കൗമാരക്കാരില്‍ ലിംഗ സമത്വത്തെക്കുറിച്ച് ബോധ്യമുണ്ടാകണം : മന്ത്രി

തിരുവനന്തപുരം: പ്രണയത്തിന്റെ അടിസ്ഥാനം പരസ്പര ബഹുമാനമാണെന്നും പ്രണയ ബന്ധങ്ങളിലെ നീരസങ്ങളില്‍ ഒരു വ്യക്തിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നും ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ലഹരിക്കെതിരെയും പ്രണയപ്പകയ്‌ക്കെതിരെയും ലിംഗ അസമത്വത്തിനെതിരെയും ‘കൗമാരം കരുത്താക്കൂ’ എന്ന പേരില്‍ സംസഥാന വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന ബോധവത്ക്കരണ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലഹരി ഉപഭോഗം വ്യക്തികളെയും സമൂഹത്തെയും ഒരുപോലെ ദോഷകരമായി ബാധിക്കുന്നുവെന്നും ഇത്തരം പ്രശ്‌നങ്ങളില്‍പ്പെട്ട് പോയവരെ തിരികെയെത്തിക്കാന്‍ തുറന്ന ഇടങ്ങളുണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സാമൂഹിക പ്രതിബദ്ധതയുള്ള പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ കൂട്ടായ പ്രവര്‍ത്തനം നടത്തേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. കൗമാര പ്രായത്തില്‍ തന്നെ ലിംഗാവബോധം, ലഹരി വിരുദ്ധ മനോഭാവം തുടങ്ങിയവ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറി കെ. വിദ്യാധരന്‍ സാമൂഹിക പ്രതിബദ്ധതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി രാജന്‍, ജന്‍ഡര്‍ കണ്‍സല്‍ട്ടന്റ് റ്റി കെ ആനന്ദി, വനിതാ ശിശു വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സോഫി ജേക്കബ്, കേരള വനിതാ കമ്മീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ശ്രീകാന്ത് എം ഗിരിനാഥ് എന്നിവര്‍ പ്രസംഗിച്ചു.