടങ്ങ് നാടിനെയാകെ ആഹ്ലാദത്തിലാക്കി.