ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് കേന്ദ്രഭരണത്തിന് ചുക്കാൻ പിടിക്കുന്നവരിൽ നിന്ന് തുടർച്ചയായി ഭീഷണി:  പിണറായി വിജയൻ

കോളനിക്കാരോട് നിരുപാധികം മാപ്പ് പറയുകയും സാമ്രാജ്യത്വ കിരീടം സേവിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തവരുടെ അനുയായികളാണ് ഇന്ന് ഭരണത്തിന് ചുക്കാന്‍ പിടിക്കുന്നത്: മുഖ്യമന്ത്രി

പ്രതിപക്ഷ ഐക്യം വിളമ്പരം

ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു യൂണിഫോം– ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങളിലുടെ ഫെഡറല്‍ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണുണ്ടാക്കുന്നത് 

ഹൈദ്രാബാദ്: ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക്, കേന്ദ്രഭരണത്തിന് ചുക്കാന്‍ പിടിക്കുന്നവരില്‍ നിന്ന് തുടര്‍ച്ചയായി ഭീഷണികള്‍ നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയില്‍ ബി ആര്‍ എസിന്റെ നേതൃത്വത്തില്‍ നടന്ന മഹാറാലിയല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു യൂണിഫോം– ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങളിലുടെ ഫെഡറല്‍ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണുണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലാത്ത ഒരു രാഷ്ട്രീയ രൂപീകരണം രാജ്യത്ത് അധികാരത്തിലിരിക്കുന്ന ഒരു പ്രത്യേക സാഹചര്യമാണ് ഇന്ന് നമുക്കുള്ളത്. കോളനിക്കാരോട് നിരുപാധികം മാപ്പ് പറയുകയും സാമ്രാജ്യത്വ കിരീടം സേവിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തവരുടെ അനുയായികളാണ് ഇന്ന് ഭരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.
കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിന്റെ മൂല്യങ്ങളോട് അവര്‍ വിരോധികളായിരുന്നു. മതേതരത്വം, ജനാധിപത്യം, ഫെഡറല്‍ ഘടന, സാമൂഹ്യനീതി, സമത്വം തുടങ്ങിയ ആശയങ്ങള്‍ അതിലൂടെ പ്രചോദിപ്പിക്കപ്പെടുകയും പിന്നീട് നമ്മുടെ സ്വാതന്ത്ര്യസമരം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
തെലുങ്കാ സര്‍ക്കാര്‍ സമാന ചിന്താഗതിക്കാരായ വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരെ പങ്കെടുപ്പിച്ചു സംഘടിപ്പിച്ച റാലിയില്‍ ഖമ്മം ജില്ലയ്ക്കായി പുതുതായി നിര്‍മ്മിച്ച കളക്‌ട്രേറ്റും,സാര്‍വത്രിക നേത്രപരിശോധനാ പരിപാടിയായ കാന്തി വെലുഗു രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും നടന്നു. ഈ രാജ്യത്തെ ജനങ്ങളുടെ ഭാവിക്കുവേണ്ടിയുള്ള ഈ മഹത്തായ ഉദ്യമത്തില്‍ ഇത്തരത്തിലുള്ള ഒരു ജനകീയ മുന്നേറ്റം നടത്താനും സമാന ചിന്താഗതിക്കാരായ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും നേതാക്കളെയും പങ്കാളികളാക്കാനും മുന്‍കൈയെടുത്തതിന് തെലങ്കാന മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തും.
തെലങ്കാനയിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാരും ഭരണവും പൊതു സേവനങ്ങളും മെച്ചപ്പെടുത്തുന്നു. തെലങ്കാന സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ ജനപക്ഷ സംരംഭങ്ങളിലും കേരളവും അവിടുത്തെ ജനങ്ങളും ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭരണത്തിന്റെ വികേന്ദ്രീകരണം കെസിആര്‍ ഭരണത്തിന്റെ മുഖമുദ്രയാണ്. അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ കാലത്ത് കലക്ടറേറ്റുകള്‍ അത്യാധുനിക സംയോജിത ജില്ലാ ഓഫീസ് കോംപ്ലക്‌സുകളായി മാറി. ജനങ്ങളുടെ സൗകര്യാര്‍ത്ഥം എല്ലാ ജില്ലാ വകുപ്പുകളും അവയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. പിന്നെ, കാന്തിവെളുഗു പരിപാടിയുടെ കാര്യമെടുത്താല്‍, നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു ജനകീയ നേത്രപരിശോധനാ പരിപാടി നടന്നിട്ടില്ല. കാന്തി വെലുഗു എന്നാല്‍ കണ്ണുകള്‍ക്ക് വെളിച്ചം അല്ലെങ്കില്‍ വഴി കാണിക്കുന്ന ടോര്‍ച്ച് ലൈറ്റ് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇന്ന് ഈ പൊതുയോഗത്തിലൂടെ നാം രാജ്യത്തിന്റെ മുന്നോട്ടുള്ള പാത കാണിക്കുകയാണ്. ജനകീയ സമരങ്ങളുടെ നാടായ തെലങ്കാനയില്‍ ഒരിക്കല്‍ കൂടി ഇവിടെയെത്താന്‍ കഴിഞ്ഞത് അഭിമാനകരമാണ്. 1940കളുടെ അവസാനത്തില്‍ തെലങ്കാനയിലെ കര്‍ഷകരുടെ വീരോചിതമായ പോരാട്ടമാണ് ഭൂപരിഷ്‌കരണ വിഷയം രാജ്യത്തിന്റെ അജണ്ടയില്‍ പ്രതിഷ്ഠിച്ചത്. വൈവിധ്യമാര്‍ന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഇത്തരം നിരവധി ജനകീയ സമരങ്ങള്‍ നമ്മുടെ മഹത്തായ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നടത്തിയിട്ടുണ്ട്. നൂറ്റാണ്ടുകള്‍ നീണ്ട ഇത്തരം സമരങ്ങള്‍ക്കൊടുവിലാണ് നമ്മുടെ രാജ്യം കോളനിക്കാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത്. ഖമ്മം ജില്ലയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മന്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മറ്റ് ദേശീയ നേതാക്കള്‍ പങ്കെടുത്തു.